ദില്ലി: 2018 ഡിസംബറിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിന് പിന്നാലെ ബ്ലോക്ക് വികസന കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പും ജമ്മു കശ്മീരിൽ ഉടൻ നടന്നേക്കും. 316 ബ്ലോക്ക് വികസന കൗൺസിലുകളിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള തീയതികൾ രണ്ട് ദിവസത്തിനകം പ്രഖ്യാപിക്കുമെന്ന് ദ ഹിന്ദു ദിനപത്രം റിപ്പോർട്ട് ചെയ്തു. ജമ്മു കശ്മീരിനെ, എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി, കേന്ദ്രഭരണപ്രദേശമായി പ്രഖ്യാപിക്കുന്ന ഒക്ടോബർ 31-ന് മുമ്പ് തെരഞ്ഞെടുപ്പ് പൂർത്തിയാക്കാനാണ് നീക്കം.
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ ജമ്മു കശ്മീരിൽ ജനാധിപത്യ പ്രക്രിയകൾ നടക്കാനിരിക്കുകയാണെന്ന് ഇന്ത്യ വ്യക്തമാക്കിയിരുന്നതാണ്. ജമ്മു കശ്മീരിലെ നിയന്ത്രണങ്ങളിൽ ഘട്ടം ഘട്ടമായി ഇളവ് കൊണ്ടുവരുമെന്നും ഇന്ത്യ അറിയിച്ചിരുന്നു. ആഗോള സമൂഹത്തിന് മുന്നിൽ തെരഞ്ഞെടുപ്പുൾപ്പടെയുള്ള പ്രക്രിയകൾ നടക്കുന്നതായി അറിയിക്കുന്നത് പാകിസ്ഥാനെതിരെ ഇന്ത്യക്ക് സ്വന്തം വാദങ്ങൾക്ക് ബലം പകരുന്നതാകും.
പ്രാദേശികഭരണസംവിധാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഇനിയും ജമ്മു കശ്മീരിൽ പൂർത്തിയായിട്ടില്ല. നിയമസഭ പിരിച്ചുവിട്ട നിലയിലുമാണ്.
വോട്ടർ പട്ടിക അന്തിമമാക്കുന്നതുൾപ്പടെ എല്ലാ പ്രക്രിയകളും പൂർത്തിയായെന്നാണ് വിവരം. നേരത്തേ ഈ തെരഞ്ഞെടുപ്പ് നടക്കേണ്ടതായിരുന്നെങ്കിലും ലോക്സഭാ തെരഞ്ഞെടുപ്പ് കാരണം മാറ്റി വയ്ക്കുകയായിരുന്നു.
തെരഞ്ഞെടുപ്പ് നടക്കുന്നതോടെ, പ്രാദേശികതലത്തിലുള്ള ഭരണസംവിധാനം ഉണരുമെന്നും, സംസ്ഥാനത്ത് ഒരു പുതിയ രാഷ്ട്രീയനേതൃത്വം ഉടലെടുക്കുമെന്നുമാണ് സർക്കാരിന്‍റെ കണക്കുകൂട്ടൽ. അതേസമയം, പിഡിപി, എൻസി ഉൾപ്പടെ ജമ്മു കശ്മീരിലെ എല്ലാ പ്രമുഖ പാർട്ടികളുടെയും നേതാക്കൾ ഇപ്പോഴും വീട്ടുതടങ്കലിലാണ്.
പഞ്ചായത്ത് തെരഞ്ഞെടുപ്പും പിഡിപിയും എൻസിയും ബഹിഷ്കരിച്ചിരുന്നു. നിലവിൽ നേതാക്കൾ വീട്ടുതടങ്കലിലായ അവസ്ഥയിൽ എങ്ങനെയാണ് ഈ പാർട്ടികൾ തെരഞ്ഞെടുപ്പിനെ നേരിടുക എന്നത് ചോദ്യചിഹ്നമാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam