
ചെന്നൈ: തമിഴ്‌നാട്ടിലെ കോടിക്കണക്കിന് സ്ത്രീകൾ ഉറക്കമുണരുന്നതിനും മുൻപേ അക്കൗണ്ടുകളിൽ അയ്യായിരം രൂപ വീതം എത്തിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മാസ്റ്റർ സ്ട്രോക്ക്. നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാർ പദ്ധതികൾ തടയാനുള്ള പ്രതിപക്ഷ നീക്കങ്ങളെ തകർക്കുന്ന 'സർജിക്കൽ സ്ട്രൈക്ക്' എന്നാണ് രാഷ്ട്രീയ ലോകം ഈ നീക്കത്തെ വിശേഷിപ്പിക്കുന്നത്. 'കലൈജ്ഞർ മഗളിർ ഉറിമൈ തൊകൈ' പദ്ധതി പ്രകാരം 1.31 കോടി സ്ത്രീകൾക്കാണ് വെള്ളിയാഴ്ച പുലർച്ചെ ആറ് മണിയോടെ തുക ക്രെഡിറ്റായത്. ഫെബ്രുവരി, മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വിഹിതമായ 3,000 രൂപയും 2,000 രൂപയുടെ പ്രത്യേക വേനൽക്കാല പാക്കേജും ഉൾപ്പെടെയാണ് 5,000 രൂപ ഓരോ ഗുണഭോക്താവിനും ലഭിച്ചത്.
തെരഞ്ഞെടുപ്പ് ചട്ടങ്ങൾ നിലവിൽ വരുന്നതോടെ പദ്ധതി തടയാൻ കോടതി വഴിയും മറ്റും ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന വിവരത്തെത്തുടർന്നാണ് സർക്കാർ ഇത്തരമൊരു വേഗത്തിലുള്ള നീക്കം നടത്തിയത്. "അവർ തടസ്സങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കുമ്പോൾ ദ്രാവിഡ മോഡൽ സർക്കാർ ഒരുപടി മുൻപേ സഞ്ചരിച്ചു" എന്ന് സ്റ്റാലിൻ സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കി. പണം അക്കൗണ്ടുകളിൽ എത്തിയ ശേഷം മാത്രമാണ് ഔദ്യോഗിക അറിയിപ്പ് പുറത്തുവന്നത് എന്നത് ശ്രദ്ധേയമാണ്. ഇതിന് പുറമെ, ഡിഎംകെ വീണ്ടും അധികാരത്തിൽ വന്നാൽ പ്രതിമാസ സഹായം 1,000 രൂപയിൽ നിന്ന് 2,000 രൂപയായി വർദ്ധിപ്പിക്കുമെന്നും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
തമിഴ്നാട് രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് ഈ നീക്കം വഴിതെളിച്ചിരിക്കുന്നത്. പ്രതിപക്ഷം ഉണരുന്നതിന് മുൻപേ സ്റ്റാലിൻ 'സിക്സർ' അടിച്ചുവെന്നാണ് ഡിഎംകെ അനുകൂലികൾ ഇതിനെ വിശേഷിപ്പിക്കുന്നത്. ഭരണവിരുദ്ധ വികാരത്തെ മറികടക്കാനും സ്ത്രീ വോട്ടർമാരെ ഒപ്പം നിർത്താനും ഈ നീക്കം സഹായിക്കുമെന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. പണം നൽകുന്നത് തെരഞ്ഞെടുപ്പ് ഭയന്നാണെന്ന് എഐഎഡിഎംകെ കുറ്റപ്പെടുത്തിയപ്പോൾ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ഇതൊരു നിർണ്ണായക ഘടകമാകുമെന്ന് ഉറപ്പാണ്. വരും ദിവസങ്ങളിൽ സ്ത്രീകളുടെ അക്കൗണ്ടുകളിലേക്ക് 2,000 രൂപ നൽകുന്ന സ്വന്തം പദ്ധതിയുമായി എഐഎഡിഎംകെയും രംഗത്തെത്തിയതോടെ തമിഴ്നാട് രാഷ്ട്രീയം കൂടുതൽ ചൂടുപിടിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam