രേണുക സ്വാമി കൊലക്കേസ്: ദർശന് ജാമ്യമില്ല; 3 പ്രതികളെയും 2 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

Published : Jun 20, 2024, 07:05 PM IST
രേണുക സ്വാമി കൊലക്കേസ്: ദർശന് ജാമ്യമില്ല; 3 പ്രതികളെയും 2 ദിവസം കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു

Synopsis

രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. 

ബെം​ഗളൂരു: രേണുകാസ്വാമി കൊലക്കേസിൽ പ്രതിയായ കന്നഡ സൂപ്പർ താരം ദർശൻ തൂഗുദീപയ്ക്ക് ജാമ്യമില്ല. ബെംഗളുരുവിലെ അഡീഷണൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതി ദർശനെയും മറ്റ് മൂന്ന് പ്രതികളെയും രണ്ട് ദിവസത്തേക്ക് കൂടി പൊലീസ് കസ്റ്റഡിയിൽ വിട്ടു. ശനിയാഴ്ച വരെ ഇവർ പൊലീസ് കസ്റ്റഡിയിൽ തുടരും. ദർശന്‍റെ പങ്കാളി പവിത്ര ഗൗഡ അടക്കം മറ്റ് 13 പ്രതികളെ കോടതി ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദർശന്‍റെ ഭാര്യ വിജയലക്ഷ്മിയെ നേരത്തേ അന്വേഷണസംഘം ചോദ്യം ചെയ്തിരുന്നു. 

രേണുകാസ്വാമിയെ കൊലപ്പെടുത്തിയ ഷെഡിലേക്ക് പോകുമ്പോൾ ദർശൻ ധരിച്ച ഷൂ വിജയലക്ഷ്മിയുടെ ഫ്ലാറ്റിൽ നിന്ന് കണ്ടെടുത്തിരുന്നു. കൊല നടന്ന ദിവസം ദർശൻ ധരിച്ച വസ്ത്രങ്ങൾ കോസ്റ്റ്യൂം അസിസ്റ്റന്‍റെ പക്കൽ നിന്നും പിടിച്ചെടുത്തു. ഇത് രണ്ടും കേസിലെ നിർണായകമായ തെളിവുകളെന്ന് പൊലീസ് വ്യക്തമാക്കുന്നു. രേണുകാസ്വാമിയെ ക്രൂരമായ മർദ്ദനത്തിനിരയാക്കിയ ശേഷം ദർശൻ പോയത് ഹൊസകെരെഹള്ളിയിലെ വിജയലക്ഷ്മിയുടെ ഫ്ലാറ്റിലേക്കാണ്.

പുലർച്ചെ ഫ്ലാറ്റിൽ ഒരു പൂജ നടത്താൻ തീരുമാനിച്ചിരുന്നതിനാൽ അതിൽ പങ്കെടുത്ത ശേഷമാണ് ദർശൻ മൈസുരുവിലേക്ക് പോയത്. അവിടെ വച്ചാണ് ജൂൺ 11-ന് ദർശനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ഇന്നലെ വൈകിട്ട് അഞ്ച് മണിക്കൂറോളമാണ് അന്വേഷണസംഘം വിജയലക്ഷ്മിയെ ചോദ്യം ചെയ്തത്. ദർശന്‍റെ പെരുമാറ്റത്തിൽ അസ്വാഭാവികതയുണ്ടായിരുന്നോ, സംഭവത്തെക്കുറിച്ച് വല്ലതും പറഞ്ഞിരുന്നോ എന്ന് വിജയലക്ഷ്മിയോട് പൊലീസ് ചോദിച്ചു. ദർശൻ ഉപയോഗിച്ച ഷൂവും വസ്ത്രങ്ങളും എന്ത് ചെയ്തുവെന്ന് ഓർക്കുന്നുണ്ടോ എന്നതും ചോദിച്ചു. കണ്ടെടുത്ത ഷൂവും വസ്ത്രങ്ങളും പൊലീസ് ഫോറൻസിക് പരിശോധനയ്ക്ക് അയക്കും. കേസിൽ വിജയലക്ഷ്മിയെ സാക്ഷിയാക്കാനാണ് സാധ്യത. 

PREV
click me!

Recommended Stories

പോയി മരിക്ക് എന്ന് പറഞ്ഞ് കനാലിൽ തള്ളിയിട്ടത് അച്ഛൻ, 2 മാസത്തിന് ശേഷം തിരിച്ചെത്തി 17കാരി; നടുക്കുന്ന വെളിപ്പെടുത്തൽ
ബ്രിഡേ​ഗ് ​ഗ്രൗണ്ടിൽ ​ഗീതാപാരായണത്തിനായി ഒത്തുകൂടിയത് അഞ്ച് ലക്ഷം പേർ, ബം​ഗാളിൽ ഹിന്ദുക്കളുടെ ഉണർവെന്ന് ബിജെപി