ബിജെപിയുടെ ഉദയത്തിന് വഴിയൊരുക്കിയ രാമക്ഷേത്ര പ്രക്ഷോഭം; 'അയോധ്യ'യിലെ രാഷ്ട്രീയം

By Web TeamFirst Published Nov 9, 2019, 6:00 AM IST
Highlights

മണ്ഡൽകമ്മീഷൻ റിപ്പോർട്ടിലൂടെ വി പി സിംഗ് ഇന്ത്യൻ രാഷ്ട്രീയം മാറ്റുന്നതിന് തൊട്ടുമുമ്പാണ് ബിജെപി വിഷയം ഏറ്റെടുത്തത്. അതുവരെ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങിയ ബിജെപി ദേശീയതലത്തിൽ വലിയ ശക്തിയായി. എല്‍ കെ അദ്വാനിയുടെ രഥയാത്ര ഇന്ത്യൻ രാഷ്ട്രീയത്തില്‍  പുതിയ പാഠങ്ങൾ എഴുതിച്ചേര്‍ത്തു

ദില്ലി: അയോധ്യ പോലെ ഇന്ത്യൻ രാഷ്ട്രീയത്തെ സ്വാധീനിച്ച മറ്റൊരു വിഷയം ഇല്ല. ബിജെപിയുടെ ഉദയത്തിന് അയോധ്യയിലെ രാമക്ഷേത്ര പ്രക്ഷോഭം വഴിതെളിച്ചു. സുപ്രീം കോടതി വിധി എന്തായാലും കേന്ദ്ര സർക്കാരും സംഘപരിവാറും സ്വീകരിക്കുന്ന തുടർനിലപാടുകളും പ്രധാനമാകും. അയോധ്യാ വ്യവഹാരത്തിന് ഒന്നര നൂറ്റാണ്ടിൻറെ ചരിത്രം പറയാനുണ്ട്.

എന്നാൽ, ഇന്ത്യയുടെ മുഖ്യധാരയിലേക്ക് ഈ വിഷയം വന്നത് എൺപതുകളില്‍ മാത്രമാണ്. വിശ്വഹിന്ദുപരിഷത്തായിരുന്നു അയോധ്യാ പ്രക്ഷോഭത്തിൻറെ മുൻനിരയിൽ. മണ്ഡൽകമ്മീഷൻ റിപ്പോർട്ടിലൂടെ വി പി സിംഗ് ഇന്ത്യൻ രാഷ്ട്രീയം മാറ്റുന്നതിന് തൊട്ടുമുമ്പാണ് ബിജെപി വിഷയം ഏറ്റെടുത്തത്.

അതുവരെ ചില സംസ്ഥാനങ്ങളിൽ ഒതുങ്ങിയ ബിജെപി ദേശീയതലത്തിൽ വലിയ ശക്തിയായി. എല്‍ കെ അദ്വാനിയുടെ രഥയാത്ര ഇന്ത്യൻ രാഷ്ട്രീയത്തില്‍  പുതിയ പാഠങ്ങൾ എഴുതിച്ചേര്‍ത്തു. ധ്രുവീകരണം വലിയ രാഷ്ട്രീയ ആയുധമായി. ബിജെപിയെ തടഞ്ഞ് ലാലുപ്രസാദ് യാദവും മുലായംസിംഗ് യാദവും രണ്ട് വലിയ സംസ്ഥാനങ്ങളിലെ ന്യൂനപക്ഷ പിന്തുണ നേടി.

ബാബ്റി മസ്ദിൻറെ തകർച്ച തടയാൻ നരസിംഹറാവുവിന് കഴിയാത്തതും ഉത്തരേന്ത്യയിൽ കോൺഗ്രസിനെ ദുർബലമാക്കി. ബിജെപി എന്നും ഒരു വശത്ത് നില്ക്കുന്ന രാഷ്ട്രീയമാണ് പിന്നീട് ഇന്ത്യ കണ്ടത്. അയോധ്യ പ്രക്ഷോഭത്തിൻറെ മുൻനിരയിലുണ്ടായിരുന്ന നേതാക്കൾ അധികാരത്തിലേക്ക് അധികം വൈകാതെ വന്നു.

എന്നാല്‍, നരേന്ദ്ര മോദി അയോധ്യ വിഷയം തെരഞ്ഞെടുപ്പുകളിയില്‍ മുഖ്യവിഷയമാക്കിയില്ല. പക്ഷേ, അയോധ്യ ഉയർത്തിയുള്ള പ്രക്ഷോഭം ഉഴുതിട്ട മണ്ണിലാണ് മോദിയുടെയും രാഷ്ട്രീയ ഉദയമുണ്ടായത്. എ ബി വാജ്പേയി ഒരിക്കൽ അയോധ്യയിൽ മധ്യസ്ഥതയ്ക്ക് ശ്രമിച്ചതാണ്. ഇപ്പോൾ സുപ്രീം കോടതിയും അത്തരമൊരു ശ്രമം നടത്തിയ ശേഷമാണ് വിധി പറയാൻ പോകുന്നത്.

ഈ വിധി എന്തായാലും പ്രക്ഷോഭം അവസാനിപ്പിക്കാൻ സംഘപരിവാർ തയ്യാറാകുമോ? അലഹബാദ് ഹൈക്കോടതി വിധി വന്നസമയം കേന്ദ്രത്തിൽ അധികാരം കോൺഗ്രസിനായിരുന്നു. സുപ്രീം കോടതി വിധി വരുമ്പോൾ പ്രധാനമന്ത്രി കസേരയിൽ നരേന്ദ്ര മോദി. കേന്ദ്രത്തിന് വിധിക്കു ശേഷം സുപ്രധാന പങ്ക് അയോധ്യയിലുണ്ടാകും. ആ പങ്ക് രാഷ്ട്രീയ ആയുധമാക്കി മാറ്റുമോ എന്നതറിയാൻ കാത്തിരിക്കാം.

click me!