ചൈനയിൽ നിന്ന് ഇന്ത്യയിലേക്ക് ഒരു രഹസ്യ കത്ത്? അയച്ചത് പ്രസിഡൻ്റ് ഷീ ജിൻപിങ്! യുഎസ് താരിഫ് ഭീഷണിക്കിടെ ഉഭയകക്ഷി ബന്ധം ദൃഢമാക്കാൻ സാധ്യത

Published : Aug 28, 2025, 02:24 PM IST
Chinese President Xi Jinping

Synopsis

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ഇന്ത്യൻ രാഷ്ട്രപതിക്ക് ചൈനീസ് പ്രസിഡൻ്റ് രഹസ്യ സന്ദേശം അയച്ചെന്ന് റിപ്പോർട്ട്

ദില്ലി: യുഎസിൽ നിന്നുള്ള താരിഫ് സമ്മർദ്ദം ശക്തമായി തുടരുന്നതിനിടെ ചൈനയിൽ നിന്ന് ഒരു രഹസ്യ സന്ദേശം ഇന്ത്യയിലെത്തിയെന്ന് റിപ്പോർട്ട്. രാഷ്ട്രപതി ദ്രൗപദി മുർമുവിന് ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങാണ് കത്തയച്ചത്. ഇത് ഇരു രാജ്യങ്ങൾക്കുമിടയിലെ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിലേക്കും ഏഷ്യൻ രാജ്യങ്ങളുടെ സന്തുലിതമായ വളർച്ചയ്ക്കും കാരണമാകുമെന്നാണ് വിലയിരുത്തൽ. അടുത്ത മാസം ഒന്നിന് ചൈനയിൽ നടക്കുന്ന എസ്‌സിഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ അവിടെയെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈനീസ് പ്രസിഡൻ്റുമായി കൂടിക്കാഴ്ച നടത്തുമെന്നും വ്യക്തമായിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കാൻ തീരുമാനിച്ച ശേഷം, സന്ദർശനത്തിന് ദിവസങ്ങൾ മുൻപാണ് ഷീ ജിൻപിങിൻ്റെ കത്ത് രാഷ്ട്രപതിക്ക് ലഭിച്ചത്. ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്തതാണ് ഇക്കാര്യം. അമേരിക്കയുടെ വിദേശ സാമ്പത്തിക നയങ്ങളിൽ ഷീ ജിൻപിങ് കത്തിൽ ആശങ്ക പ്രകടിപ്പിച്ചുവെന്നും ഇന്ത്യയുമായി കൂടുതൽ ശക്തമായ ഉഭയകക്ഷി ബന്ധം സ്ഥാപിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നുവെന്നും റിപ്പോർട്ട് പറയുന്നു. എന്നാൽ ഇത് സംബന്ധിച്ച ഔദ്യോഗിക സ്ഥിരീകരണങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല.

ഉഭയകക്ഷി വ്യാപാര ബന്ധത്തിൽ ചൈനയ്ക്കും ഇന്ത്യയ്ക്കും അമേരിക്കയുടെ ഭാഗത്ത് നിന്ന് കടുത്ത സമ്മർദ്ദമാണ് നേരിടേണ്ടി വരുന്നത്. ട്രംപ് വീണ്ടും അമേരിക്കൻ പ്രസിഡൻ്റായ ശേഷം നയസമീപനങ്ങളിൽ മാറ്റം വന്നതിന് പിന്നാലെ ചൈനയും ഇന്ത്യയും തമ്മിൽ നയതന്ത്ര ബന്ധം മെച്ചപ്പെടുത്താൻ ചർച്ചകൾ തുടങ്ങിയിരുന്നു. 20 ഓളം ഇന്ത്യൻ സൈനികരുടെയടക്കം മരണത്തിന് കാരണമായ 2020 ലെ ഗാൽവാൻ താഴ്‌വരയിൽ ഇരു രാജ്യങ്ങളും ഏറ്റുമുട്ടിയ ശേഷം ഉഭയകക്ഷി ബന്ധം അത്ര നല്ലതായിരുന്നില്ല. എങ്കിലും അമേരിക്കൻ നയവ്യത്യാസം ഇപ്പോൾ ഇരു രാജ്യങ്ങളെയും ഐക്യത്തിൻ്റെ പാതയിലേക്ക് എത്തിക്കുന്നുവെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു. ഇതിൻ്റെ ഭാഗമായാണ് അതിർത്തിയിലെ തർക്കങ്ങൾ പരിഹരിക്കാനുള്ള ശ്രമം പുനരാരംഭിച്ചതെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

ഏഴ് വർഷത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ചൈന സന്ദർശിക്കുന്നത്. ഇന്തോ-പസഫിക് മേഖലയിൽ വ്യാപാര രംഗത്ത് ചൈനയുടെ മുന്നേറ്റം ചെറുക്കാൻ ഏറെ കാലമായി അമേരിക്ക കൂട്ടുപിടിച്ചത് ഇന്ത്യയെ ആയിരുന്നു. എന്നാൽ ഇന്ത്യയ്ക്ക് മേൽ ട്രംപ് ഇപ്പോൾ കൊണ്ടുവന്നിരിക്കുന്ന അധിക തീരുവയും റഷ്യയിൽ നിന്ന് എണ്ണ ഇറക്കുമതി നിർത്താനുള്ള ഭീഷണിയുമെല്ലാം ഈ ബന്ധം വഷളാക്കി. ഈ സാഹചര്യത്തിലാണ് ഇന്ത്യയും ചൈനയും ബന്ധം കൂടുതൽ ശക്തമാക്കുന്നത്. റിലയൻസ്, അദാനി, ജെഎസ്ഡബ്ല്യു തുടങ്ങിയ ഇന്ത്യൻ കമ്പനികൾക്ക് ചൈനീസ് കമ്പനികളുമായി ക്ലീൻ എനർജി പങ്കാളിത്തം അടക്കം തേടുന്നുണ്ടെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നുണ്ട്. നേരിട്ടുള്ള വിമാന സർവീസുകൾ ഉടൻ പുനരാരംഭിച്ചേക്കുമെന്നും ചൈനീസ് പൗരന്മാർക്ക് ഇന്ത്യയിലേക്ക് ടൂറിസ്റ്റ് വിസകൾ അനുവദിക്കുന്നതും പരിഗണനയിലുണ്ടെന്നും റിപ്പോർട്ട് പറയുന്നു.

എങ്കിലും ഇരു രാജ്യങ്ങൾക്കുമിടയിൽ അത്ര വേഗം മായ്ച്ചുകളയാനും മറന്നുകളയാനുമാകാത്ത പല തർക്കങ്ങളുമുണ്ട്. അതിൽ ചൈനയും പാകിസ്ഥാനുമായുള്ള സൗഹൃദം, ഇന്ത്യയും തായ്‌വാനുമിടയിൽ വളരുന്ന വ്യാപാര-നയതന്ത്ര ബന്ധം അടക്കം പല വിഷയങ്ങളുമുണ്ട്. അമേരിക്കയുടെ സമ്മർദ്ദങ്ങളെ ചെറുക്കാൻ ഇരു രാജ്യങ്ങളും പഴയതെല്ലാം മറന്ന് ഒറ്റ മനസോടെ നീങ്ങുമോയെന്നാണ് ഉറ്റുനോക്കുന്നത്.

PREV
KG
About the Author

Kiran Gangadharan

2019 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റർ. ബികോം ബിരുദവും ജേണലിസം ആൻ്റ് മാസ് കമ്യൂണിക്കേഷനിൽ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. കേരളം, ദേശീയം, അന്താരാഷ്ട്ര വാര്‍ത്തകള്‍, ബിസിനസ്, ആരോഗ്യം, എന്റർടെയ്ൻമെൻ്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 12 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, എക്‌സ്‌പ്ലൈന‍ർ വീഡിയോകൾ, വീഡിയോ അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: kiran.gangadharan@asianetnews.inRead More...
Read more Articles on
click me!

Recommended Stories

ഒരു രൂപ പോലും വെട്ടില്ല, 15 വരെയുള്ള മുഴുവൻ പണവും തിരികെ നൽകും; 1000ക്കണക്കിന് ഹോട്ടൽ മുറികളും ഏർപ്പടാക്കി ഇൻഡിഗോ
ഒരുമിച്ച് ജീവിക്കണമെന്ന് കൗമാരക്കാർ, ഭീഷണിയുമായി പെൺകുട്ടിയുടെ കുടുംബം, പയ്യന് 21 വയസ്സാകട്ടെയെന്ന് സർക്കാർ, കോടതി പറഞ്ഞത്