വനിതാ കമാന്റർമാരെ സൈന്യത്തിലെ പുരുഷന്മാർ അംഗീകരിക്കില്ലെന്ന് കേന്ദ്രസർക്കാർ

By Web TeamFirst Published Feb 5, 2020, 11:28 AM IST
Highlights

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീനാക്ഷി ലേഖി, ഐശ്വര്യ ഭാട്ടി എന്നിവർ കേന്ദ്രസർക്കാരിന്റെ വാദത്തെ എതിർത്തു

ദില്ലി: സൈന്യത്തിൽ വനിതാ കമാന്റർമാരെ നിയമിക്കാത്തത്, പുരുഷന്മാർ അംഗീകരിക്കാത്തത് കൊണ്ടാണെന്ന് കേന്ദ്ര സർക്കാർ. സുപ്രീം കോടതിയിലാണ് കേന്ദ്രസർക്കാർ ഇക്കാര്യം വ്യക്തമാക്കിയത്. കുടുംബത്തിൽ സ്ത്രീകളുടെ പ്രാധാന്യത്തെ ചൂണ്ടിക്കാട്ടിയ കേന്ദ്രസർക്കാർ, വനിത ഓഫീസർമാരെ യുദ്ധ തടവുകാരാക്കുന്നത് ഒഴിവാക്കാനാണ് ഇവരെ കമാന്റർ പോസ്റ്റിൽ നിയമിക്കാത്തതെന്നും വിശദീകരിച്ചു.

കമാന്റർ പോസ്റ്റിലേക്ക് നിയമനം ലഭിക്കാത്ത സാഹചര്യത്തിൽ ചില വനിതാ ഓഫീസർമാർ നൽകിയ ഹർജിയിലാണ് സർക്കാർ വിശദീകരണം. ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ള, പുരുഷാധിപത്യ സാമൂഹത്തിൽ നിന്ന് വന്ന സൈനികർക്ക് വനിതകളെ മാനസികമായി അംഗീകരിക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് കേന്ദ്രസർക്കാർ വിശദീകരിച്ചു. പ്രസവാവധി, മാതൃത്വം, വീട്ടിലെ ചുമതലകൾ എന്നിവ കൂടിയാകുമ്പോൾ സ്ത്രീകൾക്ക് കമാന്റർമാരായിരിക്കുക ദുഷ്കരമായിരിക്കുമെന്നും കേന്ദ്രസർക്കാർ ചൂണ്ടിക്കാട്ടി.

ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, അജയ് രസ്തോഗി എന്നിവർ ഉൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മീനാക്ഷി ലേഖി, ഐശ്വര്യ ഭാട്ടി എന്നിവർ കേന്ദ്രസർക്കാരിന്റെ വാദത്തെ എതിർത്തു. അഭിനന്ദൻ വർത്തമാൻ പാക്കിസ്ഥാന്റെ എഫ് 16 വിമാനം തകർത്തപ്പോൾ ഫ്ലൈറ്റ് കൺട്രോളറായിരുന്നത് മിന്റി അഗർവാൾ എന്ന സ്ത്രീയാണെന്ന് അവർ ചൂണ്ടിക്കാട്ടി. ദൗത്യത്തിന് മിന്റിക്ക് യുദ്ധ സേവാ മെഡൽ നൽകിയതും അവർ എടുത്തുപറഞ്ഞു. ഇത്തരം സന്ദർഭങ്ങളിൽ ഉയർന്ന ധീരത പ്രകടിപ്പിക്കന്നവരാണ് സൈന്യത്തിലെ സ്ത്രീകളെന്ന് ഇരുവരും എടുത്തുപറഞ്ഞു.

എന്നാൽ സൈന്യത്തിലെ ജോലി ഉയർന്ന തോതിലുള്ള ആത്മാർപ്പണവും ത്യാഗമനോഭാവവും ആവശ്യമായതാണെന്ന് കേന്ദ്രസർക്കാർ വാദിച്ചു. 14 വർഷം സേവനം നടത്തിയവർക്ക് പെർമനന്റ് കമ്മിഷൻ നൽകാൻ തയ്യാറാണെന്ന് കേന്ദ്രസർക്കാർ അറിയിച്ചു. ഇവർക്ക് പെർമനന്റ് കമ്മിഷൻ ഇല്ലാതെ 20 വർഷം വരെ സർവ്വീസിൽ തുടരാം, അത് കഴിഞ്ഞാൽ പെൻഷൻ ആനുകൂല്യങ്ങളോടെ സർവ്വീസിൽ നിന്ന് വിടുതൽ നൽകുമെന്നും കേന്ദ്രം വ്യക്തമാക്കി.

രാജ്യസുരക്ഷയുമായും അതിന്റെ പ്രവർത്തന കാര്യക്ഷമതയുമായും ബന്ധപ്പെട്ട എല്ലാ ഘടകങ്ങളും പരിശോധിച്ചാണ് കേന്ദ്രസർക്കാർ നയം രൂപീകരിച്ചതെന്ന് അഭിഭാഷകർ വാദിച്ചു. സ്ത്രീകൾ യുദ്ധത്തടവുകാരാവുന്ന സന്ദർഭം ഉണ്ടായാൽ കേന്ദ്രസർക്കാരിനും സൈനിക വിഭാഗങ്ങൾക്കും അത് അത്യധികം ഉയർന്ന മാനസിക പിരിമുറുക്കം ഉണ്ടാക്കുമെന്നും മുതിർന്ന അഭിഭാഷകനായ ബാലസുബ്രഹ്മണ്യൻ കോടതിയിൽ പറഞ്ഞു.

എന്നാൽ പൊലീസ് സേനയിലും സ്ത്രീകളെ ഉൾപ്പെടുത്തുന്നതിന് ആദ്യം തടസവാദങ്ങൾ ഉയർന്നിരുന്നുവെന്ന് കോടതി പറഞ്ഞു. കാലം മാറുന്നതിനനുസരിച്ച് ചിന്താഗതിയിലും മാറ്റം വരണം. നിങ്ങൾ അവർക്ക് (സ്ത്രീകൾക്ക്) അവസരം നൽകൂ, അവരുടെ മികവ് അവർ പ്രവർത്തിച്ച് തെളിയിക്കും എന്നും കോടതി പറഞ്ഞു. സൈന്യം വനിതകളെ കമ്മാന്റർ തസ്തികയിൽ നിന്ന് പൂർണ്ണമായും നീക്കിനിർത്തരുതെന്ന നിലപാടാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡും അജയ് രസ്തോഗിയും സ്വീകരിച്ചത്.

click me!