ദില്ലിയിലെ വിഷവായു: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളെ നിര്‍ത്തിപ്പൊരിച്ച് സുപ്രീംകോടതി

By Web TeamFirst Published Nov 6, 2019, 5:59 PM IST
Highlights

കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ജോലി കാണില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് അരുണ്‍മിശ്ര. മലിനീകരണം തടയാന്‍ ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതിയുടെ വിമര്‍ശനം

ദില്ലി: രാജ്യതലസ്ഥാനമായ ദില്ലിയില്‍ വായുമലിനീകരണം ശക്തമായി തുടരുന്നതില്‍ സംസ്ഥാന  സര്‍ക്കാരുകളെ അതി രൂക്ഷമായി ശകാരിച്ച് സുപ്രീംകോടതി. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന കോടതി നിര്‍ദ്ദേശം പാലിച്ചില്ലെങ്കില്‍ ജോലി കാണില്ലെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിക്ക് കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍മിശ്ര താക്കീത് നല്‍കി. മലിനീകരണം തടയാന്‍ ദില്ലിയിലെ ആംആദ്മി സര്‍ക്കാര്‍ പരാജയപ്പെട്ടെന്നും കോടതി വിമര്‍ശിച്ചു.

വായുമലിനീകരണവുമായി ബന്ധപ്പെട്ട്  സ്വമേധയാ എടുത്ത കേസില്‍ പഞ്ചാബ്, ഹരിയാന, ദില്ലി , ഉത്തര്‍പ്രദേശ്  സര്‍ക്കാരുകളെ നിര്‍ത്തിപൊരിക്കുകയായിരുന്നു സുപ്രീംകോടതി. കേന്ദ്രത്തിനും കണക്കിന് കിട്ടി. കോടിക്കണക്കിന് ആളുകളുടെ ജീവന്‍ പന്താടുകയാണോയെന്ന് ചോദിച്ചാണ് ജസ്റ്റിസുമാരായ അരുണ്‍മിസ്ര, ദീപക് ഗുപ്ത എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിച്ചത്.

 കാര്‍ഷികാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിടത്ത് എന്ത് ചെയ്തുവെന്ന് പഞ്ചാബ് ചീഫ് സെക്രട്ടറിയോട് ജസ്റ്റിസ് അരുണ്‍മിശ്ര ചോദിച്ചു. കാര്‍ഷികാവശിഷ്ടങ്ങള്‍ വളമാക്കി മാറ്റുന്ന പതിനെട്ടായിരം യന്ത്രങ്ങള്‍ വിതരണം ചെയ്തുവെന്ന് ചീഫ് സെക്രട്ടറി മറുപടി നല്‍കി. പിന്നെ എന്തുകൊണ്ട്  കത്തിക്കുന്നത് തുടരുന്നുവെന്ന ചോദ്യത്തിന് കര്‍ഷകര്‍ നിയമം പാലിക്കുന്നില്ലെന്നായിരുന്നു ചീഫ് സെക്രട്ടറിയുടെ മറുപടി. അത് ചീഫ് സെക്രട്ടറിയുടെ പരാജയമാണെന്നും സര്‍ക്കാര്‍ എന്തിനാണെന്നും കോടതി ചോദിച്ചു.  

രണ്ട് ലക്ഷം കര്‍ഷകര്‍ നിയമം ലംഘിക്കുന്നത് എങ്ങിനെ തടയാനാകുമെന്ന് അറ്റോര്‍ണ്ണി ജനറല്‍ ചോദിച്ചതിനോട് അതിന് ചീഫ് സെക്രട്ടറിമാരാണ് മറുപടിയേണ്ടതെന്നും അവരെ ശിക്ഷിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നെന്നുമായിരുന്നു കോടതിയുടെ മറുപടി. കാര്‍ഷികാവശിഷ്ടങ്ങള്‍ കത്തിക്കുന്നതിലെ അതൃപ്തി ഹരിയാന, ഉത്തര്‍പ്രദേശ് ചീഫ് സെക്രട്ടറിമാരെയും കോടതി അറിയിച്ചു. 

മലിനീകരണം തടയാന്‍ കഴിയുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് കസേരയില്‍ തുടരുന്നതെന്നായിരുന്നു ആംആദ്മി സര്‍ക്കാരിനുള്ള വിമര്‍ശനം. എല്ലാം സംസ്ഥാനങ്ങളുടെ തലയില്‍ വച്ച് ഒഴിയാമെന്ന കേന്ദ്ര നിലപാട് അംഗീകരിക്കാനാവില്ലെന്നും കോടതി പറ‍ഞ്ഞു. ഒരാഴ്ചക്കുള്ളില്‍ മലിനീകരണത്തിന് പരിഹാരം കാണണമെന്നാണ് കോടതിയുടെ അന്ത്യശാസനം. അടിയന്തര നടപടിയെന്ന നിലയില്‍ കാര്‍ഷികാവശിഷ്ടങ്ങള്‍ നീക്കം ചെയ്യാന്‍ കര്‍ഷകര്‍ക്ക് ക്വിന്‍റലിന് നൂറ് രൂപ വച്ചു നല്‍കാന്‍ സുപ്രീംകോടതി ഹരിയാന, പഞ്ചാബ്, ഉത്തര്‍പ്രദേശ് സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

click me!