
പാറ്റ്ന: ബിഹാറിൽ കാട്ടുഭരണം വരുമെന്ന നരേന്ദ്ര മോദിയുടെ പ്രസ്താവന പരാജയഭീതി കൊണ്ടെന്ന് കോൺഗ്രസ് നേതാവ് സച്ചിൻ പൈലറ്റ്. ബീഹാർ തലമുറമാറ്റത്തിനാണ് തയ്യാറെടുക്കുന്നതെന്നും സച്ചിൻ പൈലറ്റ് പറ്റ്നയിൽ ഏഷ്യാനെറ്റ് ന്യൂസിനോടു പറഞ്ഞു. രാജസ്ഥാനിൽ താനുയർത്തിയ വിഷയങ്ങൾ പാർട്ടി വൈകാതെ പരിഹരിക്കും എന്ന് പ്രതീക്ഷിക്കുന്നതായും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.
കാട്ടുഭരണം വരുമെന്ന് പറയുമ്പോൾ കഴിഞ്ഞ 15 കൊല്ലത്തെ ഭരണത്തെക്കുറിച്ച് മോദി സംസാരിക്കണമെന്നും സച്ചിൻ ആവശ്യപ്പെടുന്നു. 15 വർഷം നിതീഷ്കുമാറിൻ്റെ ഭരണമായിരുന്നില്ലേ. 6 വർഷം മോദിയല്ലേ രാജ്യം ഭരിച്ചത് മുംഗറിൽ ജനങ്ങൾ മൃഗീയമായി കൊല്ലപ്പെട്ടതിന് ആരാണ് ഉത്തരവാദി? ഭരണത്തിലെ പാളിച്ചയെ മുൻ സർക്കാരുകളെ പഴിചാരി മറികടക്കാനാകില്ല, സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കുന്നു. ബിഹാറിൽ ശക്തമായ ഒരു സർക്കാർ വരുമെന്നാണ് സച്ചിൻ പൈലറ്റ് പറയുന്നത്..
രാജസ്ഥാനിൽ കലാപക്കൊടി ഉയർത്തിയ ശേഷം ഒത്തുതീർപ്പിനു തയ്യാറായ സച്ചിൻ പൈലറ്റിനെയും ബീഹാറിൽ പാർട്ടി പ്രചാരണത്തിന് നിയോഗിച്ചിരിക്കുകയാണ്. നിതീഷ്കുമാർ പരാജയമാണെന്നും ബീഹാറിൽ പുതിയ തലമുറ മാറ്റം കൊണ്ടുവരാൻ തയ്യാറെടുക്കുകയാണെന്നുമാണ് സച്ചിൻ പൈലറ്റ് വിശ്വസിക്കുന്നത്.
സഖ്യസർക്കാരിന് നല്ല ഭൂരിപക്ഷം കിട്ടുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച സച്ചിൻ പൈലറ്റ്. മതത്തിന്റെ പേരിൽ വോട്ട് തേടുകയാണ് ബിജെപിയെന്നും ജനം അതല്ല ആഗ്രഹിക്കുന്നതെന്നും ചൂണ്ടിക്കാട്ടി.
രാജസ്ഥാനിൽ എതിർപ്പ് ഉയർത്തിയതിനു ശേഷം ആദ്യമായാണ് സച്ചിൻ പൈലറ്റ് കേരളത്തിലെ മാധ്യമത്തോട് സംസാരിക്കുന്നത്. താൻ ചില കാര്യങ്ങൾ ഉന്നയിച്ചത് വ്യക്തിപരമല്ലെന്നു ഭരണപരമായിട്ടാണെന്നും സച്ചിൻ പൈലറ്റ് വിശദീകരിക്കുന്നു. ഉത്തരവാദിത്തത്തോടെയാണ് കാര്യങ്ങൾ ഉന്നയിച്ചത്, കോൺഗ്രസ് അധ്യക്ഷയ്ക്ക് കാര്യങ്ങൾ മനസ്സിലായിട്ടുണ്ടെന്നും സച്ചിൻ പൈലറ്റ് പറയുന്നു. വൈകാതെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുമെന്നും സച്ചിൻ പൈലറ്റ് പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam