
2014-ൽ ആണ് പ്രധാനമന്ത്രിയായി നരേന്ദ്ര മോദി അധികാരമേൽക്കുന്നത്. മൃഗീയ ഭൂരിപക്ഷത്തോടെ ഭരണത്തിലെത്തിയ എൻഡിഎ സർക്കാറിന് രണ്ടാം പരീക്ഷണത്തിലും തിരിഞ്ഞുനോക്കേണ്ടി വന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയായിരുന്നു സർക്കാറിന്റെയും പാർട്ടിയുടെയും മുഖം. ഏറ്റവും കൂടുതൽ കാലം ഭരണത്തിലിരിക്കുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രി എന്ന ഖ്യാതി കൂടി സ്വന്തമായുണ്ട് അദ്ദേഹത്തിന്. അധികാരത്തിലെത്തിയതു മുതൽ ഇന്നുവരെ മോദി, സ്വന്തം പേരിൽ ചേർത്തുവച്ചത് നിരവധി പദ്ധതികളാണ്. ആ പദ്ധതികളും, അതിന്റെ പേരുകളും പലയാവർത്തി ചർച്ചകളിൽ ഇടം പിടിക്കുന്നവയും ആയി. നീതി ആയോഗും, സ്വച്ഛ് ഭാരതും മേക്ക് ഇൻ ഇന്ത്യയും ബേട്ടി ബച്ചാവോ, ബേട്ടി പഠാവോ തുടങ്ങിയവയെല്ലാം വെളിച്ചം കാണിക്കാൻ സർക്കാറിന് സാധിച്ചു.
ഇത്തരം പദ്ധതികൾക്കൊപ്പം, കാർഷിക രംഗത്ത് മോദി മുന്നോട്ടുവയ്ക്കുന്ന ആശയങ്ങളും ശ്രദ്ധേയമാണ്. 'അഗ്രിടെക്' ആണ് ഏറ്റവും ഒടുവിലായി സർക്കാർ കാർഷിക രംഗത്ത് നടപ്പിലാക്കുന്ന ആശയം. കർഷകന് ചെലവു കുറയ്കക്കാൻ, അതിനൂതനമായ ടെക്നോളജി ഉപയോഗിച്ചുള്ള കൃഷി രീതികൾ നടപ്പിലാക്കാനുമുള്ള പദ്ധതികളാണ് സർക്കാർ ആലോചിക്കുന്നത്. ഇതിന്റെ ഭാഗമായി അടുത്തിടെയാണ് സർക്കാർ ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ എന്ന സംവിധാനം വിഭാവനം ചെയ്തത്. കർഷകരെ സംരഭകർ കൂടിയാക്കുന്ന അവർക്ക് കൂടുതൽ വരുമാനം കണ്ടെത്താൻ സാധിക്കുന്ന പുത്തൻ രീതികളാണ് എഫ്പിഓ-യിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. അഗ്രിടെക് മേഖലയിലെ സാങ്കേതിക കണ്ടുപിടുത്തങ്ങൾ കാര്യക്ഷമതയും മൊത്തത്തിലുള്ള ഉൽപ്പാദനക്ഷമതയും വർധിപ്പിച്ച് നിക്ഷേപ അവസരങ്ങൾ സൃഷ്ടിക്കുമെന്നും സർക്കാർ കണക്കുകൂട്ടുന്നു.
രാജ്യത്തിന്റെ കാർഷിക മേഖലയിൽ സാങ്കേതികവിദ്യയുടെ പ്രയോഗത്തിലൂടെ, സ്മാർട്ട് ഫാമിംഗ് രീതികൾ സ്വീകരിക്കാൻ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഇന്ത്യ ഡിജിറ്റൽ ഇക്കോസിസ്റ്റം ഓഫ് അഗ്രികൾച്ചർ, കർഷകരുടെ ഡാറ്റാബേസ്, യൂണിഫൈഡ് ഫാർമേഴ്‌സ് സർവീസ് ഇന്റർഫേസ് (യുഎഫ്‌എസ്‌ഐ), മണ്ണിന്റെ ആരോഗ്യം, എന്നിവയിൽ സംസ്ഥാനങ്ങൾക്ക് ധനസഹായം നൽകുന്ന ഡിജിറ്റൽ അഗ്രികൾച്ചർ മിഷൻ (DAM) എന്നിവയും സർക്കാർ പ്രയോഗികവൽക്കരിക്കാനൊരുങ്ങുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ 100 കിസാൻ ഡ്രോണുകൾ പ്രധാനമന്ത്രി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കായി സമർപ്പിച്ചിരുന്നു. ഇത് പ്രോത്സാഹിപ്പിക്കാൻ ആയിരം രൂപയുടെ ധനസഹായവും സർക്കാർ നൽകുന്നുണ്ട്.
കിസാൻ സമ്മാൻ നിധി
കിസാൻ സമ്മാൻ നിധി നരേന്ദ്ര മോദി സര്‍ക്കാര്‍ ആരംഭിച്ച പെന്‍ഷന്‍ പദ്ധതികളില്‍ ഒന്നാണ് പിഎം കിസാന്‍ പദ്ധതി. സാമ്പത്തിക സഹായം ആവശ്യമുള്ള കര്‍ഷക കുടുംബങ്ങളെ പിന്തുണയ്ക്കുന്നതിനായി 2018 ഡിസംബറിലാണ് പദ്ധതി പ്രഖ്യാപിച്ചത്. പിഎം കിസാന്‍ സ്‌കീമിന് കീഴില്‍ അര്‍ഹരായ കര്‍ഷക കുടുംബങ്ങള്‍ക്ക് പ്രതിവര്‍ഷം 6,000 രൂപയാണ് നല്‍കുന്നത്. മൂന്ന് തവണകളായാണ് ഈ തുക ലഭിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ഈ വർഷം ജനുവരി ഒന്നിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലുടനീളമുള്ള 10.09 കോടിയിലധികം കർഷകർക്കായി 20,900 കോടി രൂപ അനുവദിച്ചിരുന്നു.
കർഷക സമരവും മോദി സർക്കാറിന്റെ പിന്മാറ്റവും
പ്രധാനമന്ത്രിയായ ശേഷം നിരുപാധികമുള്ള പിന്മാറ്റമായിരുന്നു കാർഷിക ബില്ലുകളുടെ കാര്യത്തിലുണ്ടായത്. എന്നാൽ ബില്ല് കർഷകർക്ക് വേണ്ടിയാണെന്നും അത് അവരെ മനസിലാക്കുന്നതിൽ പരാജയപ്പെട്ടതുകൊണ്ടാണ് പിന്മാറ്റമെന്നുമായിരുന്നു പ്രധാനമന്ത്രി ബില്ല് പിൻവലിക്കുമ്പോഴും പറഞ്ഞ നിലപാട്. ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ്ആൻഡ് ഫാം സർവിസ് ബിൽ 2020, ഫാർമേർസ് പ്രൊഡ്യൂസ് ട്രേഡ് ആൻഡ് കൊമേഴ്സ് പ്രമോഷൻ ആൻഡ് ഫെസിലിറ്റേഷൻ ബിൽ 2020, എസൻഷ്യൽ കമ്മോഡിറ്റീസ് (അമെൻഡ്മെൻറ്) ആക്ട് 2020 തുടങ്ങിയ മൂന്ന് ബില്ലുകളും സർക്കാർ പിന്നീട് പിൻവലിച്ചു.
സംസ്ഥാനങ്ങളുടെ നിയന്ത്രണത്തിലുള്ള എപിഎംസി (അഗ്രികള്‍ച്ചറല്‍ പ്രൊഡ്യൂസെര്‍സ് മാര്‍ക്കറ്റിംഗ് കമ്മറ്റി)കള്‍ വഴിയായിരുന്നു കര്‍ഷകര്‍ അവരുടെ ഉത്പന്നങ്ങള്‍ വിറ്റഴിക്കുന്നത്. ഈ എപിഎംഎസുികളില്‍ ഏജന്‍റുമാരുണ്ടാകും. അവര്‍ക്കാണ് കര്‍ഷകര്‍ തങ്ങളുടെ ഉത്പന്നങ്ങള്‍ വില്‍ക്കുന്നത്. എപിഎംസികള്‍ക്ക് വിവിധ ഭാഗങ്ങളില്‍ വിപണികളുണ്ട്. ഇത്തരം കമ്മറ്റികളാണ് സാധനങ്ങളുടെ വിൽപ്പന നടത്തുന്നത്. കര്‍ഷകര്‍ക്ക് അര്‍ഹമായ വില ഉറപ്പു വരുത്തുകയായിരുന്ന ഇത്തരം കമ്മറ്റികളുടെ ലക്ഷ്യം. ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 നടപ്പാക്കിയാൽ ഇത്തരം എപിഎംസികള്‍ക്ക് അധികാരം നഷ്ടപ്പെടുകയും ഇടനിലക്കാരില്ലാതെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ നേരിട്ട് വിറ്റഴിക്കാന്‍ സാധിക്കുമെന്നും ആയിരുന്നു സർക്കാർ മുന്നോട്ടുവച്ച ആശയം.
എന്നാല്‍ എപിഎംസികള്‍ ഇല്ലാതാകുന്നതോടെ കര്‍ഷകര്‍ക്ക് തങ്ങളുടെ ഉത്പന്നങ്ങള്‍ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്ക് നേരിട്ട് വിൽക്കേണ്ടി വരും. ഇത് കോർപ്പറേറ്റുകൾക്ക് കർഷകരെ ചൂഷണം ചെയ്യാനുള്ള വടി കൊടുക്കലാകുമെന്നും, കര്‍ഷക സംഘടനകള്‍ വാദിച്ചു. ഫാർമേർസ് എംപവർമെന്‍റ് ആൻഡ് എഗ്രിമെന്‍റ് ഓഫ് പ്രൈസ് പ്രൊട്ടക്ഷൻ അഷ്വറൻസ് ആൻഡ് ഫാം സർവിസ് ബിൽ 2020 കച്ചവടത്തിന് കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടാന്‍ അനുമതി നല്‍കുന്ന ബില്ലായിരുന്നു. ഇത്തരത്തിൽ കോര്‍പ്പറേറ്റുകള്‍ കര്‍ഷകരുമായി നേരിട്ട് കരാറില്‍ ഏര്‍പ്പെടുന്ന സാഹചര്യം ചൂഷണത്തിന് കാരണമായേക്കുമെന്ന് സംഘടനകൾ വാദിച്ചു. എഴുതിയുണ്ടാക്കുന്ന കരാര്‍ വ്യവസ്ഥകള്‍ സാധാരണക്കാരായ കര്‍ഷകര്‍ക്ക് എത്രമാത്രം മനസിലാകും എന്നതും ആശങ്കയുണ്ടാക്കും,, കർഷകർക്ക് കൂടുതൽ കടബാധ്യതയുണ്ടാകാന്‍ സാധ്യതയുണ്ട് . അങ്ങനെയുണ്ടായാല്‍ സാധാരണക്കാരായ കര്‍ഷകര്‍ നിയമയുദ്ധം ചെയ്യേണ്ടി വരിക വന്‍കിട കോര്‍പ്പറേറ്റുകളുമായാണ് എന്നിവയായിരുന്നു കർഷകർ ഉന്നയിച്ച ആശങ്കകൾ.
എന്നാൽ നിയമങ്ങൾ പിൻവലിച്ച ശേഷം സുപ്രിംകോടതി നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വിപരീതമായിരുന്നു.33 ദശലക്ഷം കർഷകരെ പ്രതിനിധീകരിക്കുന്ന, 86 ശതമാനം കര്‍ഷക സംഘടനകളും കാർഷിക നിയമങ്ങളെ പിന്തുണച്ചിരുന്നതായാണ് വിദഗ്ദ്ധ സമിതി നൽകിയ റിപ്പോർട്ട്.കേന്ദ്രസര്‍ക്കാര്‍ പിന്‍വലിച്ച നിയമങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും സംസ്ഥാനങ്ങള്‍ കാര്‍ഷിക പരിഷ്‌കരണ നിയമങ്ങള്‍ നടപ്പാക്കണമെന്നും സമിതി നിര്‍ദ്ദേശിച്ചു. മൂന്ന് കർഷക നിയമങ്ങളും നടപ്പാക്കുന്നത് നിർത്തിവെച്ചുകൊണ്ട് 2021 ജനുവരിയിലാണ് സുപ്രീം കോടതി വിദഗ്ദ്ധ സമിതി രൂപീകരിച്ചത്. നിയമങ്ങള്‍ പിന്‍വലിക്കുകയോ തടയുകയോ ചെയ്യുന്നത് അവയെ പിന്തുണയ്ക്കുന്ന ഭൂരിപക്ഷം കർഷകരോടുള്ള അനീതി ആയിരിക്കുമെന്നും സമിതി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു.