
ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ മാറ്റുന്ന രണ്ട് നിർണ്ണായക പരിഷ്കാരങ്ങൾ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പ്രഖ്യാപിച്ചു. ട്രെയിനുകളിലെ ശുചിത്വം ഉറപ്പാക്കുന്നതിനൊപ്പം ചരക്ക് നീക്കം വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ബൃഹത്തായ പദ്ധതികളാണ് മന്ത്രി അവതരിപ്പിച്ചത്. ഇതിന്റെ ആദ്യ ഘട്ടമായി 80 ട്രെയിനുകളിൽ അടുത്ത ആറ് മാസത്തിനുള്ളിൽ സമഗ്രമായ ശുചിത്വ പരിഷ്കാരങ്ങൾ നടപ്പിലാക്കും. മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ എല്ലാ ട്രെയിനുകളിലും ഈ പുതിയ സംവിധാനം നിലവിൽ വരുമെന്നും യാത്രക്കാർ ഇതിനായി അധിക തുക നൽകേണ്ടതില്ലെന്നും മന്ത്രി വ്യക്തമാക്കി.
പുതിയ പരിഷ്കാരം അനുസരിച്ച് ജനറൽ കോച്ചുകൾ ഉൾപ്പെടെയുള്ള എല്ലാ കംപാർട്ടുമെന്റുകളിലും ശുചിമുറികളിലും ഓരോ രണ്ട് മണിക്കൂർ ഇടവിട്ട് ശുചീകരണം ഉറപ്പാക്കും. പ്രൊഫഷണൽ കമ്പനികളെയാണ് ഇതിനായി ചുമതലപ്പെടുത്തുന്നത്. ഐടിഐ പാസായ സൂപ്പർവൈസർമാരുടെ നേതൃത്വത്തിൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തത്സമയം ശുചിത്വം നിരീക്ഷിക്കും. ശുചീകരണത്തിന്റെ ചിത്രങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) സഹായത്തോടെ റെയിൽവേ ബോർഡ് കൺട്രോൾ റൂമിൽ വിശകലനം ചെയ്യുമെന്നത് സേവനത്തിന്റെ ഗുണനിലവാരം ഉറപ്പാക്കും. കൂടാതെ, ചെറിയ അറ്റകുറ്റപ്പണികളും വെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കലും ഈ പുതിയ കരാറിന്റെ ഭാഗമായിരിക്കും.
ചരക്ക് നീക്കം ശക്തിപ്പെടുത്തുന്നതിനായി 'ഗതി ശക്തി കാർഗോ ടെർമിനൽ' നയത്തിലും വലിയ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 500 പുതിയ ടെർമിനലുകൾ കൂടി സ്ഥാപിക്കാനാണ് റെയിൽവേ ലക്ഷ്യമിടുന്നത്. ചരക്കുകൾ കയറ്റുന്നതിനും ഇറക്കുന്നതിനും പുറമെ, ഭക്ഷ്യധാന്യങ്ങളും സിമന്റ് ക്ലിങ്കറുകളും മറ്റും സംസ്കരിക്കാനുള്ള സൗകര്യവും ഈ ടെർമിനലുകളിൽ ഒരുക്കും. ഇത് റെയിൽവേയുടെ ചരക്ക് നീക്കം മൂന്ന് വർഷത്തിനുള്ളിൽ 300 മില്യൺ ടൺ വർദ്ധിപ്പിക്കാൻ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. 50 വർഷം വരെ നീളുന്ന ദീർഘകാല കരാറുകൾ നൽകുന്നതിലൂടെ കൂടുതൽ സ്വകാര്യ നിക്ഷേപം ഈ മേഖലയിലേക്ക് ആകർഷിക്കാനാണ് റെയിൽവേയുടെ നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam