
ദില്ലി: വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കർഷകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗിനെ നിയോഗിച്ചതായി റിപ്പോർട്ട്. നിയമം പിൻവലിക്കാൻ സർക്കാർ തയ്യാറാകില്ല, താങ്ങുവിലയുടെ കാര്യത്തിൽ ഉറപ്പ് നൽകാനാണ് തീരുമാനം. തീരുമാനമെടുക്കാൻ ദില്ലിയിൽ ചേർന്ന ഉന്നതതലയോഗം അവസാനിച്ചു.
കാര്‍ഷിക നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള കർഷക സമരം ചർച്ച ചെയ്യാൻ കേന്ദ്ര സർക്കാർ വിളിച്ച് യോഗത്തിലേക്ക് 32 കർഷക സംഘടനകൾക്ക് മാത്രമാണ് ക്ഷണം നൽകിയിട്ടുള്ളത്. അഞ്ഞൂറോളം കർഷക സംഘടനകളിൽ നിന്നും 32 കർഷക സംഘടനകളെ മാത്രം ചർച്ചയ്ക്ക് വിളിച്ചതിൽ പ്രതിഷേധം ഉയരുന്നുണ്ട്. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേന്ദ്രം യോഗം വിളിച്ചത്.
കര്‍ഷകരുടെ ദില്ലി ചലോ മാര്‍ച്ച് ഇന്ന് ആറാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കര്‍ഷക നേതാക്കളുമായി ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഫോണിൽ സംസാരിച്ചിരുന്നു. കേന്ദ്ര സർക്കാരിന്‍റെ ഉപാധികൾ തള്ളി കർഷകസമരം കൂടുതൽ ശക്തമായതോടെയാണ് അമിത് ഷാ തന്നെയാണ് അനുനയ നീക്കം ആരംഭിച്ചത്.
മോദി സർക്കാർ കൊണ്ടുവന്ന കാർഷിക പരിഷ്കരണ നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് തുടങ്ങിയ ദില്ലി ചലോ മാർച്ച് കഴിഞ്ഞ ദിവസം വലിയ സംഘർഷങ്ങൾക്ക് വഴിവെച്ചിരുന്നു. ഒരു മാസത്തേക്കുള്ള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ദില്ലി ചലോ പ്രക്ഷോഭത്തിനായി എത്തിയിരിക്കുന്നത്. ചില സംസ്ഥാനങ്ങളിലെ കർഷകർ ദില്ലിയിലെത്തുമെന്ന് സമര നേതാക്കൾ പ്രഖ്യാപിച്ചതോടെ ജന്തർ മന്തർ, ഇന്ത്യ ഗേറ്റ് എന്നിവിടങ്ങളിൽ കൂടുതൽ കേന്ദ്രസേനയേയും പൊലീസിനെയും വിന്യസിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam