കോൺഗ്രസിലെ ചേരിപ്പോര്: യുപിഎ സർക്കാരിന്റെ നേട്ടങ്ങൾ വീണ്ടും ഉയർത്തിക്കാട്ടി ശശി തരൂർ എംപി

By Web TeamFirst Published Aug 2, 2020, 3:22 PM IST
Highlights

മനീഷ് തിവാരിയെ പിന്തുണച്ച ശശി തരൂര്‍ പരാജയത്തില്‍ നി്നന് പാഠം പഠിക്കണമെന്നും പക്ഷേ ശത്രുക്കള്‍ക്ക് വടി കൊടുക്കരുതെന്നും പ്രതികരിച്ചു

ദില്ലി: യുപിഎ സര്‍ക്കാരിന്‍റെ നേട്ടങ്ങളെ വീണ്ടും പുകഴ്ത്തി ശശിതരൂര്‍ എംപി. യുപിഎ ഭരണകാലത്ത് ജിഡിപി 600 ബില്യണ്‍ ഡോളറില്‍ നിന്ന് രണ്ട് ലക്ഷം കോടി
ഡോളറായി ഉയർന്നു. എന്നാല്‍ ആറ് വര്‍ഷത്തെ എന്‍ഡിഎ ഭരണം കൊണ്ട് 70 ബില്യണ്‍ ഡോളര്‍ മാത്രമാണ് വർധനവുണ്ടായത്. വിവരാവകാശ നിയമമടക്കം പ്രാബല്യത്തില്‍ വന്നത് യുപിഎ ഭരണകാലത്താണെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. 

യുപിഎ ഭരണത്തോടെ പാര്‍ട്ടി തകര്‍ച്ചയിലേക്ക് പോയെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനത്തിന് മറുപടിയെന്നോണമാണ് വീണ്ടും ശശി തരൂരിന്‍റെ പ്രതികരണം. അതേ സമയം മന്‍മോഹന്‍സിംഗിന്‍റെ ഭരണത്തെ താന്‍ വിമര്‍ശിച്ചിട്ടില്ലെന്നും, ആധുനിക ഇന്ത്യക്ക് മികച്ച സംഭാവനകള്‍ നല്‍കിയ നേതാവാണദ്ദേഹമെന്നും രാജീവ് സത്വ ട്വീറ്റ് ചെയ്തു. പറയാനുള്ളത് പാര്‍ട്ടി ഫോറത്തില്‍ സംസാരിക്കുമെന്നും, പാര്‍ട്ടിക്കുള്ളിലെ ചര്‍ച്ച പരസ്യമാക്കുന്നതിനോട് യോജിപ്പില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

രണ്ടാം യുപിഎ സര്‍ക്കാരിന്‍റെ വീഴ്ചയാണ് പാര്‍ട്ടിയുടെ പതനത്തിനിടയാക്കിയതെന്ന രാജീവ് സത്വ എംപിയുടെ വിമര്‍ശനം കോണ്‍ഗ്രസിലെ ആഭ്യന്തര തര്‍ക്കത്തെ പുതിയ തലങ്ങളിലേക്ക് നയിക്കുകാണ്. സോണിയ ഗാന്ധി വിളിച്ച യോഗത്തില്‍ മന്‍മോഹന്‍സിംഗിനെ ഇരുത്തി രാജീവ് സത്വ നടത്തിയ വിമര്‍ശനത്തെ  ആ യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ എതിര്‍ക്കാതിരുന്നത് പാര്‍ട്ടിയിലെ ഒരു വിഭാഗത്തെ ചൊടിപ്പിച്ചിട്ടുണ്ട്. രാഹുല്‍ഗാന്ധിയുടെ വിശ്വസ്തനായ രാജീവ് സത്വ നടത്തിയ പരമാര്‍ശങ്ങള്‍ക്കെതിരെ മുന്‍ മുന്‍കേന്ദ്രമന്ത്രിയും, കോണ്‍ഗ്രസ് വക്താവുമായ മനീഷ് തിവാരി രംഗത്തെത്തുകയും ചെയ്തിരുന്നു. വിവരദോഷികളാണ് മുന്‍ പ്രധാനമന്ത്രി മന്‍മാഹന്‍സിംഗിനെ അപമാനിക്കാന്‍ ശ്രമിക്കുന്നതെന്നായിരുന്നു മനീഷ് തിവാരിയുടെ പ്രതികരണം. 

ബിജെപി അധികാരത്തിലില്ലാതിരുന്ന 2004 മുതല്‍ 2014 വരെ  ഒരു വാക്ക് പോലും യുപിഎക്കെതിരെ ശബ്ദിക്കാത്തവരാണ് മന്‍മോഹന്‍സിംഗിനെ കുത്തുന്നത്. ഐക്യത്തിനല്ല വിഭജനത്തിനാണ് ഇക്കൂട്ടര്‍ ശ്രമിക്കുന്നതെന്നും മനീഷ് തിവാരി ട്വീറ്റ് ചെയ്തു. സ്വന്തം പാര്‍ട്ടിയില്‍ നിന്ന് ഇത്തരമൊരപമാനം നേരിടേണ്ടിവരുമെന്ന്
മന്‍മോഹന്‍സിംഗ് കരുതിയിട്ടുണ്ടാവില്ലെന്ന് പിന്നാലെ മുന്‍ കേന്ദ്രമന്ത്രി  മിലിന്ദ് ദേവ് രയും പ്രതികരിച്ചു. മനീഷ് തിവാരിയെ പിന്തുണച്ച ശശി തരൂര്‍ പരാജയത്തില്‍ നി്നന് പാഠം പഠിക്കണമെന്നും പക്ഷേ ശത്രുക്കള്‍ക്ക് വടി കൊടുക്കരുതെന്നും പ്രതികരിച്ചു. മന്‍മോഹന്‍സിംഗ് സര്‍ക്കാരിലെ മന്ത്രിമാരും രാഹുല്‍ ബ്രിഗേഡിന്‍റെ ഭാഗമായിരുന്ന നേതാക്കളും തമ്മിലുള്ള അഭിപ്രായ ഭിന്നത കൂടിയാണ് മറനീക്കി പുറത്ത് വരുന്നത്.

click me!