'ശബരിമലയെയും തിരുപ്പതിയെയും തൊടാത്തതെന്ത്?', ദില്ലിയില്‍ ദലിത് ക്ഷേത്രം പൊളിച്ചതിൽ വന്‍ പ്രതിഷേധം

By Web TeamFirst Published Aug 22, 2019, 3:25 PM IST
Highlights

നവംബര്‍ 26നുള്ളില്‍ രവിദാസ് ക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സമരം അവസാനിച്ചത്. സമരത്തിന് ശേഷവും ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി.

ദില്ലി: ദില്ലിയിലെ തുഗ്ലക്കാബാദില്‍ ദലിതര്‍ ആരാധിക്കുന്ന ഗുരു രവിദാസ് മന്ദിര്‍ പൊളിച്ചുനീക്കിയതില്‍ വന്‍ പ്രതിഷേധം. ബുധനാഴ്ചയാണ് ജന്തര്‍മന്ദറില്‍ ആയിരങ്ങള്‍ ഒത്തുകൂടിയത്. സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്നാണ് ഈ മാസം 10ന് രവിദാസ് ക്ഷേത്രം ദില്ലി വികസന അതോറിറ്റി തകര്‍ത്തത്. പ്രതിഷേധത്തെ തുടര്‍ന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് അടക്കമുള്ള 90 പേരെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആയിരക്കണക്കിന് ദലിത് പ്രക്ഷോഭകര്‍ ക്ഷേത്രം തകര്‍ത്തതിനെതിരെ രംഗത്തിറങ്ങി.

പഞ്ചാബ്, ഹരിയാന, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍നിന്ന് പ്രക്ഷോഭകര്‍ ദില്ലിയിലെത്തി. അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കണമെന്ന് വര്‍ഷങ്ങളായി പറയുന്നവരോടാണ് 500 വര്‍ഷം പഴക്കമുള്ള രവിദാസ് ക്ഷേത്രം വിശ്വാസികള്‍ക്ക് പുനര്‍നിര്‍മിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെടുന്നത്. ദലിതരുടെ കാര്യം വരുമ്പോള്‍ എന്തുകൊണ്ടാണ് നിങ്ങള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുന്നതെന്നും ആള്‍ ഇന്ത്യ അംബേദ്കര്‍ മഹാസഭ പ്രസിഡന്‍റ് രാകേഷ് ബഹാദുര്‍ വ്യക്തമാക്കി.

നവംബര്‍ 26നുള്ളില്‍ രവിദാസ് ക്ഷേത്രം പുനര്‍നിര്‍മിച്ചില്ലെങ്കില്‍ രാജ്യവ്യാപകമായി പ്രക്ഷോഭം നടത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയാണ് സമരം അവസാനിച്ചത്. സമരത്തിന് ശേഷവും ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ പ്രക്ഷോഭകരും പൊലീസും ഏറ്റുമുട്ടി. തങ്ങള്‍ക്ക് നേരെ പൊലീസ് വെടിവച്ചെന്ന് പ്രക്ഷോഭകര്‍ ആരോപിച്ചു. ക്ഷേത്രം സംരക്ഷിത ഭൂമിയിലാണ് നില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പൊളിച്ചുമാറ്റാന്‍ സുപ്രീം കോടതി ഉത്തരവിട്ടത്. 

സുപ്രീം കോടതിയുടെ നടപടിക്കെതിരെയും ദലിത് ആക്ടിവിസ്റ്റുകള്‍ രംഗത്തുവന്നു. ശബരിമലയും തിരുപ്പതിയും ജഗ്ഗി വാസുദേവിന്‍റെ കോയമ്പത്തൂരിലെ ആശ്രമവും മല്ലികാര്‍ജുന ജ്യോതിര്‍ ലിംഗവും വനഭൂമിയിലാണെന്നും ഇതേ നിയമമാണെങ്കില്‍ ഈ ക്ഷേത്രങ്ങള്‍ എന്തുകൊണ്ടാണ് പൊളിച്ചു നീക്കാത്തതെന്നും ആന്ധ്രപ്രദേശിലെ ദലിത് ആക്ടിവിസ്റ്റ് ബിനോയ് കൊറിവി പറഞ്ഞു. 26ഓളം ദലിത് സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടന്നത്. ദില്ലിയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ദലിത് സമരം രാഷ്ട്രീയ ആയുധമാകും.

दिल्ली के तुगलकाबाद क्षेत्र में बना सन्त रविदास मन्दिर केन्द्र व दिल्ली सरकार की मिली-भगत से गिरवाये जाने का बी.एस.पी. ने सख्त विरोध किया। इससे इनकी आज भी हमारे सन्तों के प्रति हीन व जातिवादी मानसिकता साफ झलकती है।

— Mayawati (@Mayawati)
click me!