വിമതർ വഴങ്ങുന്നില്ല, ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിക്ക്, മുംബൈയിലേക്ക് പറന്ന് ഡി കെ ശിവകുമാർ

Published : Jul 08, 2019, 07:44 PM ISTUpdated : Jul 08, 2019, 08:04 PM IST
വിമതർ വഴങ്ങുന്നില്ല, ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജിക്ക്, മുംബൈയിലേക്ക് പറന്ന് ഡി കെ ശിവകുമാർ

Synopsis

എല്ലാ മന്ത്രിമാരും രാജി വച്ച് വിമതർക്ക് മന്ത്രിപദവിയിലേക്ക് വഴിയൊരുക്കുന്ന സമവായ ഫോർമുലയോട് ഇതുവരെ രാജി വച്ച എംഎൽഎമാർ പ്രതികരിച്ചിട്ടില്ല. സാഹചര്യം സസൂക്ഷ്മം നിരീക്ഷിക്കുകയാണ് ബിജെപി.

ബെംഗളുരു: കർണാടക രാഷ്ട്രീയത്തിൽ നാടകീയതകളൊഴിയുന്നില്ല. ഇടഞ്ഞു നിൽക്കുന്ന വിമതരെ അനുനയിപ്പിച്ച് മന്ത്രിപദവി നൽകി രാജി പിൻവലിപ്പിക്കാൻ കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ മുംബൈയിലേക്ക് പുറപ്പെട്ടു. മുംബൈയിൽ വിമത എംഎൽഎമാർ കഴിയുന്ന പഞ്ച നക്ഷത്ര ഹോട്ടലിലെത്തി സമവായനീക്കത്തിനാണ് ശിവകുമാർ ശ്രമിക്കുന്നത്. മുഖ്യമന്ത്രിയൊഴികെ ബാക്കിയെല്ലാ മന്ത്രിമാരും വിമതർക്ക് മന്ത്രിപദവി നൽകാൻ രാജി വച്ചിരുന്നു. 

ഇതിനിടെ കോൺഗ്രസിന് തലവേദനയായി ഒരു കോൺഗ്രസ് എംഎൽഎ കൂടി രാജി വച്ച് ബിജെപിയിലേക്ക് പോകുകയാണെന്ന് പ്രഖ്യാപിച്ചു. ശിവാജി നഗർ എംഎൽഎയായ രോഷൻ ബെയ്‍ഗാണ് രാജി വയ്ക്കുകയാണെന്ന് പ്രഖ്യാപിച്ചത്. ''കോൺഗ്രസ് നേതൃത്വം എന്നോട് പെരുമാറിയ രീതി എന്നെ വേദനിപ്പിക്കുന്നു. ഞാൻ രാജി വയ്ക്കുകയാണ്'', ബെയ്‍ഗ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി ബെയ്‍ഗ് രാജി വയ്ക്കുമെന്ന സൂചന മാധ്യമങ്ങൾക്ക് നൽകിയിരുന്നു. രാജി വച്ചവർക്ക് മന്ത്രിസ്ഥാനമെന്ന ഫോർമുല തൽക്കാലം സഖ്യസർക്കാരിനെ നിലനിർത്തിയാലും, ദൾ - കോൺഗ്രസ് സഖ്യത്തിനുള്ളിൽ വരുംദിവസങ്ങളിലും വലിയ കലഹത്തിന് വഴി വച്ചേക്കുമെന്ന സൂചന നൽകുന്നതാണ് ഈ രാജികളെല്ലാം. 

എന്നാൽ ഈ സമവായ ഫോർമുലയോട് വിമതരാരും പ്രതികരിച്ചിട്ടില്ല. ഇന്നലെ വരെ വിമതരോട് മുതിർന്ന നേതാവ് സിദ്ധരാമയ്യ സംസാരിക്കുന്നുണ്ടായിരുന്നു. ഇന്ന് സിദ്ധരാമയ്യയ്ക്കും പല എംഎൽഎമാരെയും ഫോണിൽ ബന്ധപ്പെടാനായില്ല. ഇതേത്തുടർന്നാണ് സമവായത്തിനായി കോൺഗ്രസിന്‍റെ കരുനീക്കങ്ങളുടെ ബുദ്ധികേന്ദ്രം കൂടിയായ ഡി കെ ശിവകുമാർ നേരിട്ട് മുംബൈയ്ക്ക് പറന്നത്. എട്ട് കോൺഗ്രസ് എംഎൽഎമാരും മൂന്ന് ജെഡിഎസ് എംഎൽഎമാരുമാണ് മുംബൈയിലെ ഫൈവ് സ്റ്റാർ ഹോട്ടലിൽ തങ്ങുന്നത്. വ്യാഴാഴ്ച വരെ ഇവർക്കിവിടെ മുറി ബുക്ക് ചെയ്തിട്ടുണ്ട്. 

എംഎൽഎമാർ തങ്ങുന്ന പഞ്ചനക്ഷത്ര ഹോട്ടലിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധിച്ചതോടെ എംഎൽഎമാരെ ഗോവയ്ക്ക് മാറ്റിയേക്കും എന്നും റിപ്പോർട്ടുകളുണ്ട്. ഇതിനിടെ ജെഡിഎസ് എംഎൽഎമാരെ കൂട്ടത്തോടെ ദേവനഹള്ളിയിലെ റിസോർട്ടിലേക്ക് മാറ്റി. നേരത്തേ കുടകിലെ പാഡിംഗ്‍ടൺ റിസോ‍ർട്ടിലേക്ക് എംഎൽഎമാരെ മാറ്റാമെന്നാണ് കരുതിയിരുന്നതെങ്കിലും പ്ലാൻ മാറ്റി ദേവനഹള്ളിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. 

ഇതിനിടെ സഖ്യസർക്കാരിന് പിന്തുണ പ്രഖ്യാപിച്ചിരുന്ന കെപിജെപിയുടെ ഒരു എംഎൽഎ കൂടി മുംബൈയ്ക്ക് പോയി. രാജ്‍ഭവനിലെത്തി ഗവർണർ വാജുഭായ് വാലയെ കണ്ട ശേഷമാണ് റാണെബന്നൂരിൽ നിന്നുള്ള കെപിജെപിയുടെ ഏക എംഎൽഎയായ ആർ ശങ്കർ മുംബൈയ്ക്ക് പോയത്. സർക്കാരിനുള്ള പിന്തുണ പിൻവലിച്ച് രാജി വച്ച ശേഷമാണോ ശങ്കർ പോയതെന്ന് വ്യക്തമല്ല. നേരത്തേ സ്വതന്ത്ര എംഎൽഎയും മന്ത്രിയുമായിരുന്ന എച്ച് നാഗേഷ് സഖ്യസർക്കാരിനുള്ള പിന്തുണ പിൻവലിച്ച് മന്ത്രിപദവി രാജി വച്ചിരുന്നു. 

എച്ച് നാഗേഷിനെ യെദിയൂരപ്പയുടെ പി എയും സംഘവും തട്ടിക്കൊണ്ടുപോയതാണെന്ന് തന്നോട് പറഞ്ഞതായി ഡി കെ ശിവകുമാർ ആരോപിച്ചിരുന്നതാണ്. മുൾബാഗൽ എംഎൽഎയായ എച്ച് നാഗേഷ് സർക്കാർ രൂപീകരണസമയത്ത് കോൺഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്നെ കഴിഞ്ഞ ഡിസംബറിൽ കളം മാറിച്ചവിട്ടി ബിജെപിക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോൾ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നൽകിയാണ് നാഗേഷിനെ ഒപ്പം പിടിച്ചു നിർത്തിയത്.  

ആഭ്യന്തരകലഹം അതിന്‍റെ മൂർദ്ധന്യാവസ്ഥയിലെത്തിയിട്ടും സർക്കാർ താഴെ വീഴാതിരിക്കാൻ പൂഴിക്കടകൻ പയറ്റുകയാണ് കോൺഗ്രസ് - ജെഡിഎസ് നേതൃത്വങ്ങൾ. അൽപസമയത്തിനകം കർണാടകത്തിലെ പ്രതിസന്ധി ചർച്ച ചെയ്യാൻ ദില്ലിയിൽ കോൺഗ്രസ് ഉന്നതതലയോഗം ചേരും. ഗുലാം നബി ആസാദ്, ആനന്ദ് ശർമ, രൺദീപ് സു‍ർജേവാല, അഹമ്മദ് പട്ടേൽ, മോത്തിലാൽ വോറ എന്നിവർ യോഗത്തിൽ പങ്കെടുക്കും. കർണാടകയുടെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ബെംഗളുരുവിൽ തുടർന്ന് നീക്കങ്ങൾക്ക് നേതൃത്വം നൽകുന്നുണ്ട്. 

നാളെയാണ് സ്പീക്കർ വിധാൻ സൗധയിൽ തിരിച്ചെത്തുന്നത്. നാളെ രാവിലെ കോൺഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്. നാലോ അഞ്ചോ എംഎൽഎമാരെ ഒപ്പമെത്തിച്ചാൽ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസർക്കാർ.

നാളെ വിളിച്ച യോഗത്തിൽ പങ്കെടുക്കണമെന്നത് കോൺഗ്രസ് വിമതർക്ക് നൽകുന്ന അന്ത്യശാസനമാണ്. ഇല്ലെങ്കിൽ പാർട്ടിയിൽ നിന്ന് തന്നെ പുറത്താകും. തിരിച്ച് വന്നാൽ വാഗ്‍ദാനം മന്ത്രിപദവിയും. ഇത് വിമതർക്കുള്ള അവസാന അവസരമാണെന്നാണ് കെ സി വേണുഗോപാൽ തന്നെ പറഞ്ഞത്. 

ഈ സാധ്യതകൾ അടഞ്ഞാൽ, പിന്നെ പന്ത് ഗവർണറുടെ കോർട്ടിലാണ്. ബിജെപിയെ വിളിച്ച് സർക്കാരുണ്ടാക്കാൻ ക്ഷണിക്കണോ അതോ രാഷ്ട്രപതിഭരണം പ്രഖ്യാപിക്കണോ എന്നതെല്ലാം ഗവർണർ വാജുഭായ് വാല തീരുമാനിക്കും. ഇത് പരമാവധി ഒഴിവാക്കാനാണ് കോൺഗ്രസും ദളും ശ്രമിക്കുന്നത്. രാജിപ്രളയം വന്നപ്പോൾ വിധാൻ സൗധയിൽ നിന്ന് രക്ഷപ്പെട്ട സ്പീക്കർ കെ ആർ രമേശ് കുമാർ ഒരർത്ഥത്തിൽ സർക്കാരിന് സമയം നൽകുകയാണ്. 

അതിന് മുമ്പ് പ്രശ്നങ്ങൾ ഒത്തു തീർക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്. അതിനാണ് നേരിട്ട് ഡി കെ ശിവകുമാ‍‍ർ തന്നെ മുംബൈയ്ക്ക് പോയിരിക്കുന്നത്. 

Read More: കർ'നാടക'ത്തിൽ ഇനിയെന്ത് സംഭവിക്കും? കണക്കുകൾ പറയുന്നതെന്ത്? സാധ്യതകൾ എന്തൊക്കെ?

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

ഹോംഗാർഡ് ഒഴിവ് 187, ഒഡിഷയിലെ എയർസ്ട്രിപ്പിൽ നിലത്തിരുന്ന് 8000ത്തോളം പേർ പരീക്ഷയെഴുതി
വോട്ടര്‍മാര്‍ 6.41 കോടിയിൽ നിന്ന് 5.43 കോടിയായി!, തമിഴ്‌നാട് വോട്ടർ പട്ടികയിൽ വൻ ശുദ്ധീകരണം, 97 ലക്ഷം പേരുകൾ നീക്കം ചെയ്തു