
ബെംഗളൂരു: ബാധ ഒഴിപ്പിക്കാനെന്ന പേരിൽ സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ച പ്രശസ്ത മന്ത്രവാദി പിടിയിൽ. ലൈംഗിക പീഡനം, സാമ്പത്തിക തട്ടിപ്പ് കുറ്റങ്ങൾ ചുമത്തിയാണ് സതീഷ് പാത്രിയെ കർണാടകയിലെ ചിക്കമംഗളൂരു പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിന് മുൻപ് പ്രതിക്ക് പൊലീസ് നീക്കങ്ങൾ ചോർത്തി നൽകിയ എൻ.ആർ. പുര പോലീസ് സ്റ്റേഷനിലെ കോൺസ്റ്റബിൾ കാന്തീഷിനെയും സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ അടക്കം പീഡിപ്പിച്ച കേസിൽ ഒരു മാസത്തോളമായി ഒളിവിൽ കഴിയുകയായിരുന്നു പ്രതി.
ചൂഷണത്തിന് ഇരയായ സ്ത്രീകളിലൊരാൾ നൽകിയ പരാതിയിലാണ് കേസിന്റെ തുടക്കം. ബാധ ഒഴിപ്പിക്കാനെന്ന വ്യാജേന ഇയാൾ അഞ്ച് വർഷത്തോളം നിരന്തരം ലൈംഗികമായി പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. ഇയാൾക്കെതിരെ കർണാടക പൊലീസ് അന്ധവിശ്വാസ വിരുദ്ധ നിയമപ്രകാരം കേസെടുത്തിരുന്നു. ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിലും ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ പോയ ഇയാളെ ഒരു മാസത്തോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് പിടികൂടിയത്.
ഡിജിറ്റൽ തെളിവുകളുടെ സഹായത്തോടെയാണ് അന്വേഷണം മുന്നോട്ട് പോയത്. ഈ ഘട്ടത്തിലാണ് എൻ.ആർ. പുര സ്റ്റേഷനിലെ കോൺസ്റ്റബിളായ കാന്തീഷ് പ്രതിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെടുന്നത് വ്യക്തമായത്. പൊലീസ് റെയ്ഡ് വിവരങ്ങൾ ഇയാൾ പ്രതിക്ക് ചോർത്തി നൽകുന്നതായും വ്യക്തമായി. ഇതേത്തുടർന്ന് ചിക്ക്മംഗളൂരു എസ്പി ജിതേന്ദ്ര കുമാർ ദയാമ കോൺസ്റ്റബിളിനെ ഉടനടി സസ്പെൻഡ് ചെയ്യുകയായിരുന്നു. ബംഗളൂരു സൗത്തിലെ ജെ.പി. നഗറിലെ ഒളിത്താവളത്തിൽ നിന്നാണ് കൊപ്പ പോലീസിന്റെ പ്രത്യേക സംഘം സതീഷ് പാത്രിയെ അറശ്റ്റ് ചെയ്തത്. ഇയാളെ റിമാൻഡ് ചെയ്തതായി പോലീസ് അറിയിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam