ദില്ലി: ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസർക്കാർ. കൊടിക്കുന്നിൽ സുരേഷ് എംപിക്ക് രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര ടൂറിസം മന്ത്രി പ്രഹ്ളാദ് പട്ടേലാണ് കേന്ദ്രസർക്കാരിന്‍റെ നിലപാട് വ്യക്തമാക്കിയത്. ശബരിമല സമരം കത്തി നിന്ന കാലത്ത് സംസ്ഥാന സർക്കാരിൽ നിന്ന് ശബരിമല കേന്ദ്രസർക്കാർ ഏറ്റെടുത്തേക്കുമെന്ന് പല തവണ സംസ്ഥാന ബിജെപി നേതാക്കൾ വ്യക്തമാക്കിയിരുന്നതാണ്. ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കുകയോ, തിരുപ്പതി മോഡൽ ട്രസ്റ്റായി ശബരിമല ക്ഷേത്രത്തിന്‍റെ ഭരണസംവിധാനത്തെ മാറ്റുകയോ ചെയ്യുമെന്നായിരുന്നു അവകാശവാദം. എന്നാൽ അത്തരമൊരു പദ്ധതിയും കേന്ദ്രസർക്കാരിനില്ല എന്നാണ് ഈ മറുപടിയിലൂടെ വ്യക്തമാകുന്നത്.
ശബരിമല കേന്ദ്രസർക്കാരിന്‍റെ സംരക്ഷിത സ്മാരകമല്ലെന്ന കാരണമാണ് നേരത്തേ ദേശീയ തീർത്ഥാടന കേന്ദ്രമാക്കാതിരിക്കാൻ കേന്ദ്രം കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.
ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ നേരത്തേ ആവശ്യപ്പെട്ടിരുന്നതാണ്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്ന് മാത്രമല്ല, 33 വിവിധ രാജ്യങ്ങളിൽ നിന്നും ശബരിമലയിൽ തീർത്ഥാടകരെത്തുന്നുണ്ട്. ഇത് ചൂണ്ടിക്കാട്ടി ശബരിമലയ്ക്ക് പ്രത്യേക പദവി നൽകണമെന്നായിരുന്നു സംസ്ഥാനസർക്കാരിന്‍റെ ആവശ്യം. കേന്ദ്രസർക്കാരിനെ ഈ ആവശ്യം അറിയിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
ദേശീയ തീർത്ഥാടന കേന്ദ്രമെന്ന പദവി കിട്ടുന്നത് കൂടുതൽ സൗകര്യങ്ങൾ കിട്ടാൻ വഴി വയ്ക്കുമെന്നാണ് സംസ്ഥാനസർക്കാരിന്‍റെ വിലയിരുത്തൽ. ദേശീയ തീർത്ഥാടന കേന്ദ്രമെന്ന നിലവാരത്തിലേക്ക് ഉയർത്തുന്നതിന് ശബരിമല മാസ്റ്റർ പ്ലാൻ പ്രകാരമുള്ള നടപടികൾ സംസ്ഥാനസർക്കാർ പൂർത്തീകരിച്ചു വരികയാണ്. ബാക്കിയുള്ളവ അതിവേഗം പൂർത്തീകരിക്കുമെന്നും വിമാനത്താവളം സജ്ജീകരിക്കുന്നതിന്‍റെ സാധ്യത പരിശോധിക്കുകയാണെന്നും അന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നതാണ്.
മുൻ കേന്ദ്രമന്ത്രിയായിരുന്ന അൽഫോൺസ് കണ്ണന്താനവും ശബരിമലയെ ദേശീയ തീർത്ഥാടന കേന്ദ്രമായി ഉയർത്തുമെന്നും അതിനായി കേന്ദ്രത്തിൽ സമ്മർദ്ദം ചെലുത്തുമെന്നും വ്യക്തമാക്കിയിരുന്നതാണ്.
എന്നാൽ വാഗ്ദാനങ്ങളെല്ലാം പാഴാകുന്ന കാഴ്ചയാണ് കാണുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam