
ദില്ലി: വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നുള്ള ശസ്ത്രക്രിയക്ക് ശേഷം ചികിത്സ തുടരുന്നതിനിടെയാണ് മുന്‍ വിദേശകാര്യമന്ത്രിയായ സുഷമസ്വരാജ് ഹൃദയാഘാതം വന്നുമരിക്കുന്നത്. വിദേശരാജ്യത്ത് വച്ചായിരിക്കണം ശസ്ത്രക്രിയ നടത്തേണ്ടതെന്നായിരുന്നു എയിംസിലെ വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നിട്ടും സുഷമ സ്വരാജിന്‍റെ ശസ്ത്രക്രിയ നടന്നത് എയിംസില്‍ വച്ചുതന്നെയാണ്.
വിദേശകാര്യമന്ത്രിയായിട്ടും തന്‍റെ ചികിത്സ പുറത്തുവച്ചുവേണ്ട എന്ന് തീരുമാനിച്ചത് സുഷമ സ്വരാജ് തന്നെയാണെന്ന് കഴിഞ്ഞ ദിവസമാണ് ഭര്‍ത്താവും മുന്‍ മിസോറം ഗവര്‍ണറുമായ സ്വരാജ് കൗശല്‍ ട്വീറ്റ് ചെയ്തത്.
താന്‍തന്നെ വിദേശത്ത് പോയി ശസ്ത്രക്രിയ നടത്തിയാല്‍ ജനങ്ങള്‍ക്ക് ഇന്ത്യയിലെ ഡോക്ടര്‍മാരോടും ആശുപത്രികളോടുമുള്ള വിശ്വാസം കുറയുമെന്നായിരുന്നു സുഷമയുടെ മറുപടിയെന്നും അദ്ദേഹം പറയുന്നു.
ഡിസംബര്‍ 2016ലായിരുന്നു സുഷമ സ്വരാജിന് എയിംസില്‍ വച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്. എയിംസ് ആശുപത്രി അധികൃതര്‍ തന്നെ മറ്റ് മാര്‍ഗ്ഗം സ്വീകരിക്കാന്‍ സുഷമയോട് ആവശ്യപ്പെട്ടിരുന്നു.
'' ഇന്ത്യയില്‍ വച്ച് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താന്‍ എയിംസിലെ ഡോക്ടര്‍മാര്‍ തയ്യാറായിരുന്നില്ല. ഇത് രാജ്യത്തിന്‍റെ അഭിമാനത്തിന്‍റെ കാര്യമാണെന്നാണ് അവള്‍ പറഞ്ഞത്. വിദേശത്ത് പോകണം എന്ന ആവശ്യം നിഷേധിക്കുകയും ചെയ്തു. തന്‍റെ ശസ്ത്രക്രിയയുടെ ദിവസം അവള്‍ തന്നെ നിശ്ചയിച്ചു. ഡോ. മുകുത് മിന്‍സിനോട്, ഡോക്ടര്‍ സാബ് താങ്കള്‍ ഉപകരണങ്ങള്‍ തയ്യാറാക്കി വയ്ക്കൂ ഭഗവാന്‍ കൃഷ്ണന്‍ ശസ്ത്രക്രിയ നടത്തിക്കോളും എന്നാണ് അവള്‍ പറഞ്ഞത് '' - സ്വരാജ് ട്വീറ്റ് ചെയ്തു.
തൊട്ടടുത്ത ദിവസം ഈസി ചെയറിലിരുന്ന് അവള്‍ പുഞ്ചിരിച്ചിരുന്നു. ''നമ്മള്‍ വിദേശത്തേക്ക് പോകുകയായിരുന്നെങ്കില്‍ ജനങ്ങള്‍ക്ക് നമ്മുടെ ആശുപത്രികളോടും ഡോക്ടര്‍മാരോടുമുള്ള വിശ്വാസം നഷ്ടപ്പെടുമെന്നാണ് അവള്‍ പറഞ്ഞത്.'' - മറ്റൊരു ട്വീറ്റില്‍ സ്വരാജ് കുറിച്ചു. ആയിരക്കണക്കിന് പേരാണ് ട്വീറ്റിന് കമന്‍റും ലൈക്കും റീട്വീറ്റും ചെയ്തിരിക്കുന്നത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam