
രാജസ്ഥാൻ: ഭിൽവാരയിലെ പെട്രോൾ പമ്പ് ജീവനക്കാരെ ആക്രമിക്കുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ വൈറലായതോടെ സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് സസ്പെൻഷൻ. ഛോട്ടു ലാൽ ശർമ്മയാണ് നടപടി നേരിടുന്നത്. ഇയാൾക്കെതിരെ പെട്രോൾ പമ്പ് ജീവനക്കാർ പൊലീസിൽ പരാതി നൽകിയതോടെ സംഭവം വിവാദമായി. ഛോട്ടു ലാൽ ഭാര്യയാണെന്ന് അവകാശ വാദമുന്നയിച്ച സ്ത്രീ സംഘർഷത്തിനിടെ തങ്ങളോട് മോശമായി പെരുമാറിയെന്നുൾപ്പെടെ പരാതിയിലുണ്ട്. അധികാരം ദുർവിനിയോഗം ചെയ്തെന്ന് കാട്ടിയാണ് സസ്പെൻഷൻ. മുൻപ് പല തവണ സസ്പെൻഷൻ നേടിയ സർക്കാർ ഉദ്യോഗസ്ഥൻ എന്ന നിലയിൽ ചർച്ചാ വിഷയമാകുകയാണ് ഛോട്ടു ലാൽ ശർമ്മ.
എന്നാൽ കാറിൽ കൂടെയുണ്ടായിരുന്ന, ഭാര്യയെന്ന് പരിചയപ്പെടുത്തിയ യുവതിയായ ദീപിക വ്യാസ് എന്ന സ്ത്രീ നിയമപരമായി ഇയാളുടെ ഭാര്യ അല്ലെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇതും ചർച്ചകളിൽ നിറയുകയാണ്. ഉദ്യോഗസ്ഥന്റെ നിയമപരമായ ഭാര്യ പൂനം ശർമ്മയാണ്. ഇവർ നിലവിൽ കുട്ടികളുമായി വേർപിരിഞ്ഞ് താമസിച്ചു വരികയാണ്. ദീപിക വ്യാസിനൊപ്പം കാറിൽ പെട്രോൾ അടിക്കാൻ ഛോട്ടു ലാൽ എത്തിയപ്പോഴാണ് സംഘർഷമുണ്ടായത്. അറ്റൻഡന്റുകളിൽ ഒരാൾ അനുചിതമായ പരാമർശം നടത്തുകയും തന്റെ നേരെ കണ്ണിറുക്കുകയും ചെയ്തതാണ് സംഘർഷത്തിന് കാരണമായതെന്ന് ദീപിക പറയുന്നു. വാക്കേറ്റത്തെ തുടർന്ന് പെട്രോൾ പമ്പ് ഉടമ ഇവരെ അസഭ്യം പറഞ്ഞതായും ഇത് കയ്യാങ്കളിയിലേക്കും നീങ്ങിയതുമെന്നാണ് ദീപികയുടെ വാദം.
എന്നാൽ, നേരത്തെ ക്യൂവിൽ ഉണ്ടായിരുന്ന ഛോട്ടുവിന്റെ കാറിൽ ഇന്ധനം നിറക്കാതെ, അടുത്ത വാഹനത്തിലേക്ക് പോയതാണ് സംഘർഷത്തിന് കാരണമായത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ഇത് കണ്ടപ്പോൾ ഛോട്ടു എതിർത്തു. ഒരു ജീവനക്കാരൻ വിശദീകരണവുമായി ഇടപെട്ടപ്പോൾ, അടിക്കുകയായിരുന്നുവെന്നും റിപ്പോർട്ട്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ നിറഞ്ഞതോടെ ഉദ്യോഗസ്ഥന്റെ പെരുമാറ്റത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയരുകയാണ്. സർവ്വീസിൽ നിന്ന് പിരിച്ചുവിടണമെന്നുൾപ്പെടെ അഭിപ്രായങ്ങളുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam