15 അടി നീളമുള്ള ഓവുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച് മരിച്ചു

By Web TeamFirst Published Feb 3, 2020, 8:56 AM IST
Highlights
  • അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച് മരിച്ചു.
  • ഒരാള്‍ ആശുപത്രിയില്‍ ചികിത്സയില്‍.

ദില്ലി: നഗരത്തിലെ അഴുക്കുചാല്‍ വൃത്തിയാക്കാനിറങ്ങിയ ശുചീകരണ തൊഴിലാളി വിഷപ്പുക ശ്വസിച്ച് മരിച്ചു. ദില്ലിയിലെ ഷഹ്ദരയില്‍ ഞായറാഴ്ചയാണ് സംഭവം. രവിയെന്നയാളാണ് മരിച്ചത്. ഇയാള്‍ക്കൊപ്പം ഓവുചാല്‍ വൃത്തിയാക്കാനിറങ്ങിയ സഞ്ജയ് ആശുപത്രിയില്‍ ചികിത്സയിലാണ്.

15 അടി നീളമുള്ള ഓവുചാല്‍ വൃത്തിയാക്കാനായി സ്വകാര്യ കരാറുകാരനാണ് രവിയും സഞ്ജയും ഉള്‍പ്പെടെ അഞ്ചുപേരെ ഏര്‍പ്പാടാക്കിയത്. ദില്ലി വികസന അതോറിറ്റിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു ശുചീകരണ നടപടികള്‍ നടത്തിയത്. എന്നാല്‍ വൃത്തിയാക്കാനിറങ്ങിയ ഇവര്‍ക്ക് ആവശ്യമായ സുരക്ഷാ മുന്‍കരുതലുകള്‍ ഉണ്ടായിരുന്നില്ല.രവിയാണ് അഴുക്കുചാലിലേക്ക് ആദ്യമിറങ്ങിയത്. ഏറെ നേരം കഴിഞ്ഞും ഇയാളെ കാണാതായതോടെ സഞ്ജയ് പിന്നാലെ ഇറങ്ങുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. മറ്റുള്ള തൊളിലാളികളാണ് പൊലീസിനെ വിവരമറിയിച്ചത്.  

രണ്ടുപേര്‍ അഴുക്കുചാലിനുള്ളില്‍ കുടുങ്ങി കിടക്കുന്നത് ഉച്ചയോടെ അറിഞ്ഞ പൊലീസ് അവിടേക്കെത്തി കയറുപയോഗിച്ച് ഇവരെ പുറത്തെടുക്കുകയായിരുന്നെന്ന് ഷഹ്ദരയിലെ ഡെപ്യൂട്ടി കമ്മീഷണര്‍ അമിത് ശര്‍മ്മ പറഞ്ഞതായി ഇന്ത്യ ടുഡെ റിപ്പോര്‍ട്ട് ചെയ്തു. ഉടന്‍ തന്നെ ഇവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രവിയുടെ ജീവന്‍ രക്ഷിക്കാനായില്ല. സംഭവത്തില്‍ സ്വകാര്യ കരാറുകാരനെതിരെ കേസെടുത്തു. 

Read More: കൊറോണയില്‍ വിറങ്ങലിച്ച് ചൈന; മരണം 361 ആയി

click me!