
ദില്ലി: തന്‍റെ വെപ്പുകാലുകൾ രാജ്യസഭയിൽ മേശപ്പുറത്ത് വെച്ച് പ്രസംഗിച്ച് സി സദാനന്ദൻ എംപി. സിപിഎമ്മിനെതിരെ രൂക്ഷവിമർശനമാണ് എംപി നടത്തിയത്. ജനാധിപത്യത്തെ കുറിച്ച് വാതോരാതെ പറയുന്നവർ തന്നെ ആക്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. രാഷ്‌ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിന്മേലുള്ള നന്ദി പ്രമേയ ചർച്ചയ്‌ക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു സി സദാനന്ദൻ.
31 വർഷം മുൻപ് സിപിഎം പ്രവർത്തകർ തന്‍റെ കാലുകൾ മുറിച്ചുകളഞ്ഞെന്ന് സദാനന്ദൻ എംപി പറഞ്ഞു. അതിനാൽ തനിക്ക് എഴുന്നേറ്റ് നിന്ന് പ്രസംഗിക്കാൻ കഴിയില്ലെന്ന് വെപ്പുകാലുകൾ മേശപ്പുറത്തു വച്ച് അദ്ദേഹം പറഞ്ഞു- "എനിക്കും ഉറപ്പുള്ള രണ്ട് കാലുകൾ ഉണ്ടായിരുന്നു. പക്ഷേ ഇപ്പോൾ ഉപയോഗിക്കുന്നത് വെപ്പുകാലുകളാണ്. ഈ സഭയിൽ പലവട്ടം ജനാധിപത്യത്തെ കുറിച്ച് സംസാരിക്കുന്നത് ഞാൻ കേട്ടു. ഈ സഭയിൽ ജനാധിപത്യത്തെ കുറിച്ച് അലറിവിളിക്കുന്നവർ 31 വർഷം മുൻപ് എന്നെ ആക്രമിച്ചു. സിപിഎം നേതാക്കളുടെ നിർദേശ പ്രകാരം എന്‍റെ ഇരുകാലുകളും വെട്ടിയെടുത്തു. ഇൻക്വിലാബ് സിന്ദാബാദ് എന്ന് അവർ ഉറക്കെ നിലവിളിച്ചു".
പ്രസംഗത്തിനെതിരെ ഇടത് അംഗങ്ങൾ പ്രതിഷേധവുമായി രംഗത്തെത്തി. മേശപ്പുറത്ത് കാലുകൾ വെച്ചത് ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് ജോണ്‍ ബ്രിട്ടാസ് ചൂണ്ടിക്കാട്ടി. മാനുഷികതയെ കുറിച്ചു നിരന്തരം സംസാരിക്കുന്നവർക്ക് അസഹിഷ്ണുതയാണെന്ന് എംപി തിരിച്ചടിച്ചു. പിന്നാലെ കേരളത്തിലെ യുവാക്കൾ മറുനാടുകളിലേക്ക് പോകുന്നുവെന്നും കേരളത്തിൽ അവർക്ക് അവസരം നിഷേധിക്കപ്പെടുന്നത് കൊണ്ടാണ് അവർ പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കേരളത്തിന് അവകാശപ്പെട്ട പണം വിദേശത്തേക്ക് ഒഴുകുകയാണെന്നും സംസ്ഥാന സർക്കാരിൻ്റെ പിടിപ്പുകേടാണ് ഇതിന് കാരണമെന്നും എംപി വിമർശിച്ചു.
നന്ദി പ്രമേയ ചർച്ചയ്ക്കിടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗും ആഭ്യന്തര മന്ത്രി അമിത് ഷായും തമ്മിൽ ഇന്ന് ലോക്‌സഭയിൽ നടന്നത് നാടകീയ രംഗങ്ങൾ നിറഞ്ഞുനിന്ന വാക് പോര്. ബി ജെ പി എം പി തേജസ്വി സൂര്യ കോൺഗ്രസിന്റെ രാജ്യസ്‌നേഹത്തെയും സംസ്‌കാരത്തെയും ചോദ്യം ചെയ്തതോടെയാണ് മറുപടിയുമായി രാഹുൽ ഗാന്ധി എഴുന്നേറ്റത്. മുൻ കരസേന മേധാവി ജനറൽ നരവനെയുടെ പുറത്തിറങ്ങാത്ത പുസ്തകത്തിലെ പരാമർശങ്ങൾ ഉദ്ധരിച്ച് ചൈനയുടെ കടന്നുകയറ്റത്തെക്കുറിച്ച് വിവരിച്ചുകൊണ്ടായിരുന്നു രാഹുൽ ഗാന്ധിയുടെ കടന്നാക്രമണം. രാഹുൽ പ്രസംഗം തുടങ്ങിയപ്പോൾ തന്നെ ചാടി എഴുന്നേറ്റ് രാജ്നാഥ് സിംഗും അമിത് ഷായും വിമർശനവും തുടങ്ങി. പ്രകാശിതമാകാത്ത പുസ്തകത്തിലെ കാര്യങ്ങൾ സഭയിൽ ഉന്നയിക്കുന്നത് ചട്ടവിരുദ്ധമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു ഇരുവരും രംഗത്തെത്തിയത്. എന്നാൽ ഒരു മാഗസിനിൽ വന്ന റിപ്പോർട്ടാണെന്ന് പറഞ്ഞായിരുന്നു രാഹുലിന്‍റെ തിരിച്ചടി. പലതവണ രാഹുൽ ഗാന്ധിയുടെ മൈക്ക് ഓഫാക്കിയും റൂളിംഗ് നടത്തിയും ഇതിനിടെ സ്പീക്കറും കളം നിറഞ്ഞു. ഒടുവിൽ ഒരു മണിക്കൂറിലേറെ നീണ്ട പോര്, സ്പീക്കർ സഭ തത്കാലത്തേക്ക് നിർത്തിവച്ചതോടെയാണ് അവസാനിച്ചത്. ഈ സംഭവത്തിനെല്ലാം സാക്ഷിയായി പ്രധാനമന്ത്രി മോദിയും സഭയിൽ ഉണ്ടായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam