
ദില്ലി: സര്‍വകക്ഷി സംഘത്തിലേക്കുള്ള ക്ഷണം നിരസിച്ച് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്. പാര്‍ട്ടിയാണ് അംഗങ്ങളെ തീരുമാനിക്കേണ്ടതെന്ന് സല്‍മാന്‍ ഖുര്‍ഷിദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശിച്ചവരാണ് പോകേണ്ടത്. രണ്ട് ദിവസം മുന്‍പാണ് സര്‍ക്കാര്‍ തന്നെ വിളിച്ചതെന്നും അപ്പോള്‍ തന്നെ പാര്‍ട്ടിയെ ബന്ധപ്പെടാന്‍ നിര്‍ദ്ദേശിച്ചെന്നും സല്‍മാന്‍ ഖുര്‍ഷിദ് വ്യക്തമാക്കി. ശശി തരൂരിനും സല്‍മാന്‍ ഖുര്‍ഷിദിനും പുറമെ മനീഷ് തിവാരി, അമര്‍സിംഗ് എന്നീ എംപിമാരെയും സര്‍ക്കാര്‍ നേരിട്ട് വിളിച്ചിരുന്നു. മനീഷ് തിവാരിയും അമര്‍സിംഗും ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല
അതേ സമയം, ഓപ്പറേഷന്‍ സിന്ദൂറിന്‍റെ ഭാഗമായി വിദേശരാജ്യത്തേക്കയക്കുന്ന സര്‍വകക്ഷി പ്രതിനിധി സംഘത്തിലെ പ്രാതിനിധ്യത്തെ ചൊല്ലി കോണ്‍ഗ്രസും ശശി തരൂരും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. പാര്‍ട്ടി നല്‍കിയ പേരുകള്‍ അവഗണിച്ച് ശശി തരൂരിനെ ഒരു സംഘത്തിന്‍റെ നേതൃസ്ഥാനത്ത് സര്‍ക്കാര്‍ നിയമിച്ചതിലെ കടുത്ത അതൃപ്തി കോണ്‍ഗ്രസ് പരസ്യമാക്കി.രാഷ്ട്രീയത്തേക്കാള്‍ വലുത് രാഷ്ട്രമാണെന്ന് ആവര്‍ത്തിച്ച തരൂര്‍ സര്‍ക്കാരിന്‍റെ ക്ഷണം അഭിമാനത്തോടെ സ്വീകരിച്ചെന്നും, മൂല്യമുള്ള തന്നെ ആര്‍ക്കും അപമാനിക്കാനാവില്ലെന്നും തിരിച്ചടിച്ചു.
ഓപ്പറേഷന്‍ സിന്ദൂറിലെ പ്രതിനിധി സംഘത്തില്‍ തരൂരിനെ ഉള്‍പ്പെടുത്തിയത് വഴി കേന്ദ്രസര്‍ക്കാര്‍ ഉന്നമിട്ട പ്രധാന കാര്യം നടപ്പായി. പാര്‍ട്ടിയും തരൂരും തമ്മില് അടി മൂത്തു. സര്‍വകക്ഷി സംഘത്തിലേക്ക് അംഗങ്ങളെ നിര്‍ദ്ദേശിക്കാന്‍ എല്ലാ പാര്ട്ടികളോടും ഏകോപന ചുമതലയുള്ള പാര്‍ലമെന്‍ററി കാര്യ മന്ത്രി കിരണ്‍ റിജിജു ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പട്ടിക നല്‍കിയത് ശശി തരൂരിനെ ഒഴിവാക്കി.
രാഹുല്‍ ഗാന്ധി നല്‍കിയ പട്ടികയിലുണ്ടായിരുന്നത് മുന്‍ കേന്ദ്രമന്ത്രി ആനന്ദ് ശര്‍മ്മ, എംപിമാരായ ഗൗരവ് ഗോഗോയ്, നാസിര്‍ ഹുസൈന്‍, രാജ ബ്രാര്‍ എന്നിവര്‍. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചത് ശശി തരൂരിനെ.യുഎസ്, യുകെ എന്നിവിടങ്ങളിലേക്കുള്ള പ്രതിനിധി സംഘത്തിന്‍റെ തലവനായാണ് തരൂരിനെ നിയോഗിച്ചത്. കോണ്‍ഗ്രസ് നേതൃത്വവുമായി സംസാരിക്കുന്നതിന് മുന്‍പ് മന്ത്രി കിരണ്‍ റിജിജു ശശി തരൂരുമായി സംസാരിച്ചിരുന്നു. ഇക്കാര്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നാണ് തരൂര്‍ വ്യക്തമാക്കുന്നത്.
തരൂരിനെ പട്ടികയിലുള്‍പ്പെടുത്തിയതില്‍ കടുത്ത അമര്‍ഷത്തിലാണ് കോണ്‍ഗ്രസ്. കേന്ദ്രസര്‍ക്കാരിന്റെ സത്യസന്ധത വെളിപ്പെട്ടെന്ന് ജയറാം രമേശ് പരിഹസിച്ചു. സര്‍ക്കാര്‍ ആവശ്യപ്പട്ടത് പ്രകാരം നാല് പേരെ നിര്‍ദ്ദേശിച്ചു.എന്നാല്‍ സര്‍ക്കാരിന്‍റെ പട്ടിക കണ്ടപ്പോള്‍ അമ്പരന്ന് പോയി. നല്‍കിയ നാല് പേരുകളില്‍ ഒരു മാറ്റവുമില്ല. ജയറാം രമേശ് വ്യക്തമാക്കി. കോണ്‍ഗ്രസുകാരനായിരിക്കുന്നതും കോണ്‍ഗ്രസിലായിരിക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ടെന്ന പ്രതികരണത്തിലൂടെ തരൂരിനെതിരായ അമര്‍ഷവും മറച്ച് വച്ചില്ല.
കഴിഞ്ഞ കുറെ നാളുകളായി തരൂരും കോണ്‍ഗ്രസുമായി നിലനില്‍ക്കുന്ന അഭിപ്രായ ഭിന്നത പൊട്ടിത്തെറിയിലേക്ക് നീങ്ങുന്നതിന്‍റെ സൂചനയാണ് കാണുന്നത്. പാര്‍ട്ടി നിലപാടാണ് പൊതു സമൂഹത്തില്‍ പറയേണ്ടതെന്ന ലക്ഷ്മണ രേഖ കോണ്‍ഗ്രസ് വരച്ചെങ്കിലും നിലപാടില്‍ ഒരു മാറ്റവുമുണ്ടാകില്ലെന്നാണ് തരൂര്‍ ആവര്‍ത്തിക്കുന്നത് പാര്‍ട്ടിയെ കൂടുതല്‍ പ്രകോപിപ്പിക്കുകയാണ്. രാജ്യ താല്‍പര്യം മാത്രമാണ് ലക്ഷ്യമെന്ന് പറയുന്ന തരൂരിനെതിരെ കടുത്ത നടപടിയെടുക്കാനും പാര്‍ട്ടിക്ക് കഴിയില്ല.
അതേ സമയം കോണ്‍ഗ്രസ് നല്‍കിയ പട്ടികക്കെതിരെ ബിജെപി വിമര്‍ശനം കടുപ്പിച്ചു. പട്ടികയിലുള്ള ഗൗരവ് ഗോഗോയ്യും പാക് ഏജന്‍റുമാരാണെന്നും പാകിസ്ഥാന് സിന്ദാബാദ് വിളിച്ചവരാണ് നാസിര്‍ ഹുസൈന്‍ എംപിയുടെ അനുയായികളെന്നും ബിജെപി വക്താവ് അമിത് മാളവ്യ സമൂഹമാധ്യമത്തില്‍ വിമര്‍ശിച്ചു.