
ലക്നൗ: കളഞ്ഞുകിട്ടിയ ലക്ഷങ്ങളടങ്ങിയ ബാഗ് തിരിച്ചേല്‍പിച്ച് ഇ- റിക്ഷാ ഡ്രൈവര്‍. ഉത്തര്‍പ്രദേശിലെ ഗസിയാബാദിലാണ് സംഭവം. മോഡിനഗര്‍ പരിസരത്തുകൂടി തന്‍റെ വണ്ടിയുമായി പൊയ്ക്കൊണ്ടിരിക്കെയാണ് ഇ- റിക്ഷാ ഡ്രൈവറായ ആസ് മുഹമ്മദ് വഴിയരികില്‍ ഒരു ബാഗ് കണ്ടത്.
ഉടൻ വണ്ടിയൊതുക്കി ഇദ്ദേഹം ബാഗ് കയ്യിലെടുക്കുകയും അപ്പോള്‍ തന്നെ അത് തുറന്ന് എന്താണ് അകത്തെന്ന് പരിശോധിക്കുകയും ചെയ്യുകയായിരുന്നു. 500 രൂപ നോട്ടുകളുടെ വലിയ കെട്ടുകളായിരുന്നു ബാഗിനകത്ത് ഉണ്ടായിരുന്നത്.
അപ്പോള്‍ അദ്ദേഹത്തിന് അത് ആകെ എത്ര രൂപ വരുമെന്ന് മനസിലായില്ല. ഏതായാലും പണമടങ്ങിയ ബാഗ് വൈകാതെ തന്നെ അദ്ദേഹം പൊലീസ് സ്റ്റേഷനിലെത്തി നിയമപരമായി ഏല്‍പിച്ചു. പൊലീസാണ് പിന്നീട് പണം തിട്ടപ്പെടുത്തി നോക്കിയത്.
500 രൂപനോട്ടുകളുടെ കെട്ടുകള്‍ ആകെ എണ്ണിനോക്കിയപ്പോള്‍ 25 ലക്ഷം രൂപയോളമുണ്ടായിരുന്നു. ഇത്രയും വലിയൊരു തുകയാണ് ആസ് മുഹമ്മദ് യാതൊരു സങ്കോചവുമില്ലാതെ തിരിച്ചേല്‍പിച്ചത്.
ഒരു സാധാകണ കുടുംബത്തിലെ അംഗമായ മുഹമ്മദിന് ഒരുപക്ഷേ ആരുമറിയാതെ ആ ബാഗ് കൈക്കലാക്കാമായിരുന്നു. എന്നാല്‍ അതും കളവിന് തുല്യമാണെന്ന് അദ്ദേഹം മനസിലാക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ ഈ നസ്സ മനസിന് സല്യൂട്ട് അര്‍പ്പിച്ചിരിക്കുകയാണ് പൊലീസ്.
ഡെപ്യൂട്ടി കമ്മീഷണര്‍ ഓഫ് പൊലീസ് (റൂറല്‍) തന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെ ആസ് മുഹമ്മദിനൊപ്പമുള്ള ചിത്രങ്ങളും സംഭവവും പങ്കുവച്ചതോടെയാണ് ഏവരും ഇക്കാര്യമറിഞ്ഞത്. ആസ് മുഹമ്മദിന്‍റെ സത്യസന്ധതയ്ക്ക് പകരമായി പൊലീസ് ഇദ്ദേഹത്തിനൊരു അഭിനന്ദന പത്രം നല്‍കിയിരിക്കുകയാണ്. ഒപ്പം സ്നേഹാദരത്തിന്‍റെ പ്രതീകമായി ഒരു പൂച്ചെണ്ട് നലകുന്നതും ചിത്രത്തില്‍ കാണാം.
നിരവധി പേരാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആസ് മുഹമ്മദിന് ആദരമര്‍പ്പിച്ചിരിക്കുന്നത്. ഇന്നത്തെ കാലത്ത് ഇങ്ങനെയുള്ള മനുഷ്യരെ കാണാൻ സാധിക്കുന്നത് തന്നെ കുറവാണെന്നും ഇദ്ദേഹത്തിന് കാര്യമായ എന്തെങ്കിലും പാരിതോഷികം നല്‍കണമെന്നുമെല്ലാം നിരവധി പേര്‍ കമന്‍റുകളില്‍ കുറിച്ചിരിക്കുന്നു.
Also Read:- റോഡില്‍ നിന്ന് 45 ലക്ഷം രൂപ അടങ്ങിയ ബാഗ് കിട്ടി; തിരികെ നല്‍കി ട്രാഫിക് പൊലീസുകാരൻ
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam