
ഹൈദരാബാദ്: സർക്കാർ ജീവനക്കാർ മാതാപിതാക്കളെ അവഗണിച്ചാൽ ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ വെട്ടാൻ തെലങ്കാന സർക്കാർ. ഈ തുക മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിയമം കൊണ്ടുവരുമെന്നാണ് തെലങ്കാന മുഖ്യമന്ത്രി എ രേവന്ത് റെഡ്ഡി പ്രഖ്യാപിച്ചത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഗ്രൂപ്പ്-II ജീവനക്കാർക്ക് നിയമന ഉത്തരവുകൾ കൈമാറുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രശ്നങ്ങളുമായി സമീപിക്കുന്നവരോട് അനുകമ്പയോടെ പെരുമാറണമെന്ന് അദ്ദേഹം ഉദ്യോഗാർത്ഥികളോട് അഭ്യർത്ഥിച്ചു.
"ഞങ്ങൾ ഒരു പുതിയ നിയമം കൊണ്ടുവരുന്നുണ്ട്. ഒരു സർക്കാർ ജീവനക്കാരൻ മാതാപിതാക്കളെ അവഗണിക്കുകയാണെങ്കിൽ, ശമ്പളത്തിന്‍റെ 10 മുതൽ 15 ശതമാനം വരെ പിടിച്ചെടുത്ത് അത് മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിലേക്ക് നിക്ഷേപിക്കും. ഈ നിയമം കരട് രൂപത്തിലാക്കേണ്ടത് നിങ്ങളായിരിക്കും. നിങ്ങൾക്ക് മാസം തോറും ശമ്പളം ലഭിക്കുന്നതുപോലെ, നിങ്ങളുടെ മാതാപിതാക്കൾക്കും അതിൽ നിന്ന് പ്രതിമാസ വരുമാനം ലഭിക്കുന്നുണ്ടെന്ന് ഞങ്ങൾ ഉറപ്പാക്കും" റെഡ്ഡി പറഞ്ഞു.
ഈ നിയമത്തിന്‍റെ കരട് തയ്യാറാക്കാൻ ഉദ്യോഗസ്ഥരുടെ ഒരു കമ്മിറ്റി രൂപീകരിക്കാൻ മുഖ്യമന്ത്രി ചീഫ് സെക്രട്ടറി രാമകൃഷ്ണ റാവുവിനോട് ആവശ്യപ്പെട്ടു. 'തെലങ്കാന റൈസിംഗ് 2047' വിഷൻ ഡോക്യുമെന്‍റിനനുസരിച്ച് സംസ്ഥാനത്തെ മുന്നോട്ട് കൊണ്ടുപോകാൻ എല്ലാ പുതിയ ഉദ്യോഗസ്ഥരും പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
തെലങ്കാനയിൽ 10 വർഷത്തെ ഭരണത്തിനിടയിൽ ഗ്രൂപ്പ്-I, ഗ്രൂപ്പ്-II വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കാത്തതിന്‍റെ പേരിൽ മുഖ്യമന്ത്രി മുൻ ബിആർഎസ് സർക്കാരിനെ വിമർശിച്ചു. "മുൻ ബിആർഎസ് ഭരണാധികാരികൾ ത്യാഗത്തിന്‍റെ അടിത്തറയിലാണ് സർക്കാർ രൂപീകരിച്ചത്, പക്ഷേ അവർ തൊഴിലില്ലാത്തവരെ പരിഗണിച്ചില്ല. കഴിഞ്ഞ സർക്കാർ തെലങ്കാന രക്തസാക്ഷികളുടെ അഭിലാഷങ്ങൾ നിറവേറ്റാൻ ശ്രദ്ധിച്ചിരുന്നെങ്കിൽ യുവാക്കൾക്ക് എട്ട് വർഷം മുമ്പേ ജോലി ലഭിക്കുമായിരുന്നു," അദ്ദേഹം പറഞ്ഞു.
കോടതികളിൽ കേസുകൾ ഫയൽ ചെയ്തും സോഷ്യൽ മീഡിയ ഉപയോഗിച്ച് തടസങ്ങൾ സൃഷ്ടിച്ചും അവർ തൊഴിൽ നിയമനങ്ങളെ തടയാൻ ശ്രമിച്ചതായും രേവന്ത് റെഡ്ഡി ആരോപിച്ചു. അധികാരത്തിലെത്തി ആദ്യ വർഷം തന്നെ കോൺഗ്രസ് സർക്കാർ 60,000 തസ്തികകളിലേക്ക് നിയമനം നടത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വികാരങ്ങൾ ഇളക്കിവിട്ട് ബിആർഎസ് നേതാക്കൾ വീണ്ടും അധികാരത്തിൽ വരാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam