
ബെംഗളൂരു : ബെംഗളൂരുവിൽ സീരിയൽ നടിയും മോഡലും സ്റ്റേജ് പ്രോഗ്രാമുകളുടെ അവതാരകയുമായ യുവതിയെ നടുറോഡിൽ ആക്രമിച്ച് ഭർത്താവ്. വിവാഹമോചനം ആവശ്യപ്പെട്ടാണ് സുരേഷ് നായിഡു എന്നയാൾ ഭാര്യ ജോഷിതയെയും മാതാപിതാക്കളെയും നടുറോഡിലിട്ട് തല്ലിയത്. സംഭവത്തിൽ സുരേഷിനെതിരെ പൊലീസ് കേസെടുത്തു.
അഖില ഭാരത സേവാ സമിതി പ്രസിഡന്റ് സുരേഷ് നായിഡു യുവതിയെയും പ്രായമായ രണ്ടുപേരെയും നടുറോഡിലിട്ട് മർദിക്കുന്ന ഈ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെയാണ് പൊലീസ് കേസെടുത്തത്. ഇന്നലെ ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ഭാര്യ ജോഷിതയെയും അവരുടെ മാതാപിതാക്കളെയും മർദിച്ചത്.
കഴിഞ്ഞ 10 മാസമായി സുരേഷിൽ നിന്ന് അകന്ന് കഴിയുകയാണ് നടിയും അവതാരകയുമായ ജോഷിത.രണ്ട് വർഷം മുമ്പായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് ആദ്യം സമ്മതം മൂളിയെങ്കിലും സുരേഷിന്റെ സ്വഭാവം അറിഞ്ഞതോടെ വീട്ടുകാർ പിന്മാറിയിരുന്നു. ഈ സമയം ജോഷിതയെ തട്ടിക്കൊണ്ടുപോകുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തി വിവാഹത്തിന് സമ്മതിപ്പിക്കുകയുമായിരുന്നു സുരേഷെന്ന് മാതാപിതാക്കൾ ആരോപിച്ചു.
തർക്കം തീർക്കാമെന്നും ചർച്ചയ്ക്ക് തയ്യാറാകണമെന്നും സുരേഷ് ജോഷിതയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം സംസാരിക്കാനെന്ന വ്യാജേന ഇന്നലെ യുവതി താമസിക്കുന്ന ചന്നസാന്ദ്രയിലെത്തിയാണ് സുരേഷ് ക്രൂരമായ ആക്രമണം നടത്തിയത്. മർദനത്തിൽ ജോഷിതയ്ക്ക് കാര്യമായ പരിക്കുണ്ട്. ചികിത്സ തേടിയ ജോഷിതയും മാതാപിതാക്കളും പൊലീസിൽ പരാതി നൽകുകയായിരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ India News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam