ചെങ്കോട്ട സ്ഫോടനത്തിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പ്രതിയുടെ അഭിഭാഷക; 'അമീർ റഷീദുമായി സംസാരിച്ചു, അയാൾക്ക് കുറ്റബോധമില്ല'

Published : Nov 19, 2025, 12:05 PM IST
delhi blast lawyer

Synopsis

ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതി അമീർ റഷീദ് അലിക്ക് കുറ്റബോധമില്ലെന്ന് സ്വന്തം അഭിഭാഷക വെളിപ്പെടുത്തി. സ്ഫോടനത്തിന് ഉപയോഗിച്ച കാർ അലിയുടേതാണെന്നും അവർ പറഞ്ഞത് സോഷ്യൽ മീഡിയയിൽ വലിയ വിമർശനത്തിന് ഇടയാക്കി. അലിയെ 10 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ വിട്ടു.

ദില്ലി: ചെങ്കോട്ട സ്ഫോടനക്കേസിൽ ഡോ. ഉമർ ഉൻ നബിയെ സഹായിച്ചെന്ന് ആരോപിക്കപ്പെടുന്ന അമീർ റഷീദ് അലിക്ക് കുറ്റബോധമോ പശ്ചാത്താപമോ ഇല്ലെന്ന് പ്രതിക്കായി കോടതി നിയോഗിച്ച അഭിഭാഷക സ്മൃതി ചതുർവേദിയുടെ വെളിപ്പെടുത്തൽ. ആക്രമണത്തിന് ഉപയോഗിച്ച ഹ്യുണ്ടായ് ഐ20 കാർ അലിയുടെ ഉടമസ്ഥതയിലുള്ളതാണെന്നും അവർ വെളിപ്പെടുത്തി. സാധാരണയായി പ്രോസിക്യൂഷൻ ഉന്നയിക്കാറുള്ള ഇത്തരം പരാമർശങ്ങൾ സ്വന്തം കക്ഷിയെ പ്രതിനിധീകരിക്കുന്ന ഒരു അഭിഭാഷക നടത്തിയത് വലിയ ചർച്ചയായിട്ടുണ്ട്.

"കൂടുതൽ അന്വേഷണത്തിനായി അമീർ റഷീദ് അലിയെ കസ്റ്റഡിയിൽ വിട്ടുകിട്ടേണ്ടത് അത്യാവശ്യമാണെന്ന് എൻഐഎ അറിയിച്ചു. ഈ കേസിലെ പങ്കിനെക്കുറിച്ച് അമീറിനോട് ചോദിച്ചപ്പോൾ, സ്ഫോടനത്തിന് ഉപയോഗിച്ച വാഹനത്തിന്‍റെ രജിസ്റ്റർ ചെയ്ത ഉടമ താനാണെന്ന് അദ്ദേഹം പറഞ്ഞു. അമീർ റഷീദ് അലിയുടെ മുഖത്ത് കുറ്റബോധമോ പശ്ചാത്താപമോ ഉണ്ടായിരുന്നില്ല" സ്മൃതി ചതുർവേദി വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

സോഷ്യൽ മീഡിയയിൽ രോഷം

അഭിഭാഷകയുടെ ഈ പരാമർശം സോഷ്യൽ മീഡിയയിൽ രൂക്ഷമായ വിമർശനത്തിന് വഴിവെച്ചു. അവരുടെ ലൈസൻസ് റദ്ദാക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്. "ഇത് ഭയാനകമാണ്. എല്ലാവർക്കും ശരിയായ നിയമസഹായത്തിന് അർഹതയുണ്ട്. സർക്കാർ നിയോഗിച്ച അഭിഭാഷക പ്രോസിക്യൂഷന്‍റെ ഭാഗമെന്നപോലെ സംസാരിക്കുന്നത് ശരിയല്ല" എന്ന് ഒരാൾ കുറിച്ചു. "നിങ്ങൾ കക്ഷിയെ പ്രതിരോധിക്കുകയാണ് വേണ്ടത്, അല്ലാതെ അയാൾക്കെതിരെ സംസാരിക്കുകയല്ല. ഇത് നിയമവിരുദ്ധമാണ്" എന്നും മറ്റൊരാൾ വിമർശിച്ചു.

10 ദിവസത്തെ എൻഐഎ കസ്റ്റഡിയിൽ

ചെങ്കോട്ടയ്ക്ക് സമീപം 14 പേർ കൊല്ലപ്പെടുകയും 20ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കാശ്മീർ സ്വദേശിയായ അലിയെ നവംബർ 16നാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കിയ ഇയാളെ 10 ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു. സ്ഫോടകവസ്തുക്കൾ നിറച്ച വാഹനമായി മാറ്റിയ ഹ്യുണ്ടായ് ഐ20 കാർ സംഘടിപ്പിക്കുന്നതിൽ അലി പ്രധാന പങ്ക് വഹിച്ചതായി എൻഐഎ പറയുന്നു. ഈ കാർ അലിയുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഡോ. ഉമറിന് കൈമാറുന്നതിന് മുമ്പ് വാഹനം വാങ്ങുന്നതിനായി ഇയാൾ ഈ മാസം ആദ്യം ദില്ലിയിൽ എത്തിയിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്.

തിരക്കേറിയ റോഡിൽ വെച്ച് പൊട്ടിത്തെറിച്ച ഐ20 കാറിനുള്ളിൽ ഡോ. ഉമർ ഉണ്ടായിരുന്നുവെന്നും സ്ഫോടനത്തിൽ അദ്ദേഹം തൽക്ഷണം മരിച്ചുവെന്നും അന്വേഷണ ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് മണിക്കൂറുകൾക്ക് ശേഷം ഹരിയാനയിലെ ഒരു ഗ്രാമത്തിൽ നിന്ന് ഡോ. ഉമറിന്‍റെ ഉടമസ്ഥതയിലുള്ള രണ്ടാമത്തെ കാറായ ചുവന്ന ഫോർഡ് ഇക്കോസ്പോർട്ട് കണ്ടെത്തി. അധികൃതർ ഈ വാഹനം കസ്റ്റഡിയിലെടുത്തു.

PREV
BB
About the Author

Bibin Babu

2018 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ജേണലിസത്തില്‍ ബിരുദവും പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, സ്പോര്‍ട്സ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. ഒമ്പത് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. അണ്ടര്‍ 17 ഫിഫ ലോകകപ്പ്, ഐപിഎൽ, ഐഎസ്എൽ, നിരവധി അത്ലറ്റിക് മീറ്റുകൾ തുടങ്ങിയ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: bibin@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഉത്തര്‍പ്രദേശ് പാഠ്യപദ്ധതിയിൽ ഇനി മലയാളവും! പ്രഖ്യാപനവുമായി യോഗി ആദിത്യനാഥ്
വീഡിയോ;'എന്റെ മകൾക്ക് ബ്ലീഡിംഗ് ആണ്, സ്റ്റേഫ്രീ തരൂ', ഇൻഡിഗോ ജീവനക്കാരോട് പൊട്ടിത്തെറിച്ച് അച്ഛൻ