അപൂർവ നിമിഷത്തിന് സാക്ഷ്യം വഹിച്ച് ഐഐടി മദ്രാസ്; ഒരുമിച്ച് പഠിച്ച് ഒരേ വേദിയിൽ ബിരുദം ഏറ്റുവാങ്ങി അമ്മയും മകനും

Published : Jul 13, 2026, 07:28 PM IST
IIT Madras

Synopsis

ഒരേ കോഴ്സ് വിജയകരമായി പൂർത്തിയാക്കി, ഒരേ വേദിയിൽ ഒരുമിച്ച് ബിരുദം ഏറ്റുവാങ്ങാൻ 45കാരിയായ അമ്മയും 21കാരനായ മകനുമെത്തി. ഐഐടി മദ്രാസിന്റെ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമാണ് ഇരുവരും വിജയകരമായി പൂർത്തിയാക്കിയത്.

ചെന്നൈ: ഒരു അപൂർവ നിമിഷത്തിനാണ് ഐഐടി മദ്രാസിന്‍റെ ഏറ്റവും പുതിയ ബിരുദദാന ചടങ്ങ് സാക്ഷ്യം വഹിച്ചത്. ഒരേ കോഴ്സ് വിജയകരമായി പൂർത്തിയാക്കി, ഒരേ വേദിയിൽ ഒരുമിച്ച് ബിരുദം ഏറ്റുവാങ്ങാൻ 45കാരിയായ അമ്മയും 21കാരനായ മകനുമെത്തി. ഐഐടി മദ്രാസിന്റെ ഓൺലൈൻ ഡാറ്റാ സയൻസ് പ്രോഗ്രാമാണ് ഇരുവരും വിജയകരമായി പൂർത്തിയാക്കിയത്.

ഗുജറാത്തിലെ ബറൂച്ചിൽ ഒരു എഞ്ചിനീയറിങ് കോളേജിൽ 16 വർഷത്തോളം ഇലക്ട്രോണിക്സ് അധ്യാപികയായിരുന്ന ജിഗിഷ ടെയ്‍ലറും മകൻ ആദിത്യ കപാഡിയയുമാണ് ബിരുദദാന ചടങ്ങിൽ താരങ്ങളായി മാറിയ അമ്മയും മകനും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ കാരണം 2019-ൽ ജിഗിഷ ജോലി ഉപേക്ഷിച്ചു. മൂന്ന് വർഷത്തിന് ശേഷം, മകന്റെ കടുത്ത നിർബന്ധത്തിനും പ്രോത്സാഹനത്തിനും വഴങ്ങിയാണ് അവർ ഐഐടി മദ്രാസിന്റെ ഓൺലൈൻ പ്രോഗ്രാമിൽ ചേർന്ന് വീണ്ടും പഠനത്തിലേക്ക് തിരികെ എത്തിയത്.

കൊവിഡ് മഹാമാരി കാരണം രാജ്യത്തുടനീളമുള്ള കോളേജുകൾ ഓൺലൈൻ പഠനത്തിലേക്ക് മാറിയ 2021ലാണ് ആദിത്യ മദ്രാസ് ഐഐടിയിലെ കോഴ്സിന് ചേർന്നത്. ഡാറ്റാ സയൻസിലും ആർട്ടിഫിഷ്യൽ ഇന്റലിജൻസിലുമുള്ള താല്പര്യം കാരണമാണ് ഈ കോഴ്സ് തെരഞ്ഞെടുത്തതെന്ന് ആദിത്യ പറയുന്നു. വീട്ടിലിരുന്ന് മകൻ പഠിക്കുന്നത് അമ്മ ജിഗിഷ ശ്രദ്ധിക്കാറുണ്ടായിരുന്നു. താൻ പഠിച്ച ഇലക്ട്രോണിക്സ് പശ്ചാത്തലവുമായി ബന്ധമുള്ളതും എന്നാൽ പുത്തൻ ആശയങ്ങൾ നിറഞ്ഞതുമായ കോഴ്സ് അവരെ ആകർഷിച്ചു. മകന്റെ നിർബന്ധപ്രകാരം 2022-ന്റെ അവസാനത്തോടെ അമ്മയും കോഴ്സിൽ ചേർന്നു. ജോലി ചെയ്യുന്നവർക്കും പഠനത്തിലേക്ക് ഇടവേള കഴിഞ്ഞ് മടങ്ങി വരുന്നവർക്കും സ്വന്തം ഇഷ്ട പ്രകാരം കോഴ്സ് തീർക്കാൻ സഹായിക്കുന്ന ഈ ഫ്ലെക്സിബിലിറ്റിയാണ് പ്രോഗ്രാമിന്റെ കരുത്ത് എന്ന് ആദിത്യ പറഞ്ഞു.

പുലർച്ചെ 4:30-ന് ഉണർന്ന് 7 മണി വരെ പഠിച്ച ശേഷമാണ് ജിഗിഷ വീട്ടുജോലികൾ ചെയ്തിരുന്നത്. ഉച്ചയ്ക്ക് ശേഷം വീണ്ടും പഠിക്കും. 'ഈ പ്രായത്തിൽ എന്തിനാണ് പഠിക്കുന്നത്' എന്ന് ചോദിച്ച ബന്ധുക്കളോട് വ്യത്യസ്തമായി എന്തെങ്കിലും ചെയ്യാനാണ് താൻ ആഗ്രഹിക്കുന്നതെന്ന് ജിഗിഷ മറുപടി നൽകി. കാലക്രമേണ ഒരുമിച്ച് പഠിക്കാൻ തുടങ്ങിയെന്ന് അമ്മയും മകനും പറഞ്ഞു. എ ഗ്രേഡ് നേടാൻ ഇരുവരും മത്സരിച്ച് പഠിച്ചു. ഒരു വർഷം നേരത്തെ പഠനം തുടങ്ങിയിരുന്നതിനാൽ മകൻ അമ്മയ്ക്ക് വഴികാട്ടിയായി. 2024-ൽ ആദിത്യ ബിരുദം പൂർത്തിയാക്കി ഡാറ്റാ സയൻസ് ഇന്റേൺ ആയി ജോലി നേടുകയും ചെയ്തു. ഇതേ കാലയളവിൽ കോഴ്സ് പൂർത്തിയാക്കിയെങ്കിലും, തന്റെ ഇളയ മകൻ പന്ത്രണ്ടാം ക്ലാസിൽ പഠിക്കുന്നതിനാൽ അമ്മ ജോലി അന്വേഷണം താല്ക്കാലികമായി മാറ്റിവെച്ചിരിക്കുകയാണ്. വീണ്ടും അധ്യാപനത്തിലേക്ക് മടങ്ങി വരാൻ ആഗ്രഹമുണ്ടെന്ന് അവർ പറഞ്ഞു.

ബിരുദദാന ചടങ്ങിന് മുന്നോടിയായി നടന്ന അത്താഴ വിരുന്നിൽ വെച്ച് ഇവരുടെ കഥയറിഞ്ഞ ഒരു സഹപാഠിയാണ് ഇരുവർക്കും ഒന്നിച്ച് വേദിയിൽ കയറാനുള്ള സൗകര്യമൊരുക്കിയത്. ജിഗിഷയ്ക്ക് ഡിപ്ലോമയും ആദിത്യയ്ക്ക് ബിഎസ് ബിരുദവുമായിരുന്നു നൽകാനുണ്ടായിരുന്നത്. ഒരുമിച്ച് വേദിയിലേക്ക് വിളിക്കുമെന്ന് ഇരുവരും പ്രതീക്ഷിച്ചിരുന്നില്ല. അമ്മയുടെ പഠനത്തിലേക്കുള്ള തിരിച്ചുവരവ് തനിക്ക് വലിയ പ്രചോദനമായിരുന്നുവെന്നും സഹപാഠികളായി ഒന്നിച്ച് ചെലവഴിച്ച സമയം തങ്ങൾക്കിടയിലെ ബന്ധം കൂടുതൽ ശക്തമാക്കിയെന്നും ആദിത്യ പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

Read more Articles on
click me!

Recommended Stories

വിജയ് സർക്കാരിന് ആശ്വാസം, സംസ്ഥാന വ്യാപകമായി ഗോവധ നിരോധനത്തിനുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവിന് സുപ്രീം കോടതി സ്റ്റേ
നാ​ഗാലാൻഡിൽ സ്ഫോടനം; ഐഇഡി പൊട്ടിത്തെറിച്ചത് അസം റൈഫിൾസിൻ്റെ വാഹനത്തിന് സമീപം, ഒരു സൈനികന് വീരമൃത്യു, നാല് സൈനിക‍ർക്ക് പരിക്ക്