Asianet News MalayalamAsianet News Malayalam

ഉദ്ധവ് താക്കറെ രാജിയിലേക്ക്, മുഖ്യമന്ത്രിപദവി വേണ്ടെന്ന് ഷിൻഡെ, ബിജെപി ഫോർമുല ഇങ്ങനെ

തനിക്ക് മുഖ്യമന്ത്രിപദം വേണ്ടെന്ന നിലപാടിൽ ഏകനാഥ് ഷിൻഡെ ഉറച്ച് നിൽക്കുകയാണ്. മൂന്നിൽ രണ്ട് പേരുടെയും പിന്തുണയോടെ ബിജെപിയുമായി സഖ്യം പ്രഖ്യാപിക്കാനൊരുങ്ങുന്ന ഷിൻഡെയ്ക്ക് മുന്നിൽ ബിജെപി വച്ച ഫോർമുല ഇങ്ങനെയാണ്. 

Maharashtra Crisis Live Updates Uddhav Thackarey To Resign Today Called Secretary Level Meet At Mathosree
Author
Mumbai, First Published Jun 23, 2022, 12:08 PM IST

മുംബൈ/ ഗുവാഹത്തി: മഹാരാഷ്ട്രയിലെ മഹാരാഷ്ട്രീയനാടകത്തിന് ഇന്നോടെ അന്ത്യമായേക്കും. മുഖ്യമന്ത്രിസ്ഥാനം രാജിവയ്ക്കാൻ ഒരുങ്ങുകയാണ് ഉദ്ധവ് താക്കറെ എന്നാണ് സൂചന. 12.30-യ്ക്ക് വകുപ്പ് സെക്രട്ടറിമാരുടെ യോഗം വിളിച്ചിരിക്കുകയാണ് ഉദ്ധവ്. രാജിക്ക് മുന്നോടിയായുള്ള കൂടിക്കാഴ്ചയാണിതെന്നാണ് വിലയിരുത്തൽ.

അതേസമയം, മുഖ്യമന്ത്രിപദമെന്ന വാഗ്ദാനത്തിന് മുന്നിൽ വീഴില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കുകയാണ് വിമതവിഭാഗത്തിന് ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡെ. രാജിയല്ലാതെ ഉദ്ധവ് താക്കറെയ്ക്ക് മുന്നിൽ വേറെ വഴികളില്ലെന്ന് ഷിൻഡെ പക്ഷം പറയുന്നു. എട്ട് മന്ത്രിസ്ഥാനങ്ങൾ, രണ്ട് സഹമന്ത്രിപദവികൾ, രണ്ട് കേന്ദ്രമന്ത്രിപദവി എന്നിവയാണ് ഷിൻഡേയ്ക്ക് മുന്നിൽ ബിജെപി വച്ചിരിക്കുന്ന ഓഫറുകൾ. നിലവിൽ 40 എംഎൽഎമാരെങ്കിലും ഷിൻഡെ ക്യാമ്പിൽ, ഗുവാഹത്തിയിലെ പഞ്ചനക്ഷത്രഹോട്ടലിലുണ്ടെന്നാണ് വിവരം. 

അതേസമയം, ശിവസേനയുടെ ചിഹ്നം അടക്കം നേടി പാർട്ടിയുടെ ഔദ്യോഗികപക്ഷമാകാൻ ഒരുങ്ങുകയാണ് വിമതർ. ശിവസേന എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗം എംഎൽഎമാരും തങ്ങൾക്കൊപ്പമാണെന്നും, ചിഹ്നം തങ്ങൾക്കനുവദിക്കണമെന്നും ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ വിമതർ സമീപിക്കും. അതേസമയം, ബിജെപിയിലേക്ക് ലയിക്കണമെന്ന ആവശ്യം ഏകനാഥ് ഷിൻഡെ അംഗീകരിച്ചില്ല. ശിവസേന പ്രവർത്തകനായി നിന്നുകൊണ്ട് തന്നെ ബിജെപിയുമായി സഖ്യം ചേർന്ന്, അധികാരത്തിൽ എത്താനാണ് ഷിൻഡെയുടെ നീക്കം. 

അതേസമയം ഗുവാഹത്തിയിലെ ഹോട്ടലിൽ നാടകീയമായ നീക്കങ്ങളാണ് നടക്കുന്നത്. അസമിലെ മന്ത്രി അശോക് സിംഘാൽ ഹോട്ടലിലെത്തി എംഎൽഎമാരെ കാണുകയാണ്. അതേസമയം, ഈ സമയത്ത് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ ഹോട്ടലിന് മുന്നിൽ വലിയ പ്രതിഷേധമാണ് നടത്തിയത്. പ്രളയത്തിൽ അസമടക്കമുള്ള സംസ്ഥാനങ്ങൾ ദുരിതത്തിലായ കാലത്തും കുതിരക്കച്ചവടം നടത്തുകയാണ് ബിജെപിയെന്നാണ് തൃണമൂൽ കോൺഗ്രസിന്‍റെ ആരോപണം. കനത്ത സുരക്ഷയിലുള്ള ഹോട്ടലിന്‍റെ പരിസരത്ത് എത്തിയപ്പോൾത്തന്നെ സ്ത്രീകളടക്കമുള്ള തൃണമൂൽ പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. 

'ഒരു ശിവസൈനികൻ തന്നെ മുഖ്യമന്ത്രിയാകുമെങ്കിൽ സ്ഥാനമൊഴിയാ'മെന്ന വികാരനിർഭരമായ പ്രസംഗവും വസതി ഒഴിയലുമടക്കമുള്ള സമ്മർദ്ദതന്ത്രങ്ങൾ ഫലിക്കുന്നില്ലെന്ന് വേണം കരുതാൻ. ഇന്നലെ രാത്രി ശിവസേനയിലെ വിമതരെല്ലാം ചേർന്ന് ഏകനാഥ് ഷിൻഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തുവെന്ന് കാട്ടി ഗവർണർക്ക് കത്ത് നൽകിയിരുന്നു. 

Read More: കണക്കിലെ കളിയിൽ ഷിൻഡെയ്ക്ക് ജയം! 55-ൽ 40 എംഎൽഎമാരും ഒപ്പം, ഉദ്ധവ് ക്യാമ്പിൽ നിരാശ

അതൃപ്തിയുമായി പവാർ

ദില്ലിയിൽ നിന്ന് പ്രതിപക്ഷപാർട്ടികളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയെ തീരുമാനിക്കാനുള്ള യോഗം ഒഴിവാക്കി മുംബൈയ്ക്ക് പറന്ന എൻസിപി അധ്യക്ഷൻ ശരദ് പവാർ സമവായനീക്കങ്ങൾക്ക് ചുക്കാൻ പിടിക്കുന്നുണ്ട്. പക്ഷേ ഇതൊന്നും ഫലം കാണുന്നില്ലെന്നാണ് സൂചന. ഏകനാഥ് ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയെങ്കിലും സമവായമുണ്ടാക്കണമെന്നാണ് ശിവസേനയ്ക്ക് ശരദ് പവാറിന്‍റെ നിർദേശം. മഹാവികാസ് അഘാഡിയിലെ ഏറ്റവും വലിയ രണ്ടാം കക്ഷിയാണ് എൻസിപി. ശിവസേനയുമായുള്ള സഖ്യം കൊണ്ട് എൻസിപിക്കും കോൺഗ്രസിനും മാത്രമേ ഗുണമുള്ളൂ എന്നും, ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വത്തിൽ നിന്ന് വ്യതിചലിക്കുകയാണ് നിലവിൽ ശിവസേനയെന്നുമാണ് വിമതനീക്കത്തിന് ചുക്കാൻ പിടിച്ച ഏകനാഥ് ഷിൻഡെയുടെ ആരോപണം. 

എൻസിപിയാണ് മഹാരാഷ്ട്രയിൽ ആഭ്യന്തരമന്ത്രിപദവി വഹിക്കുന്നത്. എന്നിട്ട് പോലും മുംബൈ പൊലീസിന് എംഎൽഎമാർ സ്ഥലം വിടുമെന്ന് ഒരു വിവരവും കിട്ടിയില്ലെന്നതിൽ കടുത്ത അതൃപ്തിയുണ്ട് പവാറിന്. ആദ്യം സൂറത്തിലേക്കും പിന്നീട് ഗുവാഹത്തിയിലേക്കും എംഎൽഎമാരെ കൊണ്ടുപോകാൻ പ്രത്യേക വിമാനങ്ങളെത്തിയപ്പോൾപ്പോലും ആ വിവരം പൊലീസറിഞ്ഞില്ല. ഇത് വകുപ്പിന്‍റെ വീഴ്ചയായിത്തന്നെയാണ് ശരദ് പവാർ കണക്കാക്കുന്നത്. 

തന്‍റെ മുന്നിൽ വന്ന് നിന്ന് താനിനി മുഖ്യമന്ത്രിയായി തുടരരുതെന്ന് അസമിലെ ഗുവാഹത്തിയിൽ കഴിയുന്ന എല്ലാ വിമത എംഎൽഎമാരും പറയട്ടെ, എങ്കിൽ താൻ രാജി വയ്ക്കാമെന്നാണ് ഉദ്ധവ് ഇന്നലെ നടത്തിയ വീഡിയോ പ്രസ്താവനയിൽ പറഞ്ഞത്. അവസാനത്തെ സമ്മർദ്ദതന്ത്രം പയറ്റുകയാണ് ഉദ്ധവ്. ശിവസേനയിൽ നിന്ന് രാജി വച്ച് ബിജെപിയുമായി ലയിക്കാൻ ഇപ്പോൾ വിമതപക്ഷത്തുള്ള പല എംഎൽഎമാരും തയ്യാറല്ലെന്നാണ് സൂചന. മാത്രമല്ല, അത്തരമൊരു ലയനം നടന്നാൽത്തന്നെ ഏകനാഥ് ഷിൻഡെ ഉൾപ്പടെ ശിവസേനയിൽ നിന്നൊരാൾ മുഖ്യമന്ത്രിയാകാൻ ഒരു സാധ്യതയുമില്ല. ബിജെപി മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് തന്നെ ആ ചുമതല തിരികെ നൽകാനാണ് സാധ്യത. 

ആദ്യം 21 എംഎൽഎമാർ മാത്രമാണ് സൂറത്തിലെ ഹോട്ടലിലേക്ക് മാറുമ്പോൾ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം ഉണ്ടായിരുന്നതെങ്കിൽ ഇപ്പോൾ നാൽപ്പതിലധികം പേർ ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചു എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ സൂറത്തിൽ നിന്ന് ഗുവാഹത്തിയിലേക്ക് പോയ ഏകനാഥ് ഷിൻഡെയ്ക്ക് ഒപ്പം കുടുംബസമേതമാണ് പല എംഎൽഎമാരും താമസിക്കാൻ എത്തിയിരിക്കുന്നത്. 

ഒരു പാർട്ടിയിലെ മൂന്നിൽ രണ്ട് ഭാഗം ജനപ്രതിനിധികൾ മറ്റൊരു പാർട്ടിയുമായി ലയിക്കാനോ പാർട്ടിയിൽ നിന്ന് വിട്ടുപോകാനോ തീരുമാനിച്ചാലേ, കൂറുമാറ്റ നിരോധനനിയമം അനുസരിച്ച് നടപടി വരാതിരിക്കൂ. അതല്ലെങ്കിൽ അയോഗ്യരാക്കപ്പെടും. അതായത്, നിലവിൽ നിയമസഭയിൽ 55 എംഎൽഎമാരാണ് ശിവസേനയ്ക്കുള്ളത്. ബിജെപിയുമായി ലയിക്കാൻ തീരുമാനിക്കുകയാണെങ്കിൽ 37 എംഎൽഎമാരെങ്കിലും (55-ന്‍റെ മൂന്നിലൊന്ന്) ഷിൻഡെയ്ക്ക് പിന്തുണ പ്രഖ്യാപിക്കണം. അതല്ലെങ്കിൽ കൂറുമാറ്റനിരോധനനിയമത്തിന്‍റെ അടിസ്ഥാനത്തിൽ ഇവർക്കെതിരെ അയോഗ്യരാക്കപ്പെടുന്നത് അടക്കമുള്ള നടപടി വരാം. പുതിയ കണക്കുകൾ പരിശോധിച്ചാൽ ആ കടമ്പ ഷിൻഡെ കടന്നുവെന്നർത്ഥം. 

Read More: 'ഷിൻഡെ ഇഡിയെയും സിബിഐയെയും പേടിച്ചോടി, ശിവസൈനികരെ വഞ്ചിച്ചു', ആഞ്ഞടിച്ച് 'സാമ്ന'

Follow Us:
Download App:
  • android
  • ios