രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തണം; ആവശ്യവുമായി കോണ്‍ഗ്രസ് നേതാക്കള്‍

By Web TeamFirst Published Dec 28, 2019, 6:51 PM IST
Highlights

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. ഇപ്പോള്‍ സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ്. 

ദില്ലി: രാജ്യത്ത് ബിജെപി സര്‍ക്കാറിനെതിരെ വ്യാപക പ്രക്ഷോഭം നടക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ നയിക്കാന്‍ രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഏറ്റെടുക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍. കോണ്‍ഗ്രസിന്‍റെ 135ാം സ്ഥാപക ദിനത്തിലാണ് രാഹുലിന്‍റെ പ്രസിഡന്‍റ് സ്ഥാനത്തേക്കുള്ള തിരിച്ചുവരവ് വീണ്ടും ചര്‍ച്ചയായത്. 

മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ് വിജയ് സിംഗാണ് രാഹുല്‍ ഗാന്ധിയുടെ പ്രസിഡന്‍റ് സ്ഥാനം വീണ്ടും ചര്‍ച്ചയില്‍ കൊണ്ടുവന്നത്. രാഹുല്‍ ഗാന്ധി പാര്‍ട്ടി പ്രസിഡന്‍റ് സ്ഥാനം എല്ലാകാലത്തേക്കും ഉപേക്ഷിച്ചിട്ടില്ല. ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിയെ തുടര്‍ന്ന് താല്‍ക്കാലികമായി മാറി നിന്നിട്ടേയുള്ളൂ. പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ തിരിച്ചെത്തണമെന്നാണ് ഞങ്ങളുടെ ആവശ്യം.-ദിഗ് വിജയ് സിംഗ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 

മുതിര്‍ന്ന നേതാവായ താരിഖ് അന്‍വറും ദിഗ് വിജയ് സിംഗിന് പിന്തുണയുമായെത്തി. പ്രസിഡന്‍റ് സ്ഥാനം ഒഴിയണമെന്നത് അദ്ദേഹത്തിന്‍റെ മാത്രം തീരുമാനമായിരുന്നു. വര്‍ക്കിംഗ് കമ്മിറ്റി അദ്ദേഹത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. അദ്ദേഹം പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹം. പക്ഷേ, തീരുമാനം അദ്ദേഹത്തിന്‍റേതായിരിക്കും-മുന്‍ കേന്ദ്രമന്ത്രിയായ താരിഖ് അന്‍വര്‍ പറഞ്ഞു. 

ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷമാണ് രാഹുല്‍ ഗാന്ധി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞത്. ഇപ്പോള്‍ സോണിയാ ഗാന്ധിയാണ് കോണ്‍ഗ്രസിന്‍റെ ഇടക്കാല പ്രസിഡന്‍റ്. പൗരത്വ നിയമ ഭേദഗതിക്കെതിരെയും ദേശീയ പൗരത്വ പട്ടികക്കെതിരെയും രാജ്യവ്യാപക പ്രതിഷേധമാണ് നടക്കുന്നത്.  അസമില്‍ ശനിയാഴ്ച നടന്ന പ്രക്ഷോഭത്തില്‍ രാഹുല്‍ ഗാന്ധി പങ്കെടുത്തു. 

click me!