
ദില്ലി: ദില്ലി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതി തന്‍റെ കാമവികാരത്തെ തൃപ്തിപ്പെടുത്താൻ മാത്രമാണോ വാഗ്ദാനം ചെയ്തതെന്ന് കോടതികൾ പരിശോധിക്കണമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജെ ബി പർദിവാല, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഇത് സംബന്ധിച്ച വിധി പുറപ്പെടുവിച്ചത്. കേസിലെ പ്രതി ലൈംഗികബന്ധം മാത്രം ലക്ഷ്യമിട്ട് തെറ്റായ വാഗ്ദാനം നൽകിയിരുന്നു എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ കേസ് റദ്ദാക്കിയത്.
വിവാഹവാഗ്ദാനവും ബലാത്സംഗവും
വിവാഹവാഗ്ദാനം നൽകിയുള്ള ലൈംഗികബന്ധവും ബലാത്സംഗവും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ടെന്ന് കോടതി പറഞ്ഞു. പ്രതിക്ക് യഥാർത്ഥത്തിൽ പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിരുന്നോ, അതോ ലൈംഗിക താൽപ്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് ദുരുദ്ദേശത്തോടെ കള്ളവാഗ്ദാനം നൽകിയതാണോ എന്ന് കോടതി വളരെ ശ്രദ്ധയോടെ പരിശോധിക്കണം. ഇതിൽ രണ്ടാമത്തെ സാഹചര്യം വഞ്ചനയുടെ പരിധിയിൽ വരുമെന്നും കോടതി ചൂണ്ടിക്കാട്ടി.
കേസിന്‍റെ വിശദാംശങ്ങൾ
ഈ കേസിൽ പരാതിക്കാരിയുമായി പ്രതിക്ക് 2010 മുതൽ 2014 വരെ നീണ്ട നാല് വർഷത്തെ ബന്ധമുണ്ടായിരുന്നു. പ്രതി പരാതിക്കാരിയുടെ കുടുംബവുമായി കൂടിക്കാഴ്ച നടത്തുകയും, പൊലീസിന്‍റെ മധ്യസ്ഥതയിൽ വിവാഹത്തിന് ഉറപ്പ് നൽകുകയും ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ നോക്കുമ്പോൾ, ഇത് ലൈംഗികബന്ധം സ്ഥാപിക്കാൻ വേണ്ടി നൽകിയ വ്യാജ വാഗ്ദാനമല്ലെന്നും, മറിച്ച് ഒരു യഥാർത്ഥ ബന്ധം പിന്നീട് തകർന്നുപോയതാണെന്നും കോടതി വിലയിരുത്തി.
ഒരു വാഗ്ദാനം ലംഘിക്കുന്നത് തെറ്റായ വാഗ്ദാനത്തിന് തുല്യമല്ലെന്നും കോടതി നിരീക്ഷിച്ചു. ഒരു വിവാഹനിശ്ചയം മുടങ്ങുന്നത് സിവിൽ അല്ലെങ്കിൽ ധാർമ്മികമായ തെറ്റായിരിക്കാം. എന്നാൽ, ലൈംഗിക താൽപ്പര്യത്തിനായി മനപ്പൂർവം വഞ്ചിക്കാൻ വേണ്ടി വ്യാജവാഗ്ദാനം നൽകിയിട്ടില്ലെങ്കിൽ അതിനെ ബലാത്സംഗമായി കണക്കാക്കാൻ കഴിയില്ലെന്നും കോടതി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam