
കൊച്ചി: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേലിനെതിരെ തുടർച്ചയായ സമരപരിപാടികൾ ഒരുക്കാൻ സേവ് ലക്ഷദ്വീപ് ഫോറം തീരുമാനിച്ചു. ഭരണ പരിഷ്കാരങ്ങൾ നേരിട്ട് ബാധിക്കുന്ന തൊഴിലാളികളെ അടക്കം ഉൾക്കൊള്ളിച്ചാകും പ്രതിഷേധം. ഈ മാസം 20വരെ ആണ് പ്രഫുൽ പട്ടേൽ ദ്വീപിൽ തങ്ങുന്നത്. അഡ്മിനിസ്ട്രേറ്റർ ദ്വീപിൽ തുടരുന്ന ദിവസങ്ങളിലെല്ലാം സമരപരമ്പരകൾ തീർക്കാനാണ് സേവ് ലക്ഷദ്വീപ് ഫോറം സജ്ജമായിരിക്കുന്നത്.
ഭരണപരിഷ്കാരങ്ങൾ മൂലം തൊഴിൽ നഷ്ടപ്പെട്ടവരും, ഭൂമി നഷ്ടമാക്കുന്നവർ അടക്കം സമരത്തിൽ അണിനിരക്കും. മത്സ്യബന്ധന മേഖലകളിൽ പണിയെടുത്തിരുന്നവർ, ക്ഷീരകർഷകർ, തുടങ്ങിയവരെല്ലാം സമരത്തിൽ പങ്കാളികളാകും. ദ്വീപുകളിൽ ലോക്ക്ഡൗൺ ഉള്ളതിനാൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരം നടത്തുക.
അഡ്മിനിസ്ട്രേറ്ററെ നേരിൽ കണ്ട് നിവേദനം സമർപ്പിക്കാനും പ്രതിഷേധക്കാർ തീരുമാനിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം ദ്വീപിൽ എത്തിയ അഡ്മിനിസ്ട്രേറ്ററുടെ സന്ദർശന പരിപാടികൾ തുടരുകയാണ്. ഇന്നലെ ചേർന്ന യോഗത്തിൽ കാർഷിക മേഖലയിൽ നടപ്പാക്കുന്ന പദ്ധതികളിൽ വേണ്ടത്ര വേഗത ഇല്ലാത്തതിൽ പ്രഫുൽ പട്ടേൽ അസംതൃപ്തി രേഖപ്പെടുത്തി. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
അധിക ചുമതല നിർവ്വഹിക്കുന്ന പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ പ്രത്യേക വിമാനത്തിൽ എത്തുന്നതിന്‍റെ ചെലവുകളുടെ കണക്കും അതിനിടെ പുറത്തു വന്നു. ഇതുവരെ മൂന്നുതവണയാണ് പ്രഫുൽ പട്ടേൽ ലക്ഷദ്വീപിൽ എത്തിയിട്ടുള്ളത്. കോസ്റ്റ് ഗാർഡ് ഡോണിയർ വിമാനത്തിൽ ഫെബ്രുവരിയിൽ ഒരു ദിവസം വന്നതിനു ചിലവ് 23 ലക്ഷത്തിലധികം രൂപയാണ്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്‍റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona