
കോയമ്പത്തൂർ: സ്കൂളിൽ ആർഎസ്എസ് (RSS) പരിശീലന പരിപാടി നടത്തുന്നതിനിടെ പൊലീസും (Police) പ്രവത്തകരും തമ്മിലുണ്ടായ സംഘർഷത്തിൽ അഞ്ച് പേർ അറസ്റ്റിൽ (Arrest). തമിഴ്നാട് (Tamil Nadu) വിലങ്കുറിച്ചിയിലെ ഒരു സ്കൂളിലാണ് ആർഎസ്എസ് പരിശീലന ക്യാമ്പ് നടത്തിയത്. ഇതിനെതിരെ നാം തമിളർ കച്ചി പാർട്ടി സ്കൂളിന് പുറത്ത് പ്രതിഷേധം നടത്തിയതോടെയാണ് സ്ഥലത്ത് പൊലീസ് എത്തിയത്. ഡിസംബർ 31നായിരുന്നു പ്രതിഷേധം നടന്നത്.
സ്ഥലത്തെത്തിയ പൊലീസുകാരെ സ്കൂൾ പരിസരത്തേക്ക് പ്രവേശിക്കുന്നത് ആർഎസ്എസ് പ്രവർത്തകർ തടഞ്ഞതാണ് സംഘർഷത്തിലെത്തിച്ചത്. കോയമ്പത്തൂർ പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ടി ജയചന്ദ്രനെ അടക്കം പ്രവത്തകർ തടയുന്നത് വീഡിയോയിൽ കാണാം. ഒരു പൊലീസ് ഉദ്യോഗസ്ഥനെ ആർഎസ്എസ് പ്രവർത്തകരിലൊരാൾ തള്ളുന്നതും വീഡിയോയിൽ വ്യക്തമാകുന്നുണ്ട്. ഇതേ തുടർന്ന് നാല് ആർഎസ്എസ് പ്രവർത്തകർക്കും ഹിന്ദു മുന്നണി ജില്ലാ സെക്രട്ടറിക്കുമെതിരെ പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. പൊലീസുുകാരുടെ ഡ്യൂട്ടി തടസ്സപ്പെടുത്തിയതുമായി ബന്ധപ്പെട്ട വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അതേസമയം നേരത്തേ, പരിശീലനത്തിനെതിരെ പ്രതിഷേധിച്ച നാം തമിളർ കച്ചി, തന്തൈ പെരിയാർ ദ്രാവിഡ കഴകം എന്നിവരുടെ അംഗങ്ങളെ പൊലീസ പിടികൂടിയിരുന്നു. സ്കൂളുകൾ കേന്ദ്രീകരിച്ച് ആർഎസ്എസ് നടത്തുന്ന പരിശീലന ക്യാമ്പുകൾ നിരോധിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ പ്രതിഷേധിച്ചത്.