
തെലങ്കാന: രേണുക സ്വാമി കൊലക്കേസിൽ കന്നഡ നടൻ ദർശൻ തുഗുദീപയുടെ ജാമ്യം സുപ്രീംകോടതി റദ്ദാക്കി. കർണാടക സർക്കാരിന്റെ അപ്പീലിലാണ് നടപടി. ദർശന് ജാമ്യം അനുവദിച്ച കർണാടക ഹൈക്കോടതി നടപടിയെ ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ച് രൂക്ഷമായി വിമർശിച്ചു. നടി പവിത്ര ഗൗഡ ഉൾപ്പെടെ 6 പേരുടെ ജാമ്യവും റദ്ദാക്കിയിട്ടുണ്ട്. ദർശൻ വൈകിട്ട് ബെംഗളൂരു വിചാരണ കോടതിയിൽ കീഴടങ്ങും.
ജാമ്യം അനുവദിച്ചത് യാന്ത്രികമായ രീതിയിലാണെന്നും ഹൈക്കോടതിയിൽ നിന്ന് ഇത് പ്രതീക്ഷിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് സുപ്രീംകോടതി ദർശന്റെ ജാമ്യം റദ്ദാക്കിയത്. കർണാടക സർക്കാരിന്റെ അപ്പീലിൽ ആണ് ജസ്റ്റിസുമാരായ ജെ.ബി.പർദിവാലയും ആർ.മഹാദേവനും അടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്. ദർശന് ജാമ്യം നൽകിക്കൊണ്ടുള്ള ഹൈക്കോടതി വിധിയിലെ ഭാഷ അവരെ കുറ്റവിമുക്തരാക്കുന്ന തരത്തിലുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. ജാമ്യം നൽകുന്നത് സാക്ഷികളെ സ്വാധീനിക്കാനും വിചാരണ അട്ടിമറിക്കാനും ഇടയാക്കുമെന്നും കോടതി വ്യക്തമാക്കി. ദർശന് ജയിലിൽ വഴിവിട്ട സഹായം നൽകരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.
ബെംഗളൂരു ജയിലിൽ നടൻ സിഗരറ്റ് വലിക്കുന്നതുൾപ്പെടെയുള്ള ദൃശ്യങ്ങൾ പുറത്തുവന്നത് കണക്കിലെടുത്താണ് നിർദേശം. പ്രത്യേക പരിഗണന നൽകിയെന്ന് വ്യക്തമായാൽ ജയിൽ സൂപ്രണ്ട് ഉൾപ്പെടെയുള്ളവർക്കെതിരെ സസ്പെൻഷൻ അടക്കമുള്ള നടപടികൾ സ്വീകരിക്കാൻ മടിക്കില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി. ഉത്തരവ് കർണാടക സർക്കാർ സ്വാഗതം ചെയ്തു. സുഹൃത്തും നടിയുമായ പവിത്ര ഗൗഡയ്ക്ക് അശ്ലീല സന്ദേശം അയച്ച ചിത്രദുർഗ സ്വദേശിയായ രേണുക സ്വാമിയെ കൊലപ്പെടുത്തിയ കേസിലാണ് ദർശൻ അറസ്റ്റിലായത്. 2024 ഒക്ടോബർ 30ന് കർണാടക ഹൈക്കോടതി ദർശന് ജാമ്യം അനുവദിക്കുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam