
മംഗളൂരു: കര്‍ണാടകയിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശമായ ഉള്ളാളിനെ പാകിസ്ഥാനോടുപമിച്ച് ആര്‍എസ്എസ് നേതാവ് കല്ലട്ക പ്രഭാകര്‍ ഭട്ട്. പ്രദേശത്ത് ഗോഹത്യയും ലൗ ജിഹാദും വ്യാപകമാണെന്നും ഇദ്ദേഹം ആരോപിച്ചു. രണ്ടാം തവണയാണ് മംഗളൂരുവിലെ ഉള്ളാളിനെ ഇദ്ദേഹം പാകിസ്ഥാനോടുപമിക്കുന്നത്. നേരത്തെ പ്രദേശത്തെ ജനസംഖ്യ ചൂണ്ടിക്കാട്ടി ഉള്ളാള്‍ പാകിസ്ഥാന് തുല്യമാണെന്ന് പ്രഭാകര്‍ ആരോപിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ഇദ്ദേഹം ഇക്കാര്യം പറഞ്ഞതെന്ന് ദ വീക്ക് ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തു.
'വിഭജന ശേഷവും പാകിസ്ഥാന്റെ മാനസികാവസ്ഥയിലാണ് ഉള്ളാള്‍ എന്നും അദ്ദേഹം ആരോപിച്ചു. പ്രദേശത്ത് ഹിന്ദുക്കളെ മുസ്ലീങ്ങളേക്കാള്‍ വളരാന്‍ അനുവദിക്കുന്നില്ല. ഗോഹത്യയും ലൗജിഹാദും ഉള്ളാളില്‍ നടക്കുന്നു. ഇത് പാകിസ്ഥാനല്ലെങ്കില്‍ എങ്ങനെ ഇതൊക്കെ സംഭവിക്കും. പാകിസ്ഥാനും ഉള്ളാളും തമ്മില്‍ എന്താണ് വ്യത്യാസം. ഇവിടത്തെ മുസ്ലീങ്ങള്‍ക്ക് വോട്ട് ചെയ്യുന്നതിന് പകരം ഹിന്ദുക്കള്‍ക്ക് വോട്ട് ചെയ്യണം. പ്രദേശത്തെ മുസ്ലിം ജനസംഖ്യ വര്‍ധിക്കുകയാണ്. ഹിന്ദു ജനസംഖ്യ കുറയുകയുമാണ്. ഉള്ളാളില്‍ പോകുകയാണെങ്കില്‍ നമ്മളെന്തിന് പാകിസ്ഥാനിലും ബംഗ്ലാദേശിലും പോകണം'- പ്രഭാകര്‍ ഭട്ട് ചോദിച്ചു.