രാജ്യദ്രോഹക്കേസ്: ഐഷ സുല്‍ത്താനയോട് വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

By Web TeamFirst Published Jun 21, 2021, 9:09 PM IST
Highlights

കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്.
 

ലക്ഷദ്വീപ്: രാജ്യദ്രോഹക്കേസില്‍ ഐഷ സുല്‍ത്താനയോട് മറ്റന്നാള്‍ വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാന്‍ പൊലീസ് നോട്ടീസ് നല്‍കി. രാവിലെ 10.30ന് കവരത്തി പൊലീസ് സ്റ്റേഷനില്‍ ഹാജരാകാനാണ് നോട്ടീസ്. കഴിഞ്ഞ ദിവസം ചോദ്യം ചെയ്ത് വിട്ടയച്ച ഐഷയോട് മൂന്ന് ദിവസം ദ്വീപില്‍ തുടരാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 

കഴിഞ്ഞ ദിവസമാണ് രാജ്യദ്രോഹ കേസില്‍ സംവിധായക ഐഷ സുല്‍ത്താനയെ ചോദ്യം ചെയ്ത് വിട്ടയച്ചത്. മൂന്നരമണിക്കൂര്‍ നേരമാണ് കവരത്തിയില്‍ വെച്ച് അന്വേഷണ സംഘം മൊഴിയെടുത്തത്. വൈകിട്ട് നാല് മണിയോടെയാണ് കവരത്തിയിലെ പൊലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ അഭിഭാഷകനൊപ്പംഐഷ സുല്‍ത്താന ഹാജരായത്. ലക്ഷദ്വീപിലെ കൊവിഡ് വ്യാപനത്തിന് കാരണം കേന്ദ്ര സര്‍ക്കാരിന്റെ ബയോവെപ്പണാണെന്ന് ചാനല്‍ ചര്‍ച്ചയില്‍ ഐഷ പറഞ്ഞെന്നാണ് കേസ്.

ചാനല്‍ ചര്‍ച്ചയുടെ വീഡിയോ ദൃശ്യങ്ങളടക്കം കാണിച്ചു കൊണ്ടായിരുന്നു മൊഴിയെടുക്കല്‍. എന്ത് തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലൊരു പരാമര്‍ശം നടത്തിയതെന്ന് പൊലീസ് ആരാഞ്ഞു. എന്നാല്‍ മനപ്പൂര്‍വ്വമായിരുന്നില്ലെന്നും നാക്ക് പിഴയായിരുന്നെന്നും പിറ്റേദിവസം തന്നെ തിരുത്തിയെന്നും ഐഷ സുല്‍ത്താന മൊഴി നല്‍കി. മൊഴി വിശദമായി പഠിച്ചശേഷം തുടര്‍നടപടി എന്ത് വേണമെന്ന് ആലോചിക്കാനാണ് പൊലീസ് തീരുമാനം. ഇതിനായി അടുത്ത മൂന്ന് ദിവസം കൂടി ദ്വീപില്‍ തുടരാന്‍ ഐഷയോട്പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.നിയമോപദേശത്തിന്റെ കൂടി പശ്ചാത്തലത്തിലാകും തുടര്‍ നടപടികള്‍. അറസ്റ്റ് രേഖപ്പെടുത്തിയാലും ജാമ്യത്തില്‍ വിട്ടയക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു.
 

click me!