അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍: റെക്കോര്‍ഡ് തുകക്ക് കരാര്‍

By Web TeamFirst Published Nov 27, 2020, 9:15 AM IST
Highlights

ഗുജറാത്തിലെ 325 കിലോമീറ്ററിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഗുജറാത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
 

ദില്ലി: അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ റെക്കോര്‍ഡ് തുകയുടെ കരാറില്‍ ഒപ്പിട്ട് നാഷണല്‍ ഹൈ സ്പീഡ് റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. സിവില്‍ കോണ്‍ട്രാക്ടില്‍ രാജ്യത്തെ ഏറ്റവും വലിയ തുകക്കാണ് വ്യാഴാഴ്ച കരാറിലൊപ്പിട്ടത്. 24000 കോടി രൂപയുടെ കരാറാണ് ലാര്‍സന്‍ ആന്‍ഡ് ടബ്രോ(എല്‍ ആന്‍ഡ് ടി) കമ്പനിയുമായി കോര്‍പ്പറേഷന്‍ ഒപ്പിട്ടത്. ടൈംസ് ഓഫ് ഇന്ത്യയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. 

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. ഗുജറാത്തിലെ 325 കിലോമീറ്ററിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുക. ഗുജറാത്തിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകാന്‍ പ്രധാനമന്ത്രി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. മഹാരാഷ്ട്രയില്‍ പദ്ധതിക്കാവശ്യമായ ഭൂമി ലഭ്യമായിട്ടില്ല. സാമ്പത്തിക രംഗത്തിന് ഉത്തേജനം ആവശ്യമുള്ള സമയത്ത് ഇത്രയും ബൃഹത്തായ പദ്ധതിക്ക് കരാര്‍ നല്‍കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ജാപ്പനീസ് അംബാസഡര്‍ സതോഷി സുസുകി പറഞ്ഞിരുന്നു.

ജപ്പാന്റെ സാങ്കേതിക സഹായങ്ങള്‍ മാത്രമല്ല, ഈ കോറിഡോറിലെ നഗര വികസനം കൂടിയാണ് കൈമാറുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി പൂര്‍ത്തിയായാല്‍ ഏഴിലധികം റൂട്ടുകളില്‍ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൊണ്ടുവരുമെന്ന് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വി കെ യാദവ് പറഞ്ഞു.
 

click me!