
ദില്ലി: ഉത്തര്‍പ്രദേശില്‍ രോഗികള്‍ക്കൊപ്പം ആശുപത്രി കിടക്കയില്‍ എലികള്‍. ഓക്സിജന്‍ പൈപ്പ് ലൈനിലും എലികളുടെ വിളയാട്ടമാണ്. ഉത്തര്‍പ്രദേശ് ഗോണ്ട മെഡിക്കല്‍ കോളേജിലാണ് അമ്പരപ്പിക്കുന്ന കാഴ്ച. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് യോഗി സര്‍ക്കാരിനെതിരെ കോൺഗ്രസ് രൂക്ഷ വിമര്‍ശനമുയര്‍ത്തി.
യോഗി സര്‍ക്കാരിന്‍റെ കാലത്ത് ഉത്തര്‍പ്രദേശില്‍ ആരോഗ്യ രംഗം ഏറെ വളര്‍ന്നുവെന്ന് അവകാശവാദം മുഴക്കുമ്പോഴാണ് ഗോണ്ട സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ അമ്പരപ്പിക്കുന്ന കാഴ്ച പുറത്ത് വന്നത്. ഓര്‍ത്തോ പീഡിക് വാര്‍ഡിലെ കട്ടിലുകളില്‍ രോഗികള്‍ക്കൊപ്പം എലികള്‍, കട്ടിലില്‍ ഓടിക്കളിക്കുന്ന എലികള്‍, ഓക്സിജവന്‍ പൈപ്പ് ലൈനിലും, സമീപം വച്ചിരിക്കുന്ന പാത്രങ്ങളിലുമൊക്കെ എലികള്‍ സ്വൈര്യ വിഹാരം നടത്തുകയാണ്. ആശുപത്രി അധികൃതരോട് കേണ് പറഞ്ഞിട്ടും ഒരു നടപടിയുമുണ്ടാകാതെ വന്നതോടെ ഒരു രോഗിയുടെ കൂട്ടിരിപ്പുകാരന്‍ രംഗം പകര്‍ത്തി സമൂഹമാധ്യമത്തിലിടുകയായിരുന്നു. ദൃശ്യം ഏറ്റെടുത്ത കോണ്‍ഗ്രസ് വലിയ പ്രചാരം നല്‍കി. എലിക്കായി തുറന്ന ആശുപത്രിയെന്ന് പരിഹസിച്ചു.
ദൃശ്യങ്ങള്‍ കണ്ട ജില്ലാ മജിസ്ട്രേറ്റ് വിഷയത്തില്‍ ഇടപെട്ടു. ആശുപത്രി സൂപ്രണ്ടിനോട് വിശദീകരണം തേടി. രോഗികള്‍ക്കായി കൊണ്ടുവരുന്ന ഭക്ഷണത്തിന്‍റെ അവശിഷ്ടങ്ങള്‍ എലികളെ ആകര്‍ഷിക്കുന്നു എന്നായിരുന്നു ആശുപത്രി അധികൃതരുടെ മറുപടി. വാര്‍ഡില്‍ പെസ്റ്റ് കണ്‍ട്രോള്‍ നടത്തിയെന്നും വിശദീകരിച്ചു. വകുപ്പ് തല അന്വേഷണത്തിനും ഉത്തരവിട്ടു. എന്തായാലും ദൃശ്യങ്ങള്‍ യോഗി സര്‍ക്കാരിനും യുപി മോഡല്‍ ഉയര്‍ത്തിപ്പിടിക്കുന്ന കേന്ദ്ര സര്‍ക്കാരിനും നാണക്കേടായിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam