ജാമിയ സംഘർഷം: പൊലീസ് നടപടിക്കെതിരായ ഹർജി ഇന്ന് സുപ്രീംകോടതിയിൽ; ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ആവശ്യം

By Web TeamFirst Published Dec 17, 2019, 6:08 AM IST
Highlights

ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. 

ദില്ലി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരായ ഹർജി സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജുഡീഷ്യൽ അന്വേഷണം അടക്കം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുന്നത്. കലാപം നിർത്തിയാൽ ഇന്ന് വാദം കേൾക്കാമെന്ന് ഇന്നലെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ഹ്യൂമൻ റൈറ്സ് ലോ നെറ്റ്‌വർക്ക്, പൂർവ്വവിദ്യാർത്ഥി കൂട്ടായ്മ തുടങ്ങിയവരാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. 

റിട്ടയേർഡ് സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്നാണ് പ്രധാന ആവശ്യം. പ്രശ്നത്തിൽ കോടതി ഇടപെടണം, പരുക്കേറ്റ വിദ്യാർത്ഥികൾക്ക് വിദഗ്ധ ചികിത്സ ലഭ്യമാക്കണം, ക്രിമിനൽ കേസുകൾ ഒഴിവാക്കണം, നഷ്ടപരിഹാരം നൽകണം, ഇപ്പോഴും തടങ്കലിൽ വച്ചിരിക്കുന്ന വിദ്യാർത്ഥികളുടെ പേരുകൾ പുറത്തുവിടണം, വിദ്യാർത്ഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കരുത് എന്നീ ആവശ്യങ്ങളും ഹർജിയിലുണ്ട്.

അതേസമയം, ജാമിയ മിലിയ സർവകലാശാലയിലെയും അലിഗഢ് മുസ്ലീം സർവകലാശാലയിലെയും പൊലീസ് നടപടിയിൽ പരാതി അറിയിക്കാൻ പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതിയെ കാണും. വൈകിട്ട് നാലരയ്ക്കാണ് കൂടിക്കാഴ്ച. സർവകലാശാലകളിലെ നടപടി അവസാനിപ്പിക്കാൻ രാഷ്ട്രപതി കേന്ദ്രസർക്കാരിന് നിർദ്ദേശം നല്‍കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. 

click me!