Asianet News MalayalamAsianet News Malayalam

കണക്കിലെ കളിയിൽ ഷിൻഡെയ്ക്ക് ജയം! 55-ൽ 40 എംഎൽഎമാരും ഒപ്പം, ഉദ്ധവ് ക്യാമ്പിൽ നിരാശ

ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയുമായി ലയിക്കാനോ പാർട്ടിയിൽ നിന്ന് വിട്ടുപോകാനോ തീരുമാനിച്ചാലേ, കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് നടപടി വരാതിരിക്കൂ. അതല്ലെങ്കിൽ അയോഗ്യരാക്കപ്പെടും.

Maharashtra Crisis Numbers In Assembly Positive For Eknath Shinde
Author
Guwahati, First Published Jun 23, 2022, 11:07 AM IST

മുംബൈ/ ഗുവാഹത്തി: മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സർക്കാരിന്‍റെ നിമിഷങ്ങൾ എണ്ണപ്പെട്ടുവെന്ന് തീർച്ചയാവുകയാണ്. ശിവസേനയുടെ ആകെ 55 എംഎൽഎമാരിൽ 40 പേരും വിമതനേതാവ് ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പമാണെന്ന് ഉറപ്പായി. ഇന്ന് രാവിലെ മാത്രം ഏഴ് ശിവസേന എംഎൽഎമാരാണ് മുംബൈയിൽ നിന്ന് ഗുവാഹത്തിയിലെ പഞ്ചനക്ഷത്രഹോട്ടലായ റാഡിസൺ ബ്ലൂവിലേക്ക് എത്തിയത്. കനത്ത സുരക്ഷയാണ് കേന്ദ്ര - സംസ്ഥാനസേനകൾ ഈ എംഎൽഎമാർക്കായി ഒരുക്കിയിരിക്കുന്നത്. ഏക്നാഥ് ഷിൻഡെയ്ക്ക് ആശ്വസിക്കാം. കൂറ് മാറ്റനിരോധനനിയമം അനുസരിച്ച് നടപടി വരില്ല. ബിജെപിക്ക് സന്തോഷിക്കാം, പാർട്ടിക്ക് വലിയൊരു മുറിവേൽപ്പിച്ചുകൊണ്ട് മഹാരാഷ്ട്രയിലെ അധികാരം പിടിച്ചെടുത്ത ശിവസേന - എൻസിപി - കോൺഗ്രസ് സഖ്യമായ മഹാവികാസ് അഘാഡിയ്ക്ക് വിള്ളൽ വീണിരിക്കുന്നു. ശിവസേനയിലെ അതൃപ്തരെ വിജയകരമായി താക്കറെ ക്യാമ്പിന് പുറത്തേക്ക് കൊണ്ടുവരാൻ ബിജെപിയുടെ 'മഹാ ഓപ്പറേഷൻ കമലയ്ക്ക്' കഴിഞ്ഞു. 

ആദ്യം 21 എംഎൽഎമാർ മാത്രമാണ് സൂറത്തിലെ ഹോട്ടലിലേക്ക് മാറുമ്പോൾ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാൽപ്പതിലധികം പേർ ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സൂറത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം കുടുംബസമേതമാണ് പല എംഎൽഎമാരും താമസിക്കാൻ എത്തിയിരിക്കുന്നത്. 

ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയുമായി ലയിക്കാനോ പാർട്ടിയിൽ നിന്ന് വിട്ടുപോകാനോ തീരുമാനിച്ചാലേ, കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് നടപടി വരാതിരിക്കൂ. അതല്ലെങ്കിൽ അയോഗ്യരാക്കപ്പെടും. അതായത്, നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. ബിജെപിയുമായി ലയിക്കാൻ തീരുമാനിക്കുകയാണെങ്കിൽ 37 എംഎൽഎമാരെങ്കിലും (55-ന്‍റെ മൂന്നിലൊന്ന്) ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം. അതല്ലെങ്കിൽ കൂറുമാറ്റനിരോധനനിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അയോഗ്യരാക്കപ്പെടുന്നത് അടക്കമുള്ള നടപടി വരാം. പുതിയ കണക്കുകൾ പരിശോധിച്ചാൽ ആ കടമ്പ ഷിൻഡെ കടന്നുവെന്നർത്ഥം. 

ബിജെപി എന്തായാലും മഹാരാഷ്ട്ര നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് ആവശ്യപ്പെടുമെന്ന് ഉറപ്പായിരുന്നു. മഹാവികാസ് അഘാഡിയിൽ കടുത്ത അതൃപ്തിയുണ്ടെന്ന് വിലയിരുത്തുന്ന ബിജെപി നേതൃത്വം, ഇതിനുദാഹരണമായി ചൂണ്ടിക്കാണിക്കുന്നത് കഴിഞ്ഞ നിയമസഭാ കൗൺസിൽ വോട്ടെടുപ്പിലുണ്ടായ ക്രോസ് വോട്ടിംഗ് തന്നെയാണ്.

നിയമസഭയിൽ ആകെ സീറ്റ് 288 ആണ്. കേവലഭൂരിപക്ഷത്തിന് വേണ്ടത് 145 അംഗങ്ങളുടെ പിന്തുണയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിലെ കണക്കുകൾ നോക്കിയാൽ മഹാവികാസ് അഘാഡിക്ക് 169 അംഗങ്ങളുണ്ട്. ശിവസേനയ്ക്ക് 56, എൻസിപിക്ക് 53, കോൺഗ്രസിന് 4 എന്നിങ്ങനെയാണ് സീറ്റ് നില. ചെറുപാർട്ടികളും സ്വതന്ത്രരുമായി 16 പേരുടെ കൂടി പിന്തുണയുണ്ട് സർക്കാരിന്. ഇതിൽ ശിവസേനയുടെ ഒരു എംഎൽഎ, രമേശ് ലാത്കെ മരിച്ചു. ആ സീറ്റ് ഒഴിവാണ്. നവാബ് മാലിക്, അനിൽ ദേശ്മുഖ് എന്നിങ്ങനെ രണ്ട് എൻസിപി മന്ത്രിമാർ ജയിലിലാണ്. കള്ളപ്പണക്കേസുമായി ബന്ധപ്പെട്ടാണ് ഇരുവരും അറസ്റ്റിലായത്. അങ്ങനെ കക്ഷിനില നിലവിൽ 166 ആണ് ഭരണമുന്നണിക്ക്.

എൻഡിഎയ്ക്ക് 113 അംഗങ്ങളാണ് നിയമസഭയിലുള്ളത്. ബിജെപിക്ക് 106 എംഎൽഎമാർ. ചെറുപാർട്ടികളുടെ സ്വതന്ത്രരുമായി ഏഴ് പേരുടെ പിന്തുണ കൂടിയുണ്ട് എൻഡിഎയ്ക്ക്.

Read More: കുടുംബസമേതം 3 ശിവസേന എംഎൽഎമാർ കൂടി ഗുവാഹത്തിയിൽ, 'ഷിൻഡെ പേടിച്ചോടി', ആഞ്ഞടിച്ച് 'സാമ്ന'

Follow Us:
Download App:
  • android
  • ios