
ചണ്ഡീഗഢ്: ബിജെപി നേതാക്കളെ ആക്രമിച്ചെന്ന് ആരോപിച്ച് നൂറ് കർഷകർക്കെതിരെ രാജ്യദ്രോഹ കേസെടുത്ത് ഹരിയാന പൊലീസ്. ഹരിയാന ഡെപ്യൂട്ടി സ്പീക്കർ റൺബീർ ഗാങ്വയടക്കമുള്ള ബിജെപി നേതാക്കളുടെ കാർ ആക്രമിച്ചെന്നാണ് ആരോപണം. എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ജൂലൈ 11-നാണ് സംഭവം നടക്കുന്നത്. പുതിയ കാർഷിക ബില്ലിനെതിരായ പ്രതിഷേധം തുടരുകയാണ് കർഷകർ. ഇതിനിടെയാണ് ആക്രമണം നടന്നതെന്ന് പൊലീസ് പറയുന്നു. രാജ്യദ്രോഹത്തിന് പുറമേ കൊലപാതക ശ്രമമടക്കമുള്ള വകുപ്പുകളും കർഷകർക്കെതിരെ ചുമത്തിയിട്ടുണ്ട്. നേതാക്കളായ ഹരിചരൺ സിങ്, പ്രഹ്ളാദ് സിങ് എന്നിവരും കേസിൽ പ്രതികളാണ്.
അതേസമയം ഹരിയാന ഭരിക്കുന്ന ബിജെപി-ജനനായക് ജനത പാർട്ടി സഖ്യ സർക്കാറിനെതിരെ കർഷകർ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കർഷകർ വ്യക്തമാക്കുന്നത്. രാജ്യദ്രോഹ കുറ്റം ചുമത്തിയതിൽ പ്രതിഷേധവുമായി സംയുക്ത കിസാൻ മോർച്ച രംഗത്തെത്തുകയും ചെയ്തു. കർഷകർക്കെതിരായ ആരോപണങ്ങൾ കെട്ടിച്ചമച്ചതാണെന്ന് കിസാൻ മോർച്ച ആരോപിക്കുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam