'മോദി സർക്കാർ വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും പ്രതീകം': സോണിയ ​ഗാന്ധി

By Web TeamFirst Published Dec 16, 2019, 11:27 PM IST
Highlights

സമര രംഗത്തുള്ള വിദ്യാർത്ഥികളെ തീവ്രവാദികളും നക്‌സലൈറ്റുകളും വിഘടനവാദികളും ആക്കി മുദ്രകുത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് സോണിയ ഗാന്ധി കുറ്റപ്പെടുത്തി.

ദില്ലി: നരേന്ദ്രമോദി സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് അധ്യക്ഷ സോണിയ ​ഗാന്ധി. മോദി സർക്കാർ വിദ്വേഷത്തിന്‍റെയും വിഭജനത്തിന്‍റെയും സ്രഷ്ടാവാണെന്നും സ്വന്തം ജനതയ്ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണെന്നും സോണിയ ​ഗാന്ധി ആരോപിച്ചു. ഈ ധ്രുവീകരണത്തിന്റെ രചയിതാക്കൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ആണെന്നും സോണിയ പറഞ്ഞു.

രാഷ്ട്രീയ താൽപ്പര്യങ്ങൾക്കായി അസ്ഥിരത സൃഷ്ടിക്കാനും വർ​ഗീയ അന്തരീക്ഷം ഉണ്ടാക്കാനുമാണ് ബിജെപി സർക്കാരിന്റെ ശ്രമമെന്നത് വ്യക്തമാണെന്ന് സോണിയാ ഗാന്ധി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. 

"സമാധാനവും ഐക്യവും നിലനിർത്തുക, സല്‍ഭരണത്തിലൂടെ ഭരണഘടനയെ സംരക്ഷിക്കുക എന്നിവയാണ് സർക്കാരിന്റെ ചുമതല. എന്നാൽ, സ്വന്തം ജനതക്കെതിരെ യുദ്ധം പ്രഖ്യാപിക്കുകയാണ് ബിജെപി സർക്കാർ. അക്രമത്തിന്റെയും ഭിന്നിപ്പിന്റെയും സ്രഷ്ടാവായി സർക്കാർ മാറിയിരിക്കുന്നു. രാജ്യത്തെ വിദ്വേഷത്തിന്റെ അഗാധതയിലേക്ക് തള്ളിവിടുകയും യുവാക്കളുടെ ഭാവി അനിശ്ചിതത്വത്തിലാക്കുകയുമാണ് സർക്കാർ" -സോണിയ ​ഗാന്ധി പറഞ്ഞു. യുവാക്കളുടെ അവകാശങ്ങളെ സർക്കാർ തട്ടിയെടുക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.

അസം, ത്രിപുര, മേഘാലയ എന്നീ സംസ്ഥാനങ്ങള്‍ കത്തുകയാണ്. പൊലീസ് വെടിവയ്പ്പിൽ നാല് യുവാക്കളാണ് കൊല്ലപ്പെട്ടത്. അമിത് ഷായ്ക്ക് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിക്കാനുള്ള ധൈര്യമില്ല. സമര രംഗത്തുള്ള വിദ്യാർത്ഥികളെ തീവ്രവാദികളും നക്‌സലൈറ്റുകളും വിഘടനവാദികളും ആക്കി മുദ്രകുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. തങ്ങളുടെ ഭരണം പൂർണ പരാജയമായതിനാലാണ് സര്‍ക്കാര്‍ ഇത് ചെയ്യുന്നതെന്നും സോണിയ ​ഗാന്ധി കുറ്റപ്പെടുത്തി.

click me!