പൗരത്വ നിയമ ഭേദഗതിയില്‍ ബംഗാളില്‍ പ്രതിഷേധം ; ഷില്ലോങില്‍ കര്‍ഫ്യൂവിന് ഇളവ്

By Web TeamFirst Published Dec 14, 2019, 12:37 PM IST
Highlights

പശ്ചിമ ബംഗാളിലെ മുര്‍ഷിബാദിലും നോർത്ത് 24 പർഗാനസിലും, ഹൌറയുടെ ഗ്രാമീണ മേഖലയിലും പ്രതിഷേധം അക്രമാസക്തമായി. 

ഷില്ലോങ്: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭങ്ങളില്‍ നേരിയ ശമനം വന്ന ഷില്ലോങില്‍ കര്‍ഫ്യൂവിന് ഇളവ് നല്‍കി. രാത്രി 10 വരെയാണ് ഇളവ് നല്‍കിയിരിക്കുന്നത്. ഇന്നലെ അസമിലെ ഗുവാഹത്തിയിലും ദിബ്രുഗഡിലും അഞ്ച് മണിക്കൂര്‍ കര്‍ഫ്യൂവില്‍ ഇളവ് നല്‍കിയിരുന്നു. അതേസമയം പൗരത്വ ഭേദഗതിക്കെതിരെ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ പ്രതിഷേധം തുടരുകയാണ്. പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദിലും നോർത്ത് 24 പർഗാനസിലും, ഹൌറയുടെ ഗ്രാമീണ മേഖലയിലും പ്രതിഷേധം അക്രമാസക്തമായി. റോഡ്-റെയില്‍ സർവ്വീസുകളും പ്രതിഷേധക്കാർ തടഞ്ഞിരിക്കുകയാണ്. കൂടാതെ ദില്ലി ജാമിയ മിലിയയിൽ ഇന്നും പ്രതിഷേധം നടക്കുകയാണ്. 

ഇന്നലെ പശ്ചിമ ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ഡംഗയില്‍ പ്രക്ഷോഭകാരികള്‍ റെയില്‍വേ സ്റ്റേഷന് തീയിടുകയും റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥരെ മര്‍ദ്ദിക്കുകയും ചെയ്‍തിരുന്നു. റെയില്‍വേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാര്‍ പെട്ടെന്ന് സ്റ്റേഷന്‍റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങള്‍ക്ക് തീയിടുകയും തടയാന്‍ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തെന്ന് സീനിയര്‍ സുരക്ഷ ഓഫിസര്‍ വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു.

ഇന്ന് അസമിലെ എല്ലാ ജില്ലകളിലും ഓൾ അസം സ്റ്റുഡന്‍റ്സ് യൂണിയൻ സർക്കാർ ഓഫീസുകളിലേക്ക് മാർച്ച് നടത്താനിരിക്കുകയാണ്. ഞായറാഴ്ച സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും. തിങ്കളാഴ്ച വീണ്ടും സെക്രട്ടേറിയറ്റ് മാർച്ച് നടത്താനും ഓൾ ഇന്ത്യാ സ്റ്റുഡൻസ് യൂണിയൻ തീരുമാനിച്ചിട്ടുണ്ട്. ക്രമസമാധാന പ്രശ്നം നേരിടാന്‍ അര്‍ധ സൈനിക വിഭാഗങ്ങള്‍ക്ക് പുറമെ കരസേനയേയും വിന്യസിച്ചിരിക്കുകയാണ്. കഴിഞ്ഞ നാല് ദിവസമായി ബന്ദിന് സമാനമായ പ്രതീതിയായിരുന്നു അസമിൽ.

click me!