
ദില്ലി: ലക്ഷദ്വീപിൽ പുതിയ അഡ്മിനിസ്ട്രേറ്ററെ നിയമിക്കണമെന്നാവശ്യപ്പെട്ട് 93 മുതിർന്ന ഉദ്യോഗസ്ഥരുടെ കത്ത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് മുൻ സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ കത്തു നല്കിയത്. ലക്ഷദ്വീപിലെ നീക്കങ്ങൾ വലിയ അജണ്ടയുടെ ഭാഗമാണോ എന്നാണ് സംശയമെന്നാണ് കത്തിൽ പറയുന്നത്.
അതേസമയം അഡ്മിനിസ്ട്രേറ്ററുടെ ഭരണപരിഷ്ക്കാരങ്ങളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപിൽ നാളെ ജനകീയ നിരാഹാര സമരം നടക്കും. സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിലാണ് 12 മണിക്കൂർ നിരാഹാരം. മുഴുവൻ ജനങ്ങളെയും സമരത്തിൽ പങ്കെടുപ്പിക്കുന്നതിനായി ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തിൽ എല്ലാ ദ്വീപുകളിലും കമ്മിറ്റികൾ രൂപീകരിച്ചു. ദ്വീപിലെ ബിജെപി നേതൃത്വത്തിന്റെ പിന്തുണയും സമരത്തിനുണ്ട്. അനുകൂല തീരുമാനമുണ്ടായില്ലെങ്കിൽ കടുത്ത പ്രതിഷേധങ്ങളിലേക്ക് കടക്കുമെന്ന് സേവ് ലക്ഷദ്വീപ് ഫോറം കൺവീനർ യുസികെ തങ്ങൾ അറിയിച്ചു.
സംഘടിത പ്രതിഷേധം മുന്നിൽ കണ്ട് ലക്ഷദ്വീപിൽ കനത്ത സുരക്ഷയാണ് ഒരുക്കുന്നത്. ദ്വീപിലേക്ക് പുറത്ത് നിന്ന് ആളുകളെത്തുന്നതിന് മത്സ്യബന്ധന ബോട്ടുകളിലടക്കം നിരീക്ഷണം ശക്തമാക്കി. കൊവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആളുകൾ കൂട്ടം കൂടിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാനാണ് നിർദേശം
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam