
ദില്ലി: ജമ്മുകശ്മീരിൻ്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിനെതിരെയുള്ള ഹർജികൾ പരിഗണിക്കാൻ അഞ്ചംഗ ബഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻവി രമണ വ്യക്തമാക്കി. വേനലവധിക്കു ശേഷം ഇക്കാര്യം ആലോചിക്കാമെന്നും ചീഫ് ജസ്റ്റിസ് അറിയിച്ചു.
ജമ്മുകശ്മീരിൻറെ പ്രത്യേക പദവി എടുത്തു കളഞ്ഞത് പ്രധാനമന്ത്രി നരേന്ദ്ര മോദി ശക്തമായി ന്യായീകരിച്ചിരുന്നു. സംസ്ഥാനം ഇതുകാരണം വികസനത്തിൻറെ പാതയിലെന്നും ഇന്നലെ നരേന്ദ്ര മോദി പറഞ്ഞു. ഇന്ന് മുതിർന്ന അഭിഭാഷകൻ ശേഖർ നാഫ്ഡെ ആണ് മുന്നൂറ്റി എഴുപതാം അനുച്ഛേദം ഭേദഗതി ചെയ്തതിനെതിരായ ഹർജികൾ ഇതുവരെ പരിഗണന പട്ടികയിൽ ഉൾപ്പടുത്തിയിട്ടില്ലെന്ന് സുപ്രീംകോടതി മുൻപാകെ ചൂണ്ടിക്കാട്ടിയത്. ചീഫ് ജസ്റ്റിസ് എൻവി രമണ അദ്ധ്യക്ഷനായ ബഞ്ചിനു മുമ്പാകെയാണ് ഇക്കാര്യം പറഞ്ഞത്.
മണ്ഡല പുനർനിർണ്ണയം നടക്കുകയാണെന്നും ശേഖർ നാഫ്ഡെ കോടതിയെ അറിയിച്ചു. തുടർന്ന് കേസിൻ്റെ വിശദാംശങ്ങൾ നല്കാൻ ചീഫ് ജസ്റ്റിസ് നിർദ്ദേശിച്ചു. അഞ്ചംഗ ബഞ്ച് കേൾക്കേണ്ട വിഷയമാണിത്. വേനൽ അവധിക്കു ശേഷം ബഞ്ച് രൂപീകരിക്കുന്നത് പരിഗണിക്കാം എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഏഴംഗ ബഞ്ച് കേസ് കേൾക്കണം എന്ന ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു.
ജമ്മുകശ്മീരിലെ രാഷ്ട്രീയ നേതാക്കളുടെ ഉൾപ്പടെ 20 ഹർജികളാണ് കോടതിയിൽ ഉള്ളത്. ചീഫ് ജസ്റ്റിസ് എൻവി രമണ ആഗസ്റ്റിൽ വിരമിക്കും. അടുത്ത ചീഫ് ജസ്റ്റിസ് യുയു ലളിതിനും രണ്ടു മാസത്തെ കാലാവധിയേ ഉള്ളു. അതിനാൽ ഹർജികളിൽ അവസാന തീരുമാനം വരാൻ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചീഫ് ജസ്റ്റിസ് ആകുന്നത് വരെ കാത്തിരിക്കേണ്ടി വന്നേക്കാം. അതിനു മുമ്പ് തെരഞ്ഞെടുപ്പിനുള്ള നടപടിയിലേക്ക് കേന്ദ്രം കടന്നേക്കും.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam