രാജസ്ഥാന്‍ രാഷ്ട്രീയം കൂടുതല്‍ സങ്കീര്‍ണം; സച്ചിൻ പൈലറ്റിന്‍റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

By Web TeamFirst Published Jul 17, 2020, 7:45 AM IST
Highlights

കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം. സച്ചിൻ പൈലറ്റ് ക്യാമ്പിലേക്ക് പോയ ഭാരതീയ ട്രൈബൽ പാര്‍ട്ടിയിലെ രണ്ട് എംഎൽഎമാര്‍ ഇന്ന് അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തുന്നുണ്ട്

ജയ്പുര്‍: സ്പീക്കറുടെ അയോഗ്യത നോട്ടീസ് ചോദ്യം ചെയ്ത് സച്ചിൻ പൈലറ്റ് നൽകിയ ഹര്‍ജി രാജസ്ഥാൻ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഇന്നലെയാണ് സച്ചിൻ പൈലറ്റ് ഹര്‍ജി നൽകിയത്. രാത്രി എട്ട് മണിയോടെ ഹര്‍ജി പരിഗണിച്ച രാജസ്ഥാൻ ഹൈക്കോടതി കേസിൽ വാദം കേൾക്കുന്നത് ഇന്നത്തേക്ക് മാറ്റിവെയ്ക്കുകയായിരുന്നു.

കോണ്‍ഗ്രസിനൊപ്പം തുടരുമ്പോള്‍ നൽകിയ അയോഗ്യത നോട്ടീസിന് സാധുതയില്ലെന്നാണ് ഹര്‍ജിയിലെ വാദം. സച്ചിൻ പൈലറ്റ് ക്യാമ്പിലേക്ക് പോയ ഭാരതീയ ട്രൈബൽ പാര്‍ട്ടിയിലെ രണ്ട് എംഎൽഎമാര്‍ ഇന്ന് അശോക് ഗെലോട്ടുമായി ചര്‍ച്ച നടത്തുന്നുണ്ട്. അതിനിടെ ഗെലോട്ട് സര്‍ക്കാരിനെ സഹായിക്കാൻ ബിജെപി മുൻ മുഖ്യമന്ത്രി വസുന്ധര രാജേ ശ്രമിക്കുകയാണെന്ന ആരോപണവുമായി ബിജെപി സഖ്യ കക്ഷിയായ ആര്‍എൽപി രംഗത്തെത്തി.

അടുപ്പമുള്ള വിമത കോണ്‍ഗ്രസ് എംഎൽഎമാരോട് അശോക് ഗെലോട്ടിനെ പിന്തുണയ്ക്കാൻ വസുന്ധര രാജേ ആവശ്യപ്പെട്ടു എന്നാണ് ആരോപണം. ബിജെപിയിലേക്ക് ഇല്ല എന്ന് വ്യക്തമാക്കിയെങ്കിലും ഗെലോട്ടിനെതിരെയുള്ള നിലപാടിൽ ഉറച്ചു നിൽക്കുന്നു എന്നാണ് നിയമനടപടിയിലൂടെ സച്ചിൻ പൈലറ്റ് നൽകുന്ന സൂചന.

അഹമ്മദ് പട്ടേൽ  സച്ചിനുമായി രണ്ടു വട്ടം സംസാരിച്ചിരുന്നു. എന്നാൽ പഴയ നിലപാടിൽ സച്ചിൻ ഉറച്ചു നില്‍ക്കുകയാണ്. പാർട്ടിയിൽ തുടരുകയാണെന്നും സച്ചിൻ പറയുന്നു. അതേസമയം, ബിജെപിയുമായി സച്ചിൻ ഏഴു മാസമായി ചർച്ച നടത്തുകയായിരുന്നു എന്ന് അശോക് ഗെലോട്ട് തുറന്നടിച്ചു. സച്ചിൻ പൈലറ്റുമായി സമവായത്തിനു ശ്രമം വേണ്ടെന്നാണ് ഗെലോട്ടിൻറെ നിലപാട്. 

click me!