
ദില്ലി: ആരോഗ്യം വിദ്യാഭ്യാസമടക്കം പ്രധാന വകുപ്പുകളുടെ ചുമതലക്കാരായ 12 മന്ത്രിമാരെ മാറ്റി വൻ അഴിച്ചുപണിയാണ് രണ്ടാം രണ്ടാം മോദി മന്ത്രിസഭയിലുണ്ടായത്. 15 ക്യാബിനറ്റ് മന്ത്രിമാരടക്കം 43 പേര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത്അധികാരത്തിലേറിയതോടെ രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ അംഗബലം 77 ആയി ഉയർന്നു. ജ്യോതിരാദിത്യ സിന്ധ്യയും സർബാനന്ദ് സോനോവാളുമടക്കം 15 പുതിയ ക്യാബിനറ്റ് മന്ത്രിമാരും രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരുമാണ് ചുമതലയേറ്റത്. ഒരോ മന്ത്രിമാരുടേയും വകുപ്പുകളിലും ധാരണയായി.
പുനസംഘടനക്ക് തൊട്ട് മുമ്പ് രൂപീകരിച്ച സഹകരണമന്ത്രാലയം ആഭ്യന്തരമന്ത്രി അമിത് ഷാക്ക് ലഭിക്കും. മൻസൂഖ് മാണ്ഡവ്യ ആരോഗ്യമന്ത്രിയാകും. ധർമ്മേന്ദ്ര പ്രധാന് വിദ്യാഭ്യാസ വകുപ്പും അശ്വിനി വൈഷ്ണോവിന് ഐടി വകുപ്പും റയിൽവേയും ലഭിക്കും. സർബാനന്ദ സോനോവാളിന് ആയുഷ് വകുപ്പും ഒപ്പം തുറമുഖ ഷിപ്പിങ് - ജലഗതാഗത വകുപ്പുമാണ് ലഭിക്കുക. ഹർദീപ് സിംഗ് പുരി പെട്രോളിയം മന്ത്രിയാകും. കോൺഗ്രസ് വിട്ടെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്ക് വ്യോമയാന മന്ത്രാലയം ലഭിക്കും. മലയാളി കൂടിയായ രാജീവ് ചന്ദ്രശേഖർ നൈപുണ്യവികസനം ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി സഹമന്ത്രിയാകും.
സ്മൃതി ഇറാനി വനിത ശിശുക്ഷേമവും നിർമ്മലാ സീതാരാമൻ ധനകാര്യ വകുപ്പും നിലനിർത്തി. മീനാക്ഷി ലേഖി വിദേശകാര്യ സഹമന്ത്രിയാകും. പുരുഷോത്തം രൂപാലക്ക് ക്ഷീര വികസനം, ഫിഷറീസ് വകുപ്പുകൾ ലഭിക്കും. അനുരാഗ് താക്കൂറിന് വാർത്ത വിതരണ പ്രക്ഷേപണ മന്ത്രാലയം ലഭിക്കും. പശുപതി പരസിന് ഭക്ഷ്യ സംസ്കരണ മന്ത്രാലയവും, ഭൂപേന്ദ്ര യാദവിന് തൊഴിൽ വകുപ്പും പരിസ്ഥിതി മന്ത്രാലയവും ലഭിക്കും. കിരൺ റിജിജുവിന് നിയമവകുപ്പ് ലഭിക്കും.
ഗിരിരാജ് സിംഗിന് ഗ്രാമ വികസന വകുപ്പ് കൈകാര്യം ചെയ്യും. മലയാളി കൂടിയായ വി.മുരളീധരൻ സഹമന്ത്രിയായി തുടരും പാർലമെന്ററികാര്യവും വിദേശകാര്യവുമാണ് അദ്ദേഹത്തിന്റെ വകുപ്പുകൾ. അനുപ്രിയ പട്ടേൽ വ്യവസായ വാണിജ്യ വകുപ്പ് സഹമന്ത്രിയാകും. റാവു ഇന്ദർജിത് സിംഗ്,ഡോ ജിതേന്ദ്ര സിംഗ് എന്നിവർക്കാണ് സ്വതന്ത്ര ചുമതല. കേന്ദ്ര മന്ത്രിസഭ യോഗം നാളെ വൈകീട്ട് അഞ്ചിന് ചേരും.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam