രാജ്യത്ത് 45 വയസ് കഴിഞ്ഞവര്‍ക്കുള്ള വാക്സീനേഷന്‍ നാളെ ആരംഭിക്കും

By Web TeamFirst Published Mar 31, 2021, 7:06 AM IST
Highlights

സർക്കാർ,​ സ്വകാര്യ ആശുപത്രികളിൽ വാക്സീനേഷൻ സൗകര്യമുണ്ട്. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സീൻ സ്വീകരിക്കാം. ആധാർ കാർഡ് നിർബന്ധമാണ്. രാജ്യത്ത് ആകെ 20 കോടി ആളുകൾക്ക് വാക്സീൻ നൽകാനാണ് തീരുമാനം

തിരുവനന്തപുരം: രാജ്യത്ത് 45 വയസ് കഴിഞ്ഞവർക്കുള്ള വാക്‌സീനേഷൻ നാളെ ആരംഭിക്കും. കേരളത്തിൽ ഒരു ദിവസം രണ്ടര ലക്ഷം പേർക്ക് വീതം വാക്സീന്‍ നൽകും. ഇതിനായി അധിക കേന്ദ്രങ്ങൾ തുറന്നു. സർക്കാർ,​ സ്വകാര്യ ആശുപത്രികളിൽ വാക്സീനേഷൻ സൗകര്യമുണ്ട്. 45 വയസിനു മുകളിലുള്ള മറ്റു രോഗങ്ങളില്ലാത്തവർക്കും മുൻകൂർ രജിസ്‌ട്രേഷനില്ലാതെ സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്സീൻ സ്വീകരിക്കാം.

ആധാർ കാർഡ് നിർബന്ധമാണ്. രാജ്യത്ത് ആകെ 20 കോടി ആളുകൾക്ക് വാക്സീൻ നൽകാനാണ് തീരുമാനം. അതേസമയം, രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണത്തിൽ അഞ്ച് മടങ്ങ് വർധനയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഏറ്റവും കൂടുതൽ രോഗികൾ നിലവിലുള്ളത് പൂനെ, നാഗ്പൂർ, മുംബൈ ജില്ലകളിലാണ്.

കൊവിഡ് പരിശോധനകൾ വർധിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് ആരോ​ഗ്യമന്ത്രാലയം നിർദ്ദേശം നൽകി.  കൊവിഡ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ളത് മഹാരാഷ്ട്രയിലാണ്. ഇവിടെ 23 ശതമാനമെന്നാണ് കണക്ക്. മഹാരാഷ്ട്രയിൽ എട്ട് ജില്ലകൾ കൊവിഡ് തീവ്രബാധിത മേഖലകളാണ്. 

ഫെബ്രുവരി പകുതി മുതലാണ് രാജ്യത്ത് കൊവിഡ്  കേസുകൾ കൂടിയത്. യുകെയിൽ നിന്നെത്തിയ 807 പേരിൽ കൊവിഡ് വൈറസ് വകഭേദം ഇതുവരെ കണ്ടെത്തി. രോ​ഗികളുടെ എണ്ണം കൂടുന്ന ജില്ലകളിൽ വാക്സീനേഷൻ കൂട്ടണമെന്നാണ് നിര്‍ദേശം. 45 വയസിനു മുകളിലുള്ളവർ വാക്സീനേഷനു വേണ്ടി രജിസ്റ്റർ ചെയ്യണം എന്ന് അഭ്യർത്ഥിക്കുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. 

click me!