
ജോധ്പൂര്‍: വ്യോമസേനയ്ക്ക് കരുത്തായി ഇന്ത്യ തദ്ദേശീയമായി നിർമ്മിച്ച ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്ററുകളായ പ്രചണ്ഡ് എത്തി. ജോധ്പൂരിൽ വെച്ച് നടന്ന ചടങ്ങിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗാണ് ഹെലികോപ്റ്ററുകൾ വ്യോമസേനയ്‌ക്ക് കൈമാറിയത്. രാജ്നാഥ് സിംഗിന് പുറമെ ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഐ എ എഫ് ചീഫ് എയർ ചീഫ് മാർഷൽ വി ആർ ചൗധരി എന്നിവരും ചടങ്ങിൽ പങ്കെടുത്തു. പ്രതിരോധ നിർമ്മാണമേഖലയിലെ ഇന്ത്യയുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന സുപ്രധാന സന്ദർഭമാണിതെന്ന് രാജ്‌നാഥ് സിംഗ് പറഞ്ഞു. പ്രചണ്ഡ് ഹെലികോപ്റ്ററുകൾ അതിർത്തിമേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി. തുടർന്ന് രാജ്നാഥ് സിങ്ങ് വ്യോമസേന പൈലറ്റുമാർക്കൊപ്പം ഹെലികോപ്ടറ്ററുകൾ പറത്തി. തുടർന്ന് വ്യോമാഭ്യാസവും നടന്നു.
അതിതീവ്രം , അത്യുഗ്രം എന്നാണ് പ്രചണ്ഡ് എന്ന വാക്കിന് അർത്ഥം. ഉയരമുള്ള പ്രദേശങ്ങളിൽ ശത്രുക്കൾക്കെതിരെ പോരാടാനും , ടാങ്കുകൾ , ബങ്കറുകൾ, ഡ്രോണുകൾ , എന്നിവയെ ആക്രമിക്കാനും ഈ കോംബാറ്റ് ഹെലികോപ്റ്റർ സഹായിക്കും . 16400 അടി ഉയരത്തില്‍ ആയുധങ്ങളും ഇന്ധനവുമായി പറക്കാന്‍ ഈ ഹെലികോപ്റ്ററിനാകും. 3, 887 കോടി രൂപ ചെലവില്‍ തദ്ദേശീയമായി വികസിപ്പിച്ച 15 ലിമിറ്റഡ് സീരീസിൽ പത്തെണ്ണം വ്യോമസേനയ്ക്കും അഞ്ചെണ്ണം കരസേനയ്കക്കുമാണ് കൈമാറുന്നത്. ലഡാക്ക് അടക്കം ചൈനീസ് അതിർത്തി മേഖലയിലെ വെല്ലുവിളികൾ നേരിടാൻ സജ്ജമാണ് ഈ ഹെലികോപ്റ്ററുകൾ.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam