
പറ്റ്ന: ബിഹാറിൽ ആദ്യ ഘട്ട വോട്ടെടുപ്പിൽ റെക്കോഡ് പോളിംഗ്. 121 മണ്ഡലങ്ങളിലേക്ക് നടന്ന വോട്ടെടുപ്പിൽ 64.26 ശതമാനം പോളിംഗ് രേഖപ്പെടുത്തി. ബീഹാറിൽ വലിയ മാറ്റം കാണുന്നുവെന്ന് തേജസ്വിയാദവ് അവകാശപ്പെട്ടപ്പോൾ, ജനം ജംഗിൾ രാജിനെതിരെ വിധിയെഴുതിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പ്രചാരണത്തിനിടെ ഉപമുഖ്യമന്ത്രി വിജയ് സിൻഹയുടെ വാഹനത്തിന് നേരെ കല്ലേറുണ്ടായി.
വോട്ടെടുപ്പ് ഉത്സവമാക്കിയിരിക്കുകയാണ് ബീഹാർ. കഴിഞ്ഞ തവണത്തേക്കാൾ ഉത്സാഹം തുടക്കത്തിൽ തന്നെ ബിഹാറിലെ പോളിംഗ് ബൂത്തുകളിൽ കാണാനായി. 2020ലെ നിയമസഭ തെരഞ്ഞെടുപ്പിൻറെയും 2024 ലോക്സഭ മത്സരത്തിന്റെയും കണക്കുകൾ ബീഹാർ മറികടന്നു. ഗ്രാമപ്രദേശങ്ങളിൽ ജനം കൂട്ടമായി പോളിംഗ് ബൂത്തിൽ എത്തി. ചിലയിടങ്ങളിൽ പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരുടെ പേരുകൾ ലിസ്റ്റിൽ ഇല്ലാത്തത് തർക്കങ്ങൾക്ക് ഇടയാക്കി. മുൻകൂട്ടി അറിയിപ്പില്ലാതെ വോട്ടർമാരുടെ പോളിംഗ് ബൂത്തുകൾ മാറിയതും ആശയകുഴപ്പത്തിന് വഴിവച്ചു. രാഘോപൂരിൽ മത്സരിക്കുന്ന ഇന്ത്യസഖ്യം സ്ഥാനാർത്ഥി തേജസ്വി യാദവ് പറ്റ്നയിലെ വെറ്റിനറി കോളേജിലെത്തിയാണ് വോട്ട് ചെയ്തത്. ലാലു പ്രസാദ് യാദവ്, റാബ്രി ദേവി, എംപിയും സഹോദരിയുമായ മിസാ ഭാരതി, തേജസ്വിയുടെ ഭാര്യ രാജശ്രീയാദവ് തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.
ലാലുപ്രസാദ് തേജസ്വിയുമായി തെറ്റി ജൻശക്തി ജനതാദൾ എന്ന പുതിയ പാർട്ടി രൂപീകരിച്ച് മഹുവ മണ്ഡലത്തിൽ മത്സരിക്കുന്ന തേജ് പ്രതാപ് യാദവ് പ്രത്യേകം എത്തിയാണ് വോട്ട് ചെയ്തത്. തന്റെ രണ്ട് മക്കൾക്കും ആശംസകൾ നേരുന്നു എന്നായിരുന്നു വോട്ട് ചെയ്ത ശേഷം അമ്മ റാബ്റി ദേവിയുടെ പ്രതികരണം. വോട്ടെടുപ്പ് ദിവസം ബിഹാറിലെ അരാരിയയിൽ റാലിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി ലാലുപ്രസാദ് യാദവിന്റെ ജംഗിൾ രാജാണ് ബിഹാറിന്റെ വികസനത്തെ പിന്നോട്ടടിച്ചതെന്ന് കുറ്റപ്പെടുത്തി.
അതെസമയം മോദിയും അമിത് ഷായുമാണ് രാജ്യത്ത് ജംഗിൾ രാജ് നടപ്പാക്കുന്നുവെന്ന് രാഹുൽ ഗാന്ധി തിരിച്ചടിച്ചു. ഇതിനിടെ ബീഹാർ ഉപമുഖ്യമന്ത്രിയുടെ വിജയ് സിൻഹയുടെ വാഹനവ്യൂഹത്തിന് ലക്കിസരായിയിൽ ആക്രമണം നടന്നു. പ്രചാരണത്തിന് എത്തിയ സിൻഹയുടെ വാഹനം ഒരു സംഘമാളുകൾ തടഞ്ഞു. പിന്നാലെ കല്ലേറ് നടന്നു. ആർജെഡി പ്രവർത്തകരാണ് അതിക്രമം നടത്തിയത് എന്നാണ് ആരോപണം. സംഭവത്തിൽ നടപടി സ്വീകരിക്കാൻ തെരഞ്ഞടുപ്പ് കമ്മീഷൻ ബീഹാർ ഡിജിപിയോട് നിർദ്ദേശിച്ചു.