Asianet News MalayalamAsianet News Malayalam

അടിമുടി മാറി മോദി മന്ത്രിസഭ; സിന്ധ്യ, നാരായൺ റാണെ, സോനോവാളും കാബിനറ്റ് പദവിയിൽ; ഞെട്ടിച്ച് അപ്രതീക്ഷിത രാജികൾ

43 പേരുടെ പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും. നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു

New members of Modi cabinet took oath at Rashtrapati Bhavan
Author
Delhi, First Published Jul 7, 2021, 6:08 PM IST

ദില്ലി: രണ്ടാം മോദി സർക്കാരിന്റെ മന്ത്രിസഭയിൽ അടിമുടി മാറ്റം. ജ്യോതിരാദിത്യ സിന്ധ്യയും സർബാനന്ദ് സോനോവാളുമടക്കം 15 പുതിയ ക്യാബിനറ്റ് മന്ത്രിമാരെ ഉൾപ്പെടുത്തി. ദളിത്, സ്ത്രീ പ്രാതിനിധ്യം ഉറപ്പാക്കി പുന:സംഘടന നടത്തി. രാജീവ് ചന്ദ്രശേഖറടക്കം 28 സഹമന്ത്രിമാരും ചുമതലയേറ്റു. ഹർഷവർധനും രവിശങ്കർ പ്രസാദും പ്രകാശ് ജാവദേക്കറുമടക്കം 12 പേർ മന്ത്രിസഭയിൽ നിന്ന് പുറത്തായി. രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ 43 പേർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.

മഹാരാഷ്ട്രയിലെ മുൻ മുഖ്യമന്ത്രിയും മുൻ ശിവസേനാ നേതാവുമായ എ നാരായൺ റാണെയാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. ഇദ്ദേഹത്തിന് കാബിനറ്റ് പദവി ലഭിച്ചു. സർബാനന്ദ സോനോവാളാണ് രണ്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. അസമിലെ മുൻ മുഖ്യമന്ത്രിയാണ് ഇദ്ദേഹം. മധ്യപ്രദേശിൽ നിന്ന് ഏഴാം തവണയും ലോക്സഭയിലേക്ക് എത്തിയ ഡോ വീരേന്ദ്രകുമാറാണ് മൂന്നാമതായി സത്യപ്രതിജ്ഞ ചെയ്തത്. കോൺഗ്രസിൽ നിന്ന് ബിജെപിയിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യയാണ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി നാലാമത് സത്യപ്രതിജ്ഞ ചെയ്തത്. 

ജനതാദൾ യു നേതാവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ ആർ പി സി സിങ് കാബിനറ്റ് പദവിയുള്ള മന്ത്രിയായി അഞ്ചാമത് സത്യപ്രതിജ്ഞ ചെയ്തു. ഒഡിഷയിൽ നിന്നുള്ള രാജ്യസഭാംഗവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനുമായ അശ്വിനി വൈഷ്ണവാണ് കാബിനറ്റ് പദവി ലഭിച്ച ആറാമൻ. എൽജെപി നേതാവും രാം വിലാസ് പാസ്വാന്റെ സഹോദരനുമായ പശുപതി കുമാർ പരസാണ് കാബിനറ്റ് മന്ത്രിയായ ഏഴാമൻ. ഇദ്ദേഹം ബിഹാറിലെ ജനസ്വാധീനമുള്ള നേതാവാണ്. ഇദ്ദേഹത്തെ മന്ത്രിയാക്കുന്നതിനെതിരെ ചിരാഗ് പാസ്വാൻ കോടതിയെ സമീപിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തെ മന്ത്രിയാക്കുന്നതിൽ നിന്ന് കേന്ദ്രസർക്കാർ പിന്നോട്ട് പോയില്ല.

നിലവിൽ കായിക മന്ത്രാലയത്തിന്റെ സ്വതന്ത്ര ചുമതലയുള്ള കിരൺ റിജിജുവിന് കാബിനറ്റ് റാങ്കുള്ള മന്ത്രിയായി സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹമാണ് എട്ടാമത് സത്യപ്രതിജ്ഞ ചെയ്തത്. നിലവിൽ നൈപുണ്യ വികസന സഹമന്ത്രിയായ ബിഹാറിൽ നിന്നുള്ള ലോക്സഭാംഗം രാജ്‌കുമാർ സിങിനും കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റം കിട്ടി. ഇദ്ദേഹവും മുൻ ഐഎഎസ് ഉദ്യോഗസ്ഥനാണ്. 

43 പേരുടെ പട്ടികയിൽ ഉൾപ്പെട്ട 11 പേർക്ക് കാബിനറ്റ് പദവി ലഭിക്കും. നിയുക്ത മന്ത്രിമാർ രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്തു. മന്ത്രിമാർക്ക് നാളെ രാഷ്ട്രപതി ഭവനിൽ ചായ സത്കാരം ഉണ്ടാകും. പട്ടികയിൽ വലിയ പ്രാധാന്യം ഉത്തർപ്രദേശിനും ബിഹാറിനും മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും ലഭിക്കുന്നുണ്ട്.

ഉത്തർപ്രദേശിൽ അടുത്ത വർഷം ആദ്യം തെരഞ്ഞെടുപ്പ് നടക്കും. ഗുജറാത്തിലും അടുത്ത വർഷമാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിൽ സ്വാധീനം ശക്തിപ്പെടുത്തുകയും ബിഹാറിൽ സഖ്യം നിലനിർത്തുകയും ലക്ഷ്യമാണ്. സാമൂഹ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട തർക്കമാണ് മന്ത്രിസഭയിൽ നിന്ന് രവിശങ്കർ പ്രസാദിനും പ്രകാശ് ജാവദേക്കറിനും പുറത്തേക്കുള്ള വഴിയായതെന്നാണ് കരുതുന്നത്.

രണ്ടാം മോദി സർക്കാരിൽ ഇത്രയും വലിയ പുനസംഘടന നടക്കാൻ കാരണം ബംഗാളിലെ തെരഞ്ഞെടുപ്പ് തോൽവിയും കൊവിഡ് നേരിടുന്നതിൽ ഏറ്റ തിരിച്ചടിയുമാണെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ മന്ത്രിസഭയിലെ പ്രകടനവും കഴിവും പുനസംഘടനയ്ക്ക് മാനദണ്ഡമായെന്നും കരുതപ്പെടുന്നുണ്ട്.

പ്രധാനമന്ത്രി ഇന്ന് നിയുക്ത മന്ത്രിമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ പ്രകടനം നിരന്തരം വിലയിരുത്തപ്പെടുമെന്ന് മോദി വ്യക്തമാക്കിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ് വർധനും വിദ്യാഭ്യാസ മന്ത്രി രമേഷ് പൊക്രിയാലിനും പുറത്തേക്കുള്ള വഴി തെളിച്ചത് ഇക്കാരണമാണെന്നാണ് കരുതുന്നത്. അതേസമയം പ്രകാശ് ജാവദേക്കറും രവിശങ്കർ പ്രസാദിനും സംഘടനാ തലത്തിൽ മെച്ചപ്പെട്ട ഉത്തരവാദിത്വങ്ങൾ ലഭിക്കുമെന്നാണ് വിവരം.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

Follow Us:
Download App:
  • android
  • ios