
ഹൈദരാബാദ്: 68 കാരനായ വയോധികന്റെ മൊബൈൽ ഫോൺ മോഷ്ടിക്കുകയും തുടർന്ന് ബാങ്ക് അക്കൗണ്ടിൽ നിന്ന് 1.95 ലക്ഷം രൂപയിലധികം അനധികൃത ഇടപാടുകൾ നടത്തുകയും ചെയ്ത കേസിൽ 3 പേരെ ഹൈദരാബാദ് സൈബർ ക്രൈം യൂണിറ്റ് അറസ്റ്റ് ചെയ്തു. ഓട്ടോ ഡ്രൈവർ മുഹമ്മദ് മൊയിൻ ഉദ്ദീൻ, കാർ ഡ്രൈവർ മുഹമ്മദ് സയ്യിദ് സൽമാൻ എന്ന സുൽത്താൻ, പച്ചക്കറി കച്ചവടക്കാരൻ മുഹമ്മദ് ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. ഷെയേർഡ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്നതിനിടെ തന്റെ ഫോൺ നഷ്ടപ്പെട്ടുവെന്ന് കാട്ടി ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. സൈബർ ക്രൈം യൂണിറ്റ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
സെപ്റ്റംബർ 17ന് ആണ് സംഭവം. ഉപ്പലിൽ നിന്ന് തർനകയിലേക്ക് ഷെയേർഡ് ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു വയോധികൻ. യാത്ര കഴിഞ്ഞ് ഇറങ്ങിയ ശേഷം മൊബൈൽ ഫോൺ കാണാതാകുകയായിരുന്നു. ഇതിന് ശേഷം സിം ബ്ലോക്ക് ചെയ്ത് പുതിയത് എടുത്തിരുന്നു. എന്നാൽ സെപ്റ്റംബർ 20 ന് ഇയാളുടെ യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ അക്കൗണ്ടിൽ നിന്ന് 1,95,001 രൂപ നഷ്ടപ്പെട്ടു. ഐടി ആക്ടിലെയും ബിഎൻഎസിലെയും (ഭാരതീയ ന്യായ സംഹിത) പ്രസക്തമായ വകുപ്പുകൾ പ്രകാരം ഉടൻ തന്നെ കേസ് രജിസ്റ്റർ ചെയ്തു. അന്വേഷണത്തിൽ 3 പ്രതികളും ചേർന്ന് ആസൂത്രിതമായി നടത്തിയ കുറ്റകൃത്യമാണ് ഇതെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു.
ഓട്ടോ ഡ്രൈവറായ മൊയിൻ ഉദ്ദീൻ വയോധികനെ ഓട്ടോറിക്ഷയിൽ കയറ്റുകയായിരുന്നു. ഇതിന് ശേഷം ഓട്ടോക്കൂലിയായി ചെറിയ തുക ഫോൺപേയിലൂടെ അയക്കാൻ പറഞ്ഞു. പിന്നീട് ട്രാൻസ്ഫർ നടക്കുന്നതിനിടയിൽ സൽമാൻ വയോധികന്റെ ശ്രദ്ധ തിരിച്ചു. ഫോൺ അൺലോക്ക് ചെയ്ത് കിട്ടാൻ വേണ്ടിയാണ് പ്രതികൾ ഇങ്ങനെ ചെയ്തത്. തന്ത്രപൂർവം ഫോൺ മോഷ്ടിച്ച് വയോധികനെ ലക്ഷ്യ സ്ഥാനത്ത് ഇരക്കി വിടുകയും ചെയ്തു. പിന്നീട് വയോധികന്റെ അക്കൗണ്ടിൽ നിന്ന് പണം കൈമാറ്റം നടത്താനായി പെട്രോൾ പമ്പുകളിലും വിവിധ കടകളിലും ക്യുആർ കോഡുകൾ സ്കാൻ ചെയ്യാൻ തുടങ്ങി. മൊബൈലിലെ ഫോൺപേ ആപ്ലിക്കേഷൻ ആണ് ഇതിനായി ഉപയോഗിച്ചത്. ട്രാൻസാക്ഷൻ നടത്തിയ ഇടങ്ങളിൽ നിന്നെല്ലാം പ്രതികൾ തുക പണമായി ശേഖരിക്കുകയായിരുന്നു.
തട്ടിയെടുത്ത 1,95,000 രൂപ 3 പ്രതികളും വീതിച്ചെടുക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് 3 മൊബൈൽ ഫോണുകൾ പൊലീസ് പിടിച്ചെടുത്തു. സംഭവത്തിന് ശേഷം പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്ന് ഹൈദരാബാദിലെ സൈബർ ക്രൈം ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ പറഞ്ഞു. ഷെയേർഡ് ഓട്ടോകളിലും പൊതുഗതാഗത സൗകര്യങ്ങളിലും ഡിജിറ്റൽ പേയ്‌മെന്റ് സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധ വേണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ഷെയേർഡ് ഓട്ടോകളിൽ യാത്ര ചെയ്യുമ്പോൾ സംശയം തോന്നിയാൽ വാഹനത്തിന്റെ നമ്പർ, നിറം, ഡ്രൈവറുടെ വിശദാംശങ്ങൾ എന്നിവ ഉൾപ്പെടെ സൂക്ഷിക്കണമെന്നും പൊലീസ്. സംശയം തോന്നുന്ന വാഹനങ്ങളിൽകഴിവതും യാത്ര ചെയ്യരുതെന്നും നിർദേശം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam